Connect with us

National

പാനമ രേഖകള്‍: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് നരേന്ദ്രമോദി

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശത്തു പണം നിക്ഷേപിച്ചു നികുതിവെട്ടിച്ചവരുടെ വിവരങ്ങളുമായി പുറത്തുവന്ന പാനമ രേഖകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പാനമ രേഖകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണു മോദിയുടെ ആവശ്യം. അഞ്ചുദിന വിദേശ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ ഉടനെയാണു മോദി പാനമ വെളിപ്പെടുത്തലുകളില്‍ ഇടപെട്ടത്. ബെല്‍ജിയം-അമേരിക്ക-സൗദി അറേബ്യ പര്യടനത്തിനുശേഷം ഇന്നു പുലര്‍ച്ചെ 1.30നാണു മോദി തിരിച്ചെത്തിയത്. രാവിലെ 7.30നുതന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മോദി പാനമ രേഖകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണ ചുമതല ഏര്‍പ്പിക്കാന്‍ സാധ്യത കുറവാണെന്നാണു മോദിയോടടുത്ത വൃത്തങ്ങളില്‍നിന്നുള്ള സൂചന.

നേരത്തേ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാനമ രേഖകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഫോറിന്‍ ടാക്‌സ് ആന്‍ഡ് ടാക്‌സ് റിസര്‍ച്ച് ഡിവിഷന്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത അന്വേഷണ സംഘമാണു രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ഏപ്രില്‍ നാലിനാണു പാനമയില്‍ ഇന്ത്യയിലെ പല പ്രമുഖര്‍ക്കും അനധികൃത നിക്ഷേപം ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.