മദ്യനയം അധികാരത്തില്‍ വന്നതിന് ശേഷം തീരുമാനിക്കും: കാനം രാജേന്ദ്രന്‍

Posted on: April 9, 2016 6:15 pm | Last updated: April 10, 2016 at 9:49 am
SHARE

kanam-rajendran-300x195തിരുവനന്തപുരം:എല്‍ഡിഎഫ് അധികാരത്തിലെത്തിയ ശേഷം മദ്യനയത്തെ കുറിച്ച് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഓരോ വര്‍ഷവും നയം തീരുമാനിച്ച് മുന്നോട്ട് പോകും. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമോയെന്ന ചോദ്യത്തിന് ബാറുകള്‍ തുറക്കാന്‍ ഇപ്പോള്‍ അടച്ചിട്ടില്ലല്ലോയെന്നായിരുന്നു മറുപടി. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് പ്രധാനം, അല്ലാതെ ബാറുകള്‍ തുറക്കുമോ എന്നതല്ലെന്നും കാനം പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം തിരുത്തില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും മദ്യത്തിന്റെ ഉപഭോഗം കുറച്ച് കൊണ്ടുവരണമെന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിപിഎം അധികാരത്തില്‍ വന്നാല്‍ ഒരുതുള്ളി മദ്യം പോലും അധികം ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.