ശാനി ശിംങ്കന്‍പൂര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശം

Posted on: April 10, 2016 5:58 am | Last updated: April 9, 2016 at 11:11 pm

മഹാരാഷ്ട്രയിലെ ശാനിശിംങ്കന്‍പൂര്‍ ക്ഷേത്രത്തില്‍ 400 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന സ്ത്രീപ്രവേശ നിരോധത്തിന് അറുതി വന്നിരിക്കുകയാണ്. നിയമയുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ച വൈകീട്ട് ഏതാനും സ്ത്രീകള്‍ അധികൃതരുടെ അനുമതിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ആരാധനകള്‍ നിര്‍വഹിക്കുകയുമുണ്ടായി. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നൂറ്റാണ്ടുകളായി നിലനിന്നു വരുന്ന നിരോധം നീക്കാന്‍ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ നിര്‍ബന്ധിതരായത്. ശാനിശിംങ്കന്‍പൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കാത്തതിനെതിരെ അഭിഭാഷകരായ നീലിമ വരദക്, അഭിനന്ദന്‍ വാഗ്മി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ക്ഷേത്രത്തിലെന്നല്ല സംസ്ഥാനത്തെ ഏതെങ്കിലും ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രേവശം നിഷേധിച്ചാല്‍ ആറ് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. നിയമത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കുന്നതിനാവശ്യമായ ഭേദഗതികള്‍ നടപ്പാക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടരി എന്നിവരെ കോടതി അധികാരപ്പെടുത്തുകയുമുണ്ടായി. ഇതെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ സര്‍ക്കാര്‍ ശക്തമായ പ്രചാരണം സംഘടിപ്പിക്കണമെന്നും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
ശബരിമലയില്‍ കുട്ടികളും വൃദ്ധകളുമല്ലാത്ത സ്ത്രീകള്‍ക്കുള്ള പ്രവേശ നിരോധത്തിനെതിരെ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ മൂന്ന് മാസം മുമ്പ് സുപ്രീംകോടതിയില്‍ നിന്നും സമാനമായ വിധിയുണ്ടായിരുന്നു. ഭരണഘടന പ്രകാരം ക്ഷേത്രപ്രവേശത്തില്‍ നിന്ന് സ്ത്രീകളെ ആര്‍ക്കും വിലക്കാനാകില്ലെന്നും അവരെ തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നുമായിരുന്നു ജനുവരി 11ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. ക്ഷേത്രത്തില്‍ മതാടിസ്ഥാനത്തിലല്ലാതെ ലിംഗാടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചിരുന്നു.
മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ഭരണഘടനക്ക് കീഴിലുള്ള ഇന്ത്യാ രാജ്യത്ത് മത,വിശ്വാസ കാര്യങ്ങളിലുള്ള കോടതികളുടെ നിരന്തരമുള്ള ഇടപെടല്‍ ആശങ്കാജനകമാണ്. ഭരണ ഘടന അനുവദിക്കുന്ന മൗലികാവകാശത്തില്‍ പെട്ടതാണ് ഏതൊരു പൗരനും താന്‍ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മത സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അവ ഉള്‍ക്കൊള്ളുന്ന വിശ്വാസാചാരങ്ങള്‍ വെച്ചു പുലര്‍ത്താനും സംരക്ഷിക്കാനുമുളള അവകാശവും ഈ ഗണത്തില്‍ പെടുന്നു. ഇതടിസ്ഥാനത്തില്‍ മതങ്ങള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആരാധനായങ്ങളിലെ സ്ത്രീപ്രവേശം വിലക്കുന്നത് ഭരണഘടനക്കോ വ്യക്തി സ്വാതന്ത്ര്യത്തിനോ എതിരാകുന്നില്ല. ലിംഗവിവേചനമായി വ്യാഖ്യാനിച്ചു സര്‍ക്കാറോ കോടതികളോ ചോദ്യം ചെയ്യുമ്പോള്‍ അത് വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാകുമെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇല്ലെങ്കില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മത, വിശ്വാസ സ്വാതന്ത്ര്യത്തിന്റെ താത്പര്യമെന്താണ്?
സര്‍വ രംഗങ്ങളിലും ലിംഗനീതി എന്ന വാദത്തില്‍ നിന്നാണ് ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്കും തുല്യ അവസരം എന്ന ആശയം ഉയര്‍ന്നു വരുന്നത്. എന്നാല്‍ പുരുഷന്മാരും സ്ത്രീകളും പ്രകൃത്യാ വ്യത്യസ്ഥരാണ്. ഇതിന്റെ പ്രതിഫലനം അവരുടെ ധര്‍മങ്ങളിലും കര്‍മങ്ങളിലും പ്രകടമാകുന്നുമുണ്ട്. മാതൃത്വം, ലൈംഗികത തുടങ്ങിയ മേഖലകളില്‍ ഇരു വിഭാഗവും തമ്മില്‍ അന്തരമുണ്ട്. അധ്വാന ഭാരമേറിയതും ക്ലേശകരവുമായ പല ജോലികളും പുരുഷനെ പോലെ സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ല. ബുദ്ധിപരമായും സ്ത്രീകള്‍ പുരുഷനേക്കാള്‍ പിന്നിലാണെന്നാണ് വിദഗ്ധ പഠനങ്ങളിലെ കണ്ടെത്തല്‍. സ്ത്രീകളുടെ ഈ പ്രത്യേകതകളും ദൗര്‍ബല്യവും കണക്കിലെടുത്ത് പല രംഗങ്ങളിലും സമൂഹവും ഭരണകൂടങ്ങളും അവര്‍ക്ക് നിയന്ത്രണങ്ങളും സീമകളും നിശ്ചയിക്കുകയും ഇളവുകള്‍ അനുവദിക്കുകയും ചെയ്തിട്ടുമുണ്ട്. ഇത് വിവേചനമായി ആരും കുറ്റപ്പെടുത്താറില്ല. സ്ത്രീവിഭാഗത്തെ തരംതാഴ്ത്തലുമല്ല അത്. മതങ്ങള്‍ സ്ത്രീകളുടെ പൊതുപ്രവേശത്തിനും ആരാധനാലയ പ്രവേശ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നിലുമുണ്ടാകാം ചില യുക്തികളും കാരണങ്ങളും. അത് അനീതിയായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിന് പകരം അത്തരം കാര്യങ്ങളില്‍ സ്ത്രീകളുടെ ഇടം എവിടെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് മതനേതൃത്വങ്ങള്‍ക്കും ആചാര്യന്മാര്‍ക്കും വിട്ടുകൊടുക്കുന്നതാണ് കരണീയം. മറ്റുള്ളവര്‍ അതിലിടപെടുന്നത് മതസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല.
സ്ത്രീകള്‍ക്കിടയില്‍ ലിംഗാടിസ്ഥാനത്തില്‍ വിവേചനം നടക്കുന്നുണ്ടെങ്കില്‍ അതസാനിപ്പിക്കേണ്ടത് തന്നെയാണ്.എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ഇറങ്ങുമ്പോഴും നിയമനിര്‍മാണങ്ങള്‍ ഇറങ്ങുമ്പോഴും പ്രശ്‌നത്തിന്റെ എല്ലാ വശവും പരിശോധിക്കേണ്ടതുണ്ട്. വിഷയം മതങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതാത് മതങ്ങളുടെ അംഗീകൃത പ്രമാണങ്ങളും പ്രാമാണികരായ പണ്ഡിതരുടെ അഭിപ്രായങ്ങളും ആരായേണ്ടതുണ്ട്. അവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള തീരുമാനങ്ങളും വിധിപ്രസ്താവങ്ങളും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയും നിയമ, നീതി മേഖലകളില്‍ അവിശ്വാസം ജനിക്കാന്‍ ഇടയാക്കുകയും ചെയ്യും.