Connect with us

Kerala

ഗൗരിയമ്മ കണ്ണുരുട്ടി; അണികള്‍ വഴങ്ങി

Published

|

Last Updated

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെ എസ് എസ് തീരുമാനം. മണ്ഡലങ്ങളും സ്ഥാനാര്‍ഥികളെയും തീരുമാനിക്കാന്‍ ഗൗരിയമ്മയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ഇന്നലെ ഗൗരിയമ്മയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെന്ററാണ് തീരുമാനം കൈക്കൊണ്ടത്. തന്നെ എ കെ ജി സെന്ററിലേക്കു വിളിപ്പിച്ചത് ജെ എസ് എസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് പറയാനായിരുന്നെന്ന് ഗൗരിയമ്മ പറഞ്ഞു. അതേസമയം, ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും രംത്ത് വന്നെങ്കിലും ഗൗരിയമ്മ വഴങ്ങിയില്ല. മത്സരിക്കാനില്ലാത്തവര്‍ക്ക് പോകാമെന്നും തയ്യാറുള്ളവര്‍ മാത്രം നിന്നാല്‍ മതിയെന്നും ഗൗരിയമ്മ ക്ഷുഭിതയായി യോഗത്തില്‍ സംസാരിക്കുകയും ചെയ്തതായാണ് അറിവ്. ഒറ്റക്ക് മത്സരിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു യോഗത്തില്‍ പങ്കെടുത്തവരുടെ ഭൂരിപക്ഷാഭിപ്രായം. സി പി എമ്മുമായി നടത്തിയ ചര്‍ച്ചയില്‍ അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു ജെ എസ് എസ് ആവശ്യപ്പെട്ടിരുന്നത്. ഗൗരിയമ്മ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ഒപ്പം നില്‍ക്കുന്നവരില്‍ ജനപിന്തുണയുള്ളവര്‍ ആരുമില്ലെന്നതും സീറ്റ് നിഷേധിക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇടതുമുന്നണി സീറ്റ് നിഷേധിച്ചതോടെ ബി ജെ പി നേതൃത്വം ഗൗരിയമ്മയെ എന്‍ഡി എ സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഇതിന് അവര്‍ നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ ബിജെ പിയുടെ വര്‍ഗീയതയോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ ഗൗരിയമ്മ സഖ്യനീക്കത്തോട് നിസ്സഹരിക്കുകയായിരുന്നു. പിന്നീട് ഗൗരിയമ്മയുമായും അവരുടെ അടുത്ത സഹപ്രവര്‍ത്തകരുമായും സി പി എം ചര്‍ച്ചകള്‍ നടത്തുകയും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനിടെ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ തോമസ് ഐസക്കിനെ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനൊന്നും വഴങ്ങാതെ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കെ ആര്‍ ഗൗരിയമ്മ, യു ഡി എഫില്‍ നിന്നും കടുത്ത അവഗണന നേരിടുന്നുവെന്ന കാരണം പറഞ്ഞാണ് മുന്നണി വിട്ട് എല്‍ ഡി എഫിന്റെ ഭാഗമായത്. എന്നാല്‍ ഘടകകക്ഷിയാക്കാനോ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനോ തയ്യാറാകാത്ത സി പി എം നടപടിയില്‍ പ്രതിഷേധിച്ചാണ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Latest