കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്ക് 25ന് കായിക കേരളത്തിന് സമര്‍പ്പിക്കും

Posted on: April 9, 2016 6:00 am | Last updated: April 9, 2016 at 12:45 am
SHARE

തേഞ്ഞിപ്പലം: മലബാറിന്റെ കായിക കുതിപ്പിന് ആക്കം കൂട്ടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഈമാസം 25ന് സര്‍വകലാശാല വൈസ് ചാന്‍സലറും കേരളത്തിന്റെ അഭിമാനമായ കായിക താരങ്ങളും ചേര്‍ന്ന് കായിക ലോകത്തിന് സമര്‍പ്പിക്കും. കായിക സര്‍വകലാശാല എന്ന പ്രശസ്തി കാലിക്കറ്റിന് നേടിക്കൊടുത്ത മുഴുവന്‍ താരങ്ങളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ നടപടിയായതായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര കായിക- യുജന ക്ഷേമ മന്ത്രാലയത്തിന്റെ സഹായത്തൊടെ അഞ്ചര കോടി രൂപ ചെലവിലാണ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാക്കിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി സി കെ വല്‍സന്‍, ഡോ. ടോണി ഡാനിയേല്‍, ഐസക് പീറ്റര്‍, പ്രൊഫ. എം വേലായുധന്‍ കുട്ടി എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം ട്രാക്ക് പരിശോധിച്ചു. ട്രാക്ക് കേരളത്തിലെ ഏറ്റവും മികച്ചതും കുറ്റമറ്റതുമാണെന്ന് സി കെ വല്‍സന്‍ പറഞ്ഞു. ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റ് മെയില്‍ സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പല ദേശീയ റെക്കോര്‍ഡുകളും കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ തകര്‍ന്നടിയുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പസിന് സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍, കോളജുകള്‍ എന്നിവിടങ്ങളിലെ കായിക പ്രതിഭകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപന മേലധികാരിയുടെ ശിപാര്‍ശയോടെ സിന്തറ്റിക് ട്രാക്കില്‍ പരിശീലനം നടത്താന്‍ അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.
സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി പി അഹ്മദ്, ഒ അബ്ദുല്‍ അലി, ഡോ. ആബിദാ ഫാറൂഖി, കായിക പഠനവിഭാഗം മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here