മൂന്നാം തവണയും മല്യ ഹാജരായില്ല: ഇ ഡി മുമ്പാകെ ഹാജരാകാന്‍ സമയം തേടി

Posted on: April 10, 2016 2:55 am | Last updated: April 10, 2016 at 5:46 pm
SHARE

VIJAY MALYAന്യൂഡല്‍ഹി: ബേങ്ക് വായ്പയെടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസില്‍ ഇന്നലെയും ഹാജരായില്ല. നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും മെയ് വരെ സമയം വേണമെന്നും അറിയിച്ച് മല്യ ഡയറക്ടറേറ്റിന് കത്ത് നല്‍കി. ഇത് മൂന്നാം തവണയാണ് നേരിട്ട് ഹാജരാകണമെന്ന ഡയറക്ടറേറ്റിന്റെ നിര്‍ദേശം മല്യ നിരാകരിക്കുന്നത്.
അവസാനത്തെ സമന്‍സിനു മറുപടി നല്‍കാതിരുന്നതോടെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുമുള്ള നടപടികള്‍ക്കായി ഡയറക്ടറേറ്റ് കോടതിയെ സമീപിക്കും. കഴിഞ്ഞ രണ്ട് തവണയും ഹാജരാകാതിരുന്ന മല്യക്ക് നല്‍കുന്ന അവസാന അവസരമായിരിക്കും ഇതെന്നും ഇനി ഒരു അവസരം നല്‍കില്ലെന്നും ഇ ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ബേങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് മല്യ അറിയിച്ചത്.
വായ്പാ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇ ഡിക്കു മുമ്പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സമന്‍സുകള്‍ അയച്ചെങ്കിലും ഇവയൊന്നും തന്നെ കൈപ്പറ്റുന്നതിനോ മറുപടി നല്‍കുന്നതിനോ മല്യ തയ്യാറായിട്ടില്ല. വായ്പയെടുത്ത ബേങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകാന്‍ സമയം അനുവദിക്കണമെന്നാണ് മല്യയുടെ ആവശ്യം. ഇപ്പോള്‍ ഹാജരാകില്ലെന്നും അടുത്ത മാസം ഹാജരാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം 18നും ഈ മാസം രണ്ടിനും ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നുവെങ്കിലും മല്യ സമയം നീട്ടി ചോദിച്ചിരുന്നു.
വായ്പയെടുത്ത തുകയില്‍ നാലായിരം കോടി രൂപ സെപ്തംബര്‍ മാസത്തോടെ തിരിച്ചടക്കാമെന്ന വിജയ് മല്യയുടെ ഉപാധി എസ് ബി ഐയുടെ നേതൃത്വത്തിലുള്ള ബേങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിയിരുന്നു. ആറായിരം കോടിയും അതിന്റെ പലിശയുമടക്കം 9,091 കോടി രൂപ തന്നെ മല്യ തിരിച്ചടക്കണമെന്നാണ് ബേങ്കുകളുടെ കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ അറിയിച്ചത്.
എന്നാല്‍, ഇന്ത്യ വിട്ടുപോയതിന് ശേഷം വായ്പാ കുടിശ്ശികയുടെ തിരിച്ചടവ് സംബന്ധിച്ച് ബേങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തിയതായി മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വായ്പാ കുടിശ്ശികയുടെ തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മല്യയുടെ നിര്‍ദേശങ്ങളെ സംബന്ധിച്ച് ബേങ്കുകളുടെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഇത് നിരാകരിച്ച ബേങ്കുകള്‍ പലിശ ഉള്‍പ്പെടെ 9,091 കോടി രൂപ തന്നെ തിരിച്ചടക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതിനിടെ ഏപ്രില്‍ 13നകം കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. പൊതുമേഖലാ ബേങ്കായ എസ് ബി ഐ ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിനേഴ് ബേങ്കുകളില്‍ നിന്ന് കോടികള്‍ കടം എടുത്തശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയുടെ സ്വത്ത് വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here