ബെസ്റ്റ് മിഡില്‍ ഈസ്റ്റ് കോണ്‍ടാക്ട് സെന്റര്‍ അവാര്‍ഡ് ആര്‍ ടി എക്ക്

Posted on: April 9, 2016 2:50 pm | Last updated: April 12, 2016 at 12:31 pm
ബെസ്റ്റ് മിഡില്‍ ഈസ്റ്റ് കോണ്‍ടാക്ട് സെന്റര്‍ അവാര്‍ഡ്്  ആര്‍ ടി എ അധികൃതര്‍ ഏറ്റുവാങ്ങുന്നു
ബെസ്റ്റ് മിഡില്‍ ഈസ്റ്റ് കോണ്‍ടാക്ട് സെന്റര്‍ അവാര്‍ഡ്്
ആര്‍ ടി എ അധികൃതര്‍ ഏറ്റുവാങ്ങുന്നു

ദുബൈ: ഇന്റര്‍നാഷണല്‍ ക്വാളിറ്റി ആന്റ് പ്രൊഡക്ടിവിറ്റി സെന്ററിന്റെ ബെസ്റ്റ് മിഡില്‍ ഈസ്റ്റ് കോണ്‍ടാക്ട് സെന്റര്‍ അവാര്‍ഡ്് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)ക്ക്. ദുബൈയിലെ ഡുസിത് താനി ഹോട്ടലില്‍ നടന്ന മധ്യ പൗരസ്ത്യ ദേശത്തെ ഗവണ്‍മെന്റ് കോണ്‍ടാക്ട് സെന്റര്‍ ഉച്ചകോടിയില്‍ അവാര്‍ഡ് സമ്മാനിച്ചു.
ഉപഭോക്താക്കള്‍ക്കുള്ള സേവനത്തിന്റെ ഭാഗമായി ഏത് സമയവും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന കാള്‍സെന്ററിന്റെ മികച്ച പ്രവര്‍ത്തനമാണ് അവാര്‍ഡ് നേട്ടത്തിനര്‍ഹമാക്കിയതെന്ന് ആര്‍ ടി എയുടെ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് സെക്ടറിന്റെ ഉപഭോക്തൃ സേവന ഡയറക്ടര്‍ അഹ്മദ് മെഹബൂബ് പറഞ്ഞു. ഈ ആശയ വിനിമയ മാര്‍ഗത്തിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ സ്തുത്യര്‍ഹമാം വിധമാണ് ആര്‍ ടി എ നല്‍കുന്നത്. അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും പരാതികള്‍ക്കും വേണ്ടികഴിഞ്ഞ വര്‍ഷം 25 ലക്ഷം ജനങ്ങളാണ് കാള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നേട്ടത്തിനു പുറമെ ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് ഗവണ്‍മെന്റ് പ്രോഗ്രാം-2015 പുരസ്‌കാരവും നിരവധി പ്രാദേശിക പുരസ്‌കാരങ്ങളും ആര്‍ ടി എ കാള്‍ സെന്ററിന് ലഭിച്ചിട്ടുണ്ട്.