പുലാമന്തോളിലും പൂത്തുലഞ്ഞ് സൂര്യകാന്തി

Posted on: April 9, 2016 6:00 am | Last updated: April 9, 2016 at 12:41 am
SHARE
പുലാമന്തോളിലെ പാലൂര്‍ പാടത്ത് വിരിഞ്ഞ സൂര്യകാന്തി പൂക്കള്‍
പുലാമന്തോളിലെ പാലൂര്‍ പാടത്ത് വിരിഞ്ഞ സൂര്യകാന്തി പൂക്കള്‍

കൊളത്തൂര്‍: ഇതര സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന സൂര്യകാന്തി പൂക്കള്‍ പൂലാമന്തോളിലും പൂത്തുലഞ്ഞു. പുലാമന്തോള്‍ പഞ്ചായത്തിലെ വടക്കന്‍ പാലൂരില്‍ കൊണ്ടത്ത് സുകുമാരനാണ് വിജയകരമായി സൂര്യകാന്തി കൃഷി ചെയ്യുന്നത്. പാലൂര്‍ പാടശേഖരത്തിലെ ഒരു ഏക്കര്‍ സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ സൂര്യകാന്തി കൃഷി ആരംഭിച്ചത്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്ന് വിത്തുകള്‍ എത്തിച്ചാണ് കൃഷി തുടങ്ങിയത്. മകരം അവസാനത്തില്‍ ആരംഭിച്ച കൃഷി മേടം പകുതിയോടെ വിളവെടുക്കാനാകും.
വിപണിയെ കുറിച്ച് ആലോചിച്ചിട്ടില്ലെങ്കിലും പൂക്കളുടെ വര്‍ധിച്ച വ്യവസായ സാധ്യത പ്രതീക്ഷ നല്‍കുന്നു. കേരളത്തിലെ കാലാവസ്ഥക്ക് പറ്റിയതല്ല ഈ കൃഷി എന്നറിഞ്ഞിട്ടും സുകുമാരന്‍ ഒരു കൈ നോക്കുകയായിരുന്നു. വളമോ വെള്ളമോ ഇല്ലാതെയാണ് പൂക്കൃഷി വിജയത്തിലെത്തിച്ചത്. വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് നെല്‍പാടത്തെ ഈ വര്‍ണ കാഴ്ചകാണാന്‍ ഇവിടെയെത്തുന്നത്.
മുപ്പതാം വയസ്സില്‍ തുടങ്ങിയതാണ് സുകുമാരന്റെ കൃഷി ജീവിതം. നെല്ല്, വാഴ, എള്ള്, കപ്പ, പയര്‍ തുടങ്ങിയവയില്‍ നൂറുമേനി കൊയ്തിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.