സൂക്കി അധികാരിയാകുമ്പോള്‍

2013 ല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത് വന്നപ്പോള്‍ സൂക്കിയുടെ മറ്റൊരു മുഖം കൂടി അനാവരണം ചെയ്യപ്പെട്ടു. പലതും ചോദിച്ച കൂട്ടത്തില്‍ മ്യാന്‍മറിന്റെ ഭാവി ഭരണാധികാരിയോട് മിശാല്‍ ഹുസൈന്‍ റോഹിംഗ്യാ മുസ്‌ലികളെക്കുറിച്ചും ചോദിച്ചു. ഞെട്ടിക്കുന്നതായിരുന്നു സൂക്കിയുടെ മറുപടി. 'മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നിടത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. അത്തരം ഇടങ്ങളില്‍ സ്വാഭാവികമായും ചില സംഘര്‍ഷങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇരു കൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകും. ആക്രമണങ്ങള്‍ ഏകപക്ഷീയമല്ല'- സൂക്കി പറഞ്ഞു. കൊല്ലപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും മുസ്‌ലിംകളാണല്ലോ എന്ന് മിശാല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുസ്‌ലിംകള്‍ പ്രകോപനമുണ്ടാക്കുന്നതാണ് പ്രശ്‌നമെന്നായിരുന്നു മറുപടി. ബുദ്ധമതക്കാരും വലിയ തോതില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും അവര്‍ തുറന്നടിച്ചു. വംശശുദ്ധീകരണം നടക്കുന്നില്ലെന്നും സൂക്കി വാദിച്ചു. അഭിമുഖത്തിന്റെ ഈ ഭാഗം മുഴുവനായി എടുത്താല്‍ ഇരകളെ ക്രൂരമായി കുറ്റപ്പെടുത്തുകയും വേട്ടക്കാരെ പച്ചക്ക് ന്യായീകരിക്കുകയും ചെയ്യുന്ന സൂക്കിയെയാണ് കാണുക. അഭിമുഖം കഴിഞ്ഞ് സൂക്കി തന്റെ സഹായിയോട് പിറുപിറുത്തു: 'എന്നെ അഭിമുഖം ചെയ്യാന്‍ പോകുന്നത് ഒരു മുസ്‌ലിമാണെന്ന് അറിഞ്ഞില്ല'. ജനാധിപത്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും കാവലാളായ സൂക്കി രോഷാകുലയായി പിറുപിറുത്ത ഈ വാക്കുകളുടെ അര്‍ഥമെന്താണ്?
ലോകവിശേഷം
Posted on: April 10, 2016 5:12 am | Last updated: April 9, 2016 at 11:18 pm
SHARE

ang san sukiഅധികാര കൈമാറ്റം അപകടം പിടിച്ച ഒരു ഘട്ടമാണ്. പട്ടാളത്തില്‍ നിന്ന് സിവിലിയന്‍ സംവിധാനത്തിലേക്കാണെങ്കില്‍ പ്രത്യേകിച്ച്. ഈ ഘട്ടത്തില്‍ തീക്ഷ്ണമായ പ്രതിസന്ധികളിലൂടെ കടന്നു പോയതിന് തായ്‌ലാന്‍ഡ്, ഈജിപ്ത് തുടങ്ങിയ നിരവധി സമീപകാല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. അത്‌പോലെ തന്നെ നിര്‍ണായകമായ പരിവര്‍ത്തനമാണ് ജനാധിപത്യ നേതാവ് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അധികാരത്തിന്റെ നെറുകയില്‍ അവരോധിക്കപ്പെടുന്നതും. അധിനിവേശകാലം പിന്നിട്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ശേഷം ഒരിക്കലും ജനാധിപത്യ ഭരണം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത മ്യാന്‍മറില്‍ അമ്പത് വര്‍ഷത്തിന് ശേഷം ഒരു സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ പലത് നടന്നെങ്കിലും എല്ലാം വെറും പ്രകടനമായിരുന്നു. പുറം ലോകത്തിന് മുന്നില്‍ നല്ല പിള്ള ചമയാനുള്ള സൗന്ദര്യവത്കരണം മാത്രം. പട്ടാള ഭരണകൂടം തന്നെയാണ് ഇക്കാലമത്രയും മ്യാന്‍മറിന്റെ അധികാരം കൈയാളിയത്. പേരിനൊരു പ്രസിഡന്റ് ഉണ്ടാകും. തീരുമാനം മുഴുവന്‍ പട്ടാളം കൈകൊള്ളും. പ്രസിഡന്റ് അതില്‍ ഒപ്പു വെച്ച് കൊടുക്കും.
പട്ടാളത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ജയില്‍. ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് മര്‍ദനം, തടങ്കല്‍, മരണം. ഏഷ്യയിലെ ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്‍മറിന്റെ അമ്പത് വര്‍ഷത്തെ ബാക്കി പത്രം. സ്വാച്ഛാധിപത്യ ഭരണകൂടങ്ങള്‍ എങ്ങനെയാണ് വര്‍ഗീയ ഫാസിസവുമായി കൈകോര്‍ക്കുന്നതെന്നതിന് ലോകത്തെ ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല മാതൃകയായിത്തീര്‍ന്നു മ്യാന്‍മര്‍. ബുദ്ധമതം സമ്പൂര്‍ണമായി തീവ്രവാദികളുടെ കൈയില്‍ അകപ്പെട്ടു പോകുകയും ആ തീവ്രവാദികള്‍ക്ക് ഭരണകൂടത്തിന്റെ സര്‍വാത്മനായുള്ള പിന്തുണ കൈവരികയും ചെയ്തതോടെ എല്ലാ ന്യൂനപക്ഷ ഗ്രൂപ്പുകളും മനുഷ്യത്വരഹതിമായ അന്യവത്കരണത്തിന് വിധേയമായി. റാഖിനെ പ്രവിശ്യയിലെ റോഹിംഗ്യാ മുസ്‌ലിംകളാണ് ഇങ്ങനെ ആട്ടിയോടിക്കപ്പെട്ടത്. ചരിത്രപരമായി ഈ മേഖലയില്‍ താമസിച്ചു വരുന്ന മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ അഷിന്‍ വിരാതുവിനെപ്പോലുള്ള ബുദ്ധ ഭിക്ഷുക്കള്‍ ആഹ്വാനം ചെയ്ത് കൊണ്ടിരുന്നു. നിസ്സാര കാര്യങ്ങളുടെ പേരില്‍ മുസ്‌ലിംകള്‍ ആക്രമിക്കപ്പെട്ടു. നില്‍ക്കക്കള്ളിയില്ലാതെ ഇന്നും ആയിരങ്ങള്‍ പലായനം ചെയ്യുന്നു. സ്വന്തം മണ്ണില്‍ പിടിച്ചു നില്‍ക്കാന്‍ തീരുമാനിച്ചവര്‍ക്ക് മതം ഉപേക്ഷിക്കേണ്ടി വരുന്നു.
സമൃദ്ധമായ ധാതുസമ്പത്തുള്ള മ്യാന്‍മറിനെ പാശ്ചാത്യ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തുവെന്നതായിരുന്നു പട്ടാളത്തിന്റെ സാമ്പത്തിക നയം. ചൈനയുമായും അവര്‍ അടുത്ത ബന്ധം സൂക്ഷിച്ചു. രാഷ്ട്രീയവും സുരക്ഷാപരവുമായ ചില ശാഠ്യങ്ങള്‍ മുറുകെപ്പിടിച്ചുവെന്നല്ലാതെ രാജ്യത്തിന്റെ പരമാധികാരത്തെ കുറിച്ച് അവര്‍ക്ക് വലിയ വേവതാലികളൊന്നുമുണ്ടായിരുന്നില്ല. പട്ടാളത്തിന്റെ കൈയില്‍ നിന്ന് അധികാരത്തിന്റെ നല്ല പങ്ക് സിവിലിയന്‍ നേതാക്കളുടെയും പാര്‍ലിമെന്റിന്റെയും തലയിലേക്ക് വരുമ്പോള്‍ എന്ത് പരിവര്‍ത്തനമാണ് മ്യാന്‍മര്‍ ജനതയുടെ ജീവിതത്തില്‍ ഉണ്ടാകുക? അധികാര നഷ്ടം സംഭവിച്ച പട്ടാള മേധാവികള്‍ എത്രമാത്രം സിവിലിയന്‍ സംവിധാനത്തോട് വഴിപ്പെടും? അതോ അണിയറയില്‍ നിയന്ത്രണത്തിന്റെ പുതിയ കുരുക്കുകള്‍ അവര്‍ രൂപപ്പെടുത്തുമോ? അപകടം പിടിച്ച ഈ കൈമാറ്റ ഘട്ടത്തില്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കാന്‍ സിവിലിയന്‍ ഭരണകൂടത്തിന് സാധിക്കുമോ? ഈ ചോദ്യങ്ങളാണ് യാംഗൂണില്‍ നിന്ന് ഉയരുന്നത്.
മറ്റൊരു വശം സ്വാതന്ത്ര്യ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ ആംഗ് സാന്‍ സൂക്കി അധികാരത്തിന്റെ ഉത്തുംഗത്തില്‍ എത്തുന്നുവെന്നതാണ്. ബ്രിട്ടീഷ് മ്യാന്‍മറിന്റെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന പിതാവിന്റെ രക്തസാക്ഷിത്വമാണ് അവരെ പൊതു രംഗത്തേക്ക് ആനയിച്ചത്. ഏറെക്കാലം വിദേശത്തായിരുന്നു. പിന്നെ ഏറെക്കാലം വീട്ട് തടങ്കലിലും. അന്നൊക്കെ അവര്‍ തന്റെ രാജ്യത്തിന്റെ സ്വയം നിര്‍ണയാവകാശം പട്ടാള ബാരക്കുകളില്‍ തടങ്കലിലായിപ്പോടയതിനെ കുറിച്ച് വേവലാതിപ്പെട്ടു. ഈ അനീതിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു. പാശ്ചാത്യ വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിജ്ഞാനവും അവരെ ആഗോള മാധ്യമങ്ങള്‍ക്ക് പ്രിയങ്കരിയാക്കി. മ്യാന്‍മര്‍ എന്ന കൊച്ചു രാജ്യവും കടന്ന് ലോകത്തോളം അവര്‍ വളര്‍ന്നു. ഒടുവില്‍ അവര്‍ക്ക് സമാധാന നൊബേല്‍ ലഭിച്ചു. സ്വപ്‌നങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. അന്ന് പ്രയോഗത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യം അവര്‍ക്കില്ലായിരുന്നു. കാരണം അധികാരം കൈവരികയെന്നത് വിദൂര സാധ്യത മാത്രമായിരുന്നു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അവര്‍ക്ക് കാഴ്ചപ്പാടുകള്‍ എമ്പാടുമുണ്ട്. എന്നാല്‍ അവ നടപ്പിലാക്കാനുള്ള ഉള്‍ക്കാഴ്ച അഥവാ പ്രായോഗികമതിത്വം അവര്‍ക്കുണ്ടോ എന്ന് ഇനിയാണ് തെളിയിക്കേണ്ടത്. സൂക്കി സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള പരിവര്‍ത്തനത്തിലാണ് ഇപ്പോള്‍. അധികാരത്തിന് പുറത്ത് നില്‍ക്കുമ്പോള്‍ എന്തും പറയാം. പറയാതിരിക്കാം. തീരുമാനങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. മറ്റുള്ളവരെ വിമര്‍ശിച്ചു കൊണ്ടിരിക്കാം. പരിഹാരം മുന്നോട്ട് വെക്കണമെന്നില്ല. അധികാരം കരഗതമായാല്‍ അങ്ങനെയല്ല. അവിടെ നയം രൂപപ്പെടുത്തിയേ തീരൂ. തീര്‍പ്പുകള്‍ പ്രഖ്യാപിക്കാതെ മുന്നോട്ട് പോകാനാകില്ല. സൂക്കിയെ സംബന്ധിച്ച് അധികാര ലബ്ധി വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍ക്കുന്നുണ്ട്. കാരണം അവര്‍ വെറും ഭരണാധികാരിയല്ല. സ്വാതന്ത്ര്യ സ്വപ്‌നങ്ങളുടെ പ്രതീകമാണ്. മ്യാന്‍മറിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ പ്രതീകം. അത്തരമൊരാള്‍ കൈകൊള്ളുന്ന നിലപാടുകള്‍ അതീവ പ്രധാനമാണ്. പ്രതീക്ഷയുടെ വലിയ ഭാരം ജനങ്ങള്‍ അവരുടെ ചുമലില്‍ കെട്ടിവെച്ചിട്ടുണ്ട്.
അവരുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്ക് 1990ല്‍ തന്നെ ജനങ്ങള്‍ വന്‍ വിജയം സമ്മാനിച്ചതാണ്. പാര്‍ട്ടി നേടിയ വന്‍ ഭൂരിപക്ഷം മ്യാന്‍മര്‍ ജനതയുടെ പ്രതീക്ഷകളെയാണ് അടയാളപ്പെടുത്തിയത്. രണ്ടര പതിറ്റാണ്ട് മുമ്പ് വിതച്ച പ്രത്യാശയാണ് ഇപ്പോള്‍ വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്നത്. അഞ്ച് മാസം മുമ്പ് രാഷ്ട്ര ചരിത്രത്തിലെ ഏറ്റവും നീതിയുക്തമായി നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ എല്‍ ഡി ഒരിക്കല്‍ കൂടി വെന്നിക്കൊടി പാറിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ രണ്ട് മാസം മുമ്പ് പാര്‍ലിമെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. സൂക്കിയുടെ വിശ്വസ്തനും സഹപാഠിയുമായ ഹിതിന്‍ യോയെ കഴിഞ്ഞ മാസം പ്രസിഡന്റായി വാഴിച്ചു. മക്കള്‍ക്ക് വിദേശപൗരത്വമുള്ളതിനാല്‍ സൂക്കിക്ക് പ്രസിഡന്റ്പദത്തിലെത്താന്‍ ഭരണഘടനാപരമായ അയോഗ്യതയുണ്ട്. അത്‌കൊണ്ട് മാത്രമാണ് യോ പ്രസിഡന്റായിരിക്കുന്നത്. ഫലത്തില്‍ സൂക്കി തന്നെയാണ് പ്രസിഡന്റ്. വിദേശകാര്യം, വിദ്യാഭ്യാസം, സാമ്പത്തികം എന്നിവയുടെ ചുമതലയുള്ള മന്ത്രിയായാണ് സൂക്കി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പാര്‍ലിമെന്റിന്റെ ഉപരി സഭ അവര്‍ക്ക് പ്രധാനമന്ത്രിക്ക് തുല്യമായ പദവി സമ്മാനിച്ചു. സര്‍ക്കാറിന്റെ ഏത് കാര്യത്തിലും ഉപദേഷ്ടാവായി മാറി ഇതോടെ സൂക്കി. അവരുടെ നേതൃത്വം ഊട്ടിയുറപ്പിച്ചുവെന്നര്‍ഥം.
ഇനി സൂക്കി പ്രവര്‍ത്തിക്കുന്നത് കാണാനിരിക്കുകയാണ് ലോകം. കുറേയൊക്കെ കണ്ട് കഴിഞ്ഞിട്ടുണ്ട്. തന്റെ പ്രസിഡന്റ് പദം ഉറപ്പിക്കാന്‍ ഭരണഘടനാ ഭേദഗതിക്കായി കിണഞ്ഞ് പരിശ്രമിക്കുന്ന സൂക്കിയെ കണ്ടു. അതിനായി അവര്‍ പട്ടാള മേധാവികളുമായി പലവട്ടം ചര്‍ച്ച നടത്തി. അന്താരാഷ്ട്ര സമ്മര്‍ദത്തിനും ചില ശ്രമങ്ങള്‍ നടത്തി. 2013 ല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത് വന്നപ്പോള്‍ സൂക്കിയുടെ മറ്റൊരു മുഖം കൂടി അനാവരണം ചെയ്യപ്പെട്ടു. ബി ബി സിയുടെ ലേഖിക മിശാല്‍ ഹുസൈന്‍ ആയിരുന്നു അഭിമുഖം നടത്തിയത്. പലതും ചോദിച്ച കൂട്ടത്തില്‍ മ്യാന്‍മറിന്റെ ഭാവി ഭരണാധികാരിയോട് മിശാല്‍ ഹുസൈന്‍ റോഹിംഗ്യാ മുസ്‌ലികളെക്കുറിച്ചും ചോദിച്ചു. ഞെട്ടിക്കുന്നതായിരുന്നു സൂക്കിയുടെ മറുപടി. ‘മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നിടത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ട്. അത്തരം ഇടങ്ങളില്‍ സ്വാഭാവികമായും ചില സംഘര്‍ഷങ്ങള്‍ ഉണ്ടാകും. അപ്പോള്‍ ഇരു കൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകും. ആക്രമണങ്ങള്‍ ഏകപക്ഷീയമല്ല’- സൂക്കി പറഞ്ഞു. കൊല്ലപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും മുസ്‌ലിംകളാണല്ലോ എന്ന് മിശാല്‍ ചോദിച്ചപ്പോള്‍ മുസ്‌ലിംകള്‍ പ്രകോപനമുണ്ടാക്കുന്നതാണ് പ്രശ്‌നമെന്നായിരുന്നു മറുപടി. ബുദ്ധമതക്കാരും വലിയ തോതില്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും അവര്‍ തുറന്നടിച്ചു. വംശശുദ്ധീകരണം നടക്കുന്നില്ലെന്നും സൂക്കി വാദിച്ചു. അഭിമുഖത്തിന്റെ ഈ ഭാഗം മുഴുവനായി എടുത്താല്‍ ഇരകളെ ക്രൂരമായി കുറ്റപ്പെടുത്തുകയും വേട്ടക്കാരെ പച്ചക്ക് ന്യായീകരിക്കുകയും ചെയ്യുന്ന സൂക്കിയെയാണ് കാണുക. അവിടെയും നിന്നില്ല. അഭിമുഖം കഴിഞ്ഞ് ശബ്ദ ലേഖന ഉപകരണങ്ങള്‍ ഓഫാക്കുന്നത് മുമ്പായി തന്നെ സൂക്കി തന്റെ സഹായിയോട് പിറുപിറുക്കുന്നു: ‘എന്നെ അഭിമുഖം ചെയ്യാന്‍ പോകുന്നത് ഒരു മുസ്‌ലിമാണെന്ന് അറിഞ്ഞില്ല’.
ജനാധിപത്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും കാവലാളായ സൂക്കി രോഷാകുലയായി പിറുപിറുത്ത ഈ വാക്കുകളുടെ അര്‍ഥമെന്താണ്? തന്റെ അഭിമുഖകാരി മുസ്‌ലിം ആയാലെന്താണ് കുഴപ്പം? റോഹിംഗ്യാ മുസ്‌ലിംകളോട് ബുദ്ധതീവ്രവാദികള്‍ പലനാളുകള്‍ കൊണ്ട് കാണിക്കുന്ന ക്രൂരതക്ക് ഒറ്റ പിറുപിറുപ്പ് കൊണ്ട് ലോകത്താകെയുള്ള മുസ്‌ലിംകളെ വിധേയയാക്കുകയാണ് സൂക്കി ചെയ്തത്. ഇസ്‌ലാമോഫോബിയയുടെ കടുത്ത ഇനമായിരുന്നു അത്. അധികാര ഗ്രസ്തമാകുമ്പോള്‍ ഒരു ജനകീയ നേതാവിന് സംഭവിക്കുന്ന പരിവര്‍ത്തനത്തെയും ഈ വാക്കുകള്‍ അടയാളപ്പെടുത്തുന്നു. ഭൂരിപക്ഷത്തിന് വഴിപ്പെട്ടു പോയ ഭരണാധികാരി തന്നെയായിരിക്കും സൂക്കിയെന്നും ഈ വാക്കുകള്‍ പ്രവചിക്കുന്നു.
ഭരണം സുഗമമാക്കുന്നതിലായിരിക്കും സൂക്കിയുടെയും കൂട്ടരുടെയും ശ്രദ്ധ മുഴുവന്‍. സാമ്പത്തിക മുന്‍ഗണനകളിലോ വിദേശനയത്തിലോ വംശീയ പ്രശ്‌നങ്ങളിലോ മുന്‍ നിലപാടുകളില്‍ ഒരു മാറ്റത്തിനും അവര്‍ തയ്യാറാകില്ല. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തീന്‍ സീന്‍ തന്റെ കാലാവധിയുടെ അവസാന ഘട്ടത്തില്‍ പട്ടാള ഭരണകൂടത്തില്‍ നിന്ന് പിടിച്ചെടുത്ത ജനാധിപത്യ അവകാശങ്ങളില്‍ നിന്ന് വലിയ ദൂരം മുന്നോട്ട് പോകാന്‍ സൂക്കിക്ക് സാധിക്കില്ല. ജനാധിപത്യപരമായ അവകാശങ്ങള്‍ കരഗതമായ ഒരു സമൂഹത്തെയാണ് സൂക്കിക്ക് ഭരിക്കേണ്ടി വരുന്നത്. പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ വമ്പന്‍ പ്രക്ഷോഭങ്ങള്‍ ഉയരും. 25 ശതമാനം പാര്‍ലിമെന്റംഗങ്ങള്‍ പട്ടാളത്തിന്റെ നോമിനികളാണ്. ഇവരെ വെച്ച് കളിക്കാന്‍ ബാരക്കുകളിലേക്ക് മടങ്ങിയ സൈനിക മേധാവികള്‍ക്ക് അവസരമൊരുങ്ങുകയാകും ആത്യന്തിക ഫലം. ഈജിപ്തില്‍ സംഭവിച്ചത് അതാണല്ലോ. അവിടെ വിപ്ലവാനന്തരം നിലവില്‍ വന്ന ബ്രദര്‍ഡഹുഡ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വില കല്‍പ്പിക്കാതെ വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. ആ തക്കത്തിന് സൈനിക മേധാവി അധികാരം പിടിച്ചു. അത്‌കൊണ്ട് ധീരയായ ജനകീയ പോരാളിയും പരമാധികാരിയായ ഭരണകര്‍ത്താവും തമ്മിലുള്ള അകലം പരമാവധി കുറക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സൂക്കിയില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here