മഞ്ചേരിയുടെ അഭിഭാഷക പെരുമ തിരഞ്ഞെടുപ്പിലും

Posted on: April 9, 2016 9:12 am | Last updated: April 21, 2016 at 2:39 pm

adv m  M UMMER

Adv. K mohandas . cpi  manjeri
Adv. K mohandas .
cpi manjeri

മഞ്ചേരി: മഞ്ചേരി ബാറില്‍ നിന്നും ഉയരങ്ങളിലെത്തിയ പ്രമുഖര്‍ നിരവധിയാണ്. നടന്‍ മമ്മൂട്ടി മുതല്‍ നീണ്ട നിരതന്നെ ഈ പട്ടികയിലുണ്ട്. ഇത്തവണ മഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലെ പ്രമുഖ സ്ഥാര്‍ഥികളെല്ലാം അഭിഭാഷകരാണ്. മണ്ഡലത്തില്‍ രണ്ടാമൂഴത്തിന് ശ്രമിക്കുന്ന അഡ്വ. എം ഉമ്മര്‍, മുഖ്യ എതിരാളി സി പി ഐയിലെ അഡ്വ. കെ മോഹന്‍ദാസ്, ബി ജെ പി സ്ഥാനാര്‍ഥി അഡ്വ. സി ദിനേശ് എന്നിവര്‍ മഞ്ചേരി ബാറിലെ അഭിഭാഷകരാണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ഫുട്‌ബോള്‍ അക്കാഡമി, ഫയര്‍ സ്റ്റേഷന്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് അഡ്വ. എം ഉമ്മറിന്റെ പ്രചാരണം.
ലീഗിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ചേരിയില്‍ കഴിഞ്ഞ തവണ ഉമ്മറിന് 29,079 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 1967ന് ശേഷം മുസ്‌ലിം ലീഗ് ഇതര സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയെ നിയമസഭയിലേക്കയച്ച മഞ്ചേരി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും പിന്നീട് ഒരു മന്ത്രി ഉണ്ടായിട്ടില്ല. ഇത്തവണ യു ഡി എഫ് അധികാരത്തില്‍ വരുന്ന പക്ഷം ഉമ്മര്‍ മന്ത്രിയാകുമെന്നാണ് ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്.
കന്നിയങ്കത്തിനിറങ്ങുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. കെ മോഹന്‍ദാസിനും ആത്മവിശ്വാസത്തില്‍ കുറവൊന്നുമില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മഞ്ചേരി നഗരസഭയും കീഴാറ്റൂര്‍ പഞ്ചായത്തും മാത്രമാണ് യു ഡി എഫിനൊപ്പം നിന്നത്. തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകള്‍ ഇടതിനൊടൊപ്പമാണ്.
എടപ്പറ്റ പഞ്ചായത്ത് സി പി എമ്മിനൊപ്പം ചേര്‍ന്നാണ് ലീഗ് ഭരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസാണ് പ്രതിപക്ഷം. യു ഡി എഫിലെ അനൈക്യവും ലീഗ് സ്ഥാനാര്‍ഥിക്കെതിരെ അണികള്‍ക്കിടയില്‍ വ്യാപകമായ മുറുമുറുപ്പും വോട്ടാക്കി മാറ്റാമെന്നാണ് മോഹന്‍ദാസിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എം ഉമ്മര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും കാലാവധി പൂര്‍ത്തിയായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് മോഹന്‍ദാസ് ആരോപിക്കുന്നു.
ജസീല ജംഗ്ഷന്‍ മേല്‍പ്പാലം, റിംഗ് റോഡുകള്‍, നഗര സൗന്ദര്യവത്ക്കരണം, ബൈപ്പാസ് റോഡില്‍ ഫൂട്പാത്ത് തുടങ്ങി ഒട്ടേറെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനായിട്ടില്ല.
1991ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച സി വാസുദേവന്റെ മകന്‍ അഡ്വ. സി ദിനേശ്. ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി വി എം മുസ്തഫ, എസ് ഡി പി ഐ സ്ഥാനാര്‍ഥി ഡോ. സി എച്ച് അഷ്‌റഫ് എന്നിവരും മത്സര രംഗത്തുണ്ട്.