Connect with us

Kerala

സൗദിയില്‍ മൊബൈല്‍ ഷോപ്പുകളില്‍ വ്യാപക പരിശോധന; ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകും

Published

|

Last Updated

മലപ്പുറം: സഊദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത് ആയിരക്കണക്കിന് മലയാളികള്‍ക്ക് തിരിച്ചടിയാകും. വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 75 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കണമെന്നുള്ള ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ വ്യാപകമാക്കിയിരിക്കുന്നത്.
ഉത്തരവിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കും. കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ മാത്രം 400 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായാണ് വിവരം. മലയാളികള്‍ നടത്തുന്ന നൂറുകണക്കിന് മൊബൈല്‍ ഷോപ്പുകളിലായി ആയിരക്കണക്കിന് പേരാണ് തൊഴിലെടുക്കുന്നത്.
നിര്‍മാണ മേഖലയിലോ എണ്ണ ഉത്പാദക മേഖലയിലോ തൊഴില്‍ രഹിതരായ സഊദി പൗരന്മാര്‍ക്ക് താത്പര്യമില്ല. അതിനാലാണ് ആദ്യഘട്ടമായി മൊബൈല്‍ മേഖലയില്‍ സ്വദേശിവത്കരണത്തിന് തുടക്കം കുറിക്കുന്നത്. മൊബൈല്‍ ഷോപ്പുകളിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി 44,000 പേര്‍ക്കുള്ള പരിശീലനവും ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മൊബൈല്‍ റിപ്പയറിംഗിന് അപേക്ഷ സമര്‍പ്പിച്ച 44,000 പേര്‍ക്കാണ് സഊദി സര്‍ക്കാര്‍ ബഹുരാഷ്ട്ര കമ്പനിയുടെ സഹായത്തോടെ പരിശീലനം നല്‍കുന്നത്. ഇത്തരത്തില്‍ പരിശീലനം നേടിയ 20,000 പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്‍കാനാണ് സഊദി തൊഴില്‍ വകുപ്പ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.
പുതിയ നിയമം അനുസരിച്ച് വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 50ല്‍ കുറയാത്ത ജീവനക്കാരുണ്ടായിരിക്കണം. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനുമായി സഊദി അറേബ്യ ഒപ്പിട്ട കരാര്‍ പ്രകാരം വിദേശ കമ്പനികളിലെ വിദേശ ജീവനക്കാര്‍ 25 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന നിയമവും നിര്‍ബന്ധമാക്കും. അതുപ്രകാരം എല്ലാ വിദേശ കമ്പനികളിലും 75 ശതമാനം സ്വദേശിവത്കരണം ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. നിയമം പൂര്‍ണമായും നടപ്പാക്കാന്‍ ഏകദേശം രണ്ട് വര്‍ഷത്തെ കാലാവധി നല്‍കിയിട്ടുണ്ട്. 2017 ഡിസംബര്‍ അവസാനത്തോടെ എല്ലാ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം നിര്‍ബന്ധമാകും.
ഇതു കൂടാതെ വിദേശ ജീവനക്കാരുടെ ലെവി പ്രതിമാസം ആയിരം റിയാലാക്കി ഉയര്‍ത്തണമെന്നും സഊദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ വിദേശി ജീവനക്കാരനില്‍ നിന്നും നിലവില്‍ പ്രതിമാസം 200 റിയാല്‍ വീതം വര്‍ഷം 2,400 റിയാലാണ് ലെവി ഈടാക്കുന്നത്. ഇതാണ് മാസം 1000 റിയാല്‍ വീതം വര്‍ഷത്തില്‍ 12000 റിയാലാക്കി കുത്തനെ ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് മലയാളികളായ നിക്ഷേപകരെ വന്‍ പ്രതിസന്ധിയിലാക്കും.
മൊബൈല്‍ ഫോണ്‍ വ്യാപാര രംഗം പൂര്‍ണമായും സ്വദേശിവത്കരിക്കുന്നതിന് അനുവദിച്ച സമയപരിധി ജൂണ്‍ ആദ്യവാരം വരെയാണ്. ഇതിനുമുമ്പ് 50 ശതമാനം സ്വദേശിവത്കരണം നടത്തണമെന്നാണ് നിര്‍ദേശം. അതുവരെ പരിശോധന തുടര്‍ന്നേക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് ഉറപ്പായതോടെ പല മൊബൈല്‍ഫോണ്‍ കടക്കാരും വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുകയാണ്.
മുന്‍ വര്‍ഷവും സഊദി സര്‍ക്കാര്‍ സ്വദേശിവത്കരണ നയങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് മലയാളികളാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഇവരെ പുനരധിവസിപ്പിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാറിന് ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയുള്ള സഊദി സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍.

Latest