തട്ടീം മുട്ടീം സി എം, മുട്ടീം തട്ടീം വി എം

Posted on: April 9, 2016 5:27 am | Last updated: April 9, 2016 at 12:29 am
SHARE

കളിയാണല്ലോ, കുറെക്കാലമായിട്ട്. ബാറ്റിംഗും ബോളിംഗും തന്നെ. കളിക്കാരും മോശക്കാരല്ല. നല്ല പരിചയസമ്പന്നര്‍. രാവിലെയായാല്‍ തുടങ്ങും, കളി. ലൈവാണ്. ഒരു ഭാഗത്ത് സി എം മറുഭാഗത്ത് വി എം ചിലപ്പോള്‍ ബൗണ്ടറിയിലേക്ക് ഒരൊറ്റ അടി. സി എമ്മിന്റെ വകയാണ്. ഞാനാണ് കേമന്‍ എന്ന മട്ടില്‍. ഗ്രൂപ്പുകാര്‍ കൈയടിക്കുന്നു. നാല് റണ്‍സ് നേടിയെന്ന് വിചാരിക്കുമ്പോഴായിരിക്കും വി എമ്മിന്റെ പറന്നെത്തല്‍. തടഞ്ഞു നിര്‍ത്തുന്നു. കിട്ടിയത് വെറും രണ്ട് റണ്‍സ്. നീ അങ്ങനെ വിളങ്ങേണ്ട. ഇത് കെ പി സി സിയാണ്. വി എമ്മാണ്, മോനെ ദിനേശാ എന്ന് മനസ്സില്‍.
ഈയിടെയായി കളി കുറെ കൂടുന്നുണ്ട്. മെത്രാന്‍ കായല്‍ നികത്താന്‍ സി എമ്മും സഹകളിക്കാരും തീരുമാനിക്കുന്നു. ഭരണത്തിന്റെ അവസാനകാലമല്ലേ. പ്രശ്‌നമൊന്നുമുണ്ടാകില്ല എന്നാണ് കരുതിയത്. സിക്‌സ് പറത്താനുള്ള ഒരുക്കത്തില്‍ കയറ്റി അടിയാണ്. ഗ്യാലറിയില്‍ ആരവം. ഇവനാണ് താരം. വി എമ്മുണ്ടോ വിടുന്നു. കളിക്കളത്തിലിറങ്ങി കളി തുടങ്ങി. കായല്‍ നികത്താനുള്ള തീരുമാനം റദ്ദാക്കണം. വിവാദമായി. ഒടുവില്‍ തീരുമാനം റദ്ദാക്കി. ആരു ജയിച്ചു എന്നാകും ചോദ്യം. വിജയം വി എമ്മിന്. നല്ല ക്യാച്ച്. കാണികള്‍ കൈയടിച്ചു.
പിന്നീടതാ കരുണ എസ്റ്റേറ്റ് ഇടപാട് വരുന്നു. മോനെ, ദിനേശാ, ഇത് വി എമ്മാണ്, കളി വേണ്ട. കുറ്റി തെറിപ്പിക്കും. പണി നിര്‍ത്തിക്കോ എന്ന്. ഒന്നുരുണ്ട് കളിച്ചെങ്കിലും അതും അവസാനം റദ്ദാക്കി. ആരാ ജയിച്ചത്? എത്ര റണ്‍സിന്. കൈയടി ഗ്രൂപ്പ് വ്യത്യാസമില്ലാതെ. വി എം വിജയി.
പിന്നെ ഡല്‍ഹിയിലാണ് കളി. ഒരാഴ്ചക്കാലം നീണ്ടുനിന്ന കളി. പായയും തലയണയുമായി വിമാനം കേറി. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള കളിയാണ്. ഏത് തരം ബോളാണ് വരുന്നതെന്നറിയില്ല. ഫാസ്റ്റും സ്പിന്നും ഗൂഗ്ലിയും വരും. ശ്രദ്ധ പാളിയാല്‍ വിക്കറ്റ്് തെറിക്കും. അതിനാല്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുക. ആദ്യമേ പറഞ്ഞു. അഞ്ചാള് വേണ്ട. അടൂര്‍, ബാബു, ബെന്നി, കെ സി, ഡൊമനിക്ക്… കളങ്കിതരാണ്. കണ്ടാല്‍ കുളിക്കണം. നാട്ടുകാര്‍ വെറുതെ വിടില്ല. ഇത്തവണ കളത്തിന് പുറത്തിരിക്കട്ടെ എന്നൊക്കെ. മികച്ച ബോളിംഗ്…വി എം. കളി തുടങ്ങി.
അപ്പോള്‍ സി എമ്മിന്റെ ബാറ്റിങ്. ഇവരെങ്കില്‍ ഞാനില്ല. കൂടെ കളിച്ചവരില്ലെങ്കില്‍ എന്ത് തിരഞ്ഞെടുപ്പ്. നേതാക്കളുടെ ട്വന്റി ട്വന്റി കളിക്കിടയില്‍ പെട്ട് ആന്റണി വലിഞ്ഞു മുറുകി. ഹൈക്കമാന്‍ഡ് അലഞ്ഞു തിരിഞ്ഞു. നാലഞ്ച് ദിവസം കളിയോട് കളി തന്നെ. ഒടുവില്‍ സി എം ജയിച്ചു. അഞ്ചു വിക്കറ്റ് ജയം. ഇരു ഗ്രൂപ്പുകാര്‍ക്കും ആശ്വാസമായി.
ആഹ്ലാദപ്പൂത്തിരി ചിരിയിലും നോട്ടത്തിലും. സി എമ്മാരാ മോന്‍ എന്നായി നാട്ടുകാര്‍. കൈയടി. ആര്‍പ്പോ, ഇര്‍പ്പോ…അപ്പോള്‍ ഇതാരുടെയും ജയപരാജയമായി കാണേണ്ടെന്ന് വി എം. മുഖത്ത് എളേപ്പന്‍ പുളീമ്മന്ന് വീണ ചിരി.
ഒന്നുറങ്ങിയെണീറ്റപ്പോള്‍ എന്തായീ കാണുന്നത്. ബെന്നിയെ വെട്ടി. രാത്രിയിലെ കളികളാ. ഹൈക്കമാന്‍ഡിനെ ലോ കമാന്‍ഡാക്കിയാലുണ്ടല്ലോ. അതിനുള്ള ശിക്ഷയാ. ആരു ജയിച്ചു, മോനേ. എത്ര റണ്‍സിന്? വിക്കറ്റെത്ര പോയി?
ഹോപ്പ് പ്ലാന്റേഷന്‍ കൂടയായപ്പോള്‍ ജയം വി എമ്മിനായി. ഇപ്പോള്‍ സമനിലയാണെന്ന് പറയാം. സ്‌കോര്‍ തുല്യം. ഇനിയാണ് ഫൈനല്‍. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ഉമ്മന്‍ ചാണ്ടി വീണ്ടുമെത്തും. അപ്പോള്‍ അഞ്ച് പേരുടെ കാര്യമോ? തോറ്റാല്‍ ക്യാപ്ടന്റെ കാര്യമെന്താകും? മാന്‍ ഓഫ് ദ മാച്ചോ?
സി എമ്മോ, വി എമ്മോ?

 

LEAVE A REPLY

Please enter your comment!
Please enter your name here