ആകാശവാണി കോഴിക്കോട്; പ്രാദേശിക വാര്‍ത്തകള്‍…

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങിയിട്ട് 50 വര്‍ഷം തികയുന്നു.1966 ഏപ്രില്‍ 14 നായിരുന്നു ആദ്യപ്രക്ഷേപണം. ഗ്രാമീണ ജനങ്ങളെ ബോധവത്കരിക്കുക തന്നെയായിരുന്നു അതിന്റെ ലക്ഷ്യം. കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ സങ്കല്‍പ്പം കടന്നുവരും മുമ്പ് പാര്‍ക്കുകളിലും വായനശാലകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിച്ച റേഡിയോ ഒരു കാലത്തിന്റെ തന്നെ മുഖമുദ്രയായിരുന്നു. വിനോദോപാധി എന്നതിനപ്പുറം കാര്‍ഷിക വിവരങ്ങള്‍, മുന്നറിയിപ്പുകള്‍ തുടങ്ങിയവക്കാണ് റേഡിയോ അക്കാലത്ത് പ്രധാനമായും ഉപയോഗപ്പെ ടുത്തിയിരുന്നത്.
Posted on: April 9, 2016 6:00 am | Last updated: April 9, 2016 at 12:22 am
SHARE

വാര്‍ത്തകള്‍ വീട്ടകങ്ങളിലും വിരല്‍തുമ്പിലും ലഭ്യമാകുന്ന കാലമാണ് നമ്മുടെത്. അര നൂറ്റാണ്ടിനപ്പുറം വാര്‍ത്തകളുടെ വ്യാപനം ഇന്നത്തെ നിലയില്‍ നമുക്ക് മനസ്സിലാക്കാനാകാത്തത്ര മന്ദഗതിയിലായിരുന്നു. മലബാറിനെ സംബന്ധിച്ച് പ്രത്യേകിച്ചും. കുടിയേറ്റത്തിന്റെ വ്രണിത കാലങ്ങള്‍ക്കിപ്പുറം ഇടവഴികള്‍, നാട്ടുവഴികളും മണ്‍പാതകളുമായി മലബാറില്‍ വളര്‍ന്നുതുടങ്ങുന്ന കാലമായിരുന്നു അത്. അന്നത്തെ സവിശേഷമായ ഈ പശ്ചാത്തലം തിരിച്ചറിഞ്ഞാണ് കോഴിക്കോട് ആകാശവാണി നിലയത്തില്‍ പ്രത്യേകമായി ഒരു വാര്‍ത്താ വിഭാഗം ആരംഭിച്ചത്. ചരിത്രത്തിലിടം നേടിയ തുടക്കമായി അത്.
1966 ഏപ്രില്‍ 14 വിഷു ദിനത്തിലായിരുന്നു കോഴിക്കോട്ടുനിന്ന് പ്രാദേശിക വാര്‍ത്തകളുടെ ആദ്യപ്രക്ഷേപണം. റേഡിയോയുടെ പ്രതാപ കാലത്ത് ഗ്രാമീണ ജനങ്ങളെ ബോധവത്കരിക്കുക തന്നെയായിരുന്നു അതിന്റെ ലക്ഷ്യം. കമ്മ്യൂണിറ്റി റേഡിയോ എന്ന പുതിയ സങ്കല്‍പ്പം കടന്നുവരും മുമ്പ് പാര്‍ക്കുകളിലും വായനശാലകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിച്ച റേഡിയോ ഒരു കാലത്തിന്റെ തന്നെ മുഖമുദ്രയായിരുന്നു. വിനോദോപാധി എന്നതിനപ്പുറം കാര്‍ഷിക വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, തുടങ്ങിയവക്കാണ് റേഡിയോ അക്കാലത്ത് പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്.
റേഡിയോയുടെ വ്യക്തിനിഷ്ഠതയും സ്വകാര്യതയും എക്കാലത്തും ഈ മാധ്യമത്തെ ജനങ്ങള്‍ക്ക് പ്രിയതരമാക്കിയിട്ടുണ്ട്. സി എന്‍ എന്‍, ബി.ബി സി തുടങ്ങിയ മാധ്യമരംഗത്തെ ആഗോള ഭീമന്മാര്‍ മുഴുസമയ വാര്‍ത്താ ചാനലുകള്‍ തുടങ്ങിയ കാലത്തു പോലും റേഡിയോയെ തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നത് ഈ മാധ്യമത്തിന്റെ ശക്തിതന്നെയാണ് വെളിപ്പെടുത്തുന്നത്. വാര്‍ത്താ ചാനലുകള്‍ മലയാളത്തില്‍ വരുംമുമ്പ് എത്രയോ പ്രധാന സംഭവങ്ങള്‍ -ബ്രേക്കിംങ് ന്യൂസ് -ശ്രോതാക്കളില്‍ ആദ്യം എത്തിക്കാന്‍ കഴിഞ്ഞ മാധ്യമം എന്നഖ്യാതി ആകാശവാണിക്ക് സ്വന്തം.
1966നു മുമ്പ് കേരളത്തില്‍ റേഡിയോ വാര്‍ത്ത തയ്യാറാക്കി പ്രക്ഷേപണം ചെയ്തിരുന്നത് തിരുവനന്തപുരത്തു നിന്നാണ്. മലബാര്‍ മേഖലയുടെ പ്രാതിനിധ്യം വാര്‍ത്തകളില്‍ ന്യായമായും താരതമ്യേന കുറവായിരുന്നു. വാര്‍ത്താവിനിമയ ഉപാധികളുടെ കുറവ് തിരുവിതാംകൂറും കൊച്ചിയും കോഴിക്കോടും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു. ഏജന്‍സി ടെയ്ക്കുകളും ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് മണിക്കൂറുകള്‍ കാത്തിരുന്ന് ലഭിക്കുന്ന ഫോണുമൊക്കെയായിരുന്നു അക്കാലത്തെ വാര്‍ത്താശേഖരണ ഉപാധികള്‍.
1950 ല്‍ കോഴിക്കോട്ട് എ ഐ ആര്‍ നിലയം സ്ഥാപിതമായി. 1956ലാണ് ഓള്‍ ഇന്ത്യാ റേഡിയോ ആകാശവാണി എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്. പില്‍ക്കാലത്ത് കൂടുതല്‍ നിലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും സ്റ്റേഷനുകള്‍ തമ്മില്‍ ലിങ്കുകള്‍ വരികയും ചെയ്തപ്പോള്‍ വാര്‍ത്താവിനിമയത്തിലുണ്ടായ മാറ്റം ന്യൂസ് റൂമുകളിലും പ്രതിഫലിച്ചു.
പെരുന്ന കെ എന്‍ നായര്‍ എന്ന മാധ്യമ രംഗത്തെ ആചാര്യനായിരുന്നു കോഴിക്കോട് ന്യൂസ് റൂമിന്റെ ആദ്യ അമരക്കാരന്‍. പരിമിതികള്‍ക്കിടയിലും റേഡിയോ എന്ന മാധ്യമത്തിന്റെ ശക്തി തിരിച്ചറിയുകയും അത് അനുസരിച്ച് പ്രക്ഷേപണ കലയുടെ സാധ്യതകള്‍ രൂപപ്പെടുത്തുകയും ചെയ്തു അദ്ദേഹം. മഴയും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും വികസനക്കുതിപ്പുകളും അക്കാലത്ത് നാടറിഞ്ഞത് റേഡിയോ വാര്‍ത്തകളിലൂടെയായിരുന്നു. 70 കളുടെ അവസാനത്തോളം മലബാറിലെ കുടിയേറ്റ മേഖലകളില്‍ റേഡിയോ ഏറ്റവും വലുതും ശക്തവുമായ വാര്‍ത്താ മാധ്യമമായി നിലകൊണ്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റേഡിയോയുടെ വളര്‍ച്ച വ്യത്യസ്ത ഘടകങ്ങളിലൂന്നിയായിരുന്നുവെന്ന് മാധ്യമ ചരിത്രം വെളിപ്പെടുത്തുന്നു. യൂറോപ്പിലും അമേരിക്കയിലും വ്യത്യസ്ത പന്ഥാവുകളിലൂടെയായിരുന്നു ആ വളര്‍ച്ച. അമേരിക്കയില്‍ വ്യാവസായിക സാധ്യതകള്‍ക്ക് റേഡിയോ ഉപയോഗപ്പെടുത്തിയപ്പോള്‍ യൂറോപ്പില്‍ പൊതുസേവനത്തിനാണ് ഈ മാധ്യമം മുഖ്യമായും ഉപയോഗപ്പെടുത്തിയത്. റേഡിയോ വാര്‍ത്തയുടെ ഉള്ളടക്കത്തിലും അവതരണത്തിലും ഈ വ്യത്യാസം എക്കാലത്തും നിലനിന്നിട്ടുമുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് അതേസമയം, ദേശീയതയുടെ അവിഭാജ്യഘടകമായി നിലകൊള്ളാന്‍ റേഡിയോയ്ക്ക് കഴിഞ്ഞു. നാനാത്വത്തിലെ ഏകത്വം എന്ന നമ്മുടെ ദേശീയ അഖണ്ഡതയുടെ മഹനീയ സങ്കല്‍പ്പനത്തിന് ഊടും പാവും നെയ്യുന്നതായിരുന്നു രാജ്യത്തെ ദേശീയ പ്രക്ഷേപണ ശൃംഖല. വാര്‍ത്താശേഖരണവും എഡിറ്റിങ്ങും ബുള്ളറ്റിന്‍ തയ്യാറാക്കലും അവതരണവും വരെ വേരോടി നില്‍ക്കുന്ന ഇത്തരമൊരു അന്തര്‍ധാരതന്നെയാണ് റേഡിയോ വാര്‍ത്തകളുടെ ശക്തിയും.
മാധ്യമ നിരൂപകന്‍ പോള്‍ ചാന്ദ്‌ലര്‍ എഴുതി: ‘റേഡിയോയുടെ പ്രാദേശിക ന്യൂസ് റൂമുകളില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഒരു പ്രസ്താവനയാണ് അത് എന്റെ ജോലിയല്ല എന്നത്. റിപ്പോര്‍ട്ടിങ് മുതല്‍ ഡെസ്‌ക് ജോലികളും വാര്‍ത്താ അവതരണവും വരെ ചിലപ്പോള്‍ ഒരാള്‍ക്ക് തന്നെ നിര്‍വഹിക്കേണ്ടി വന്നേക്കാം. വാര്‍ത്തയെഴുത്തും പരിഭാഷയും അവതരണ രീതിയും അയാള്‍ സ്വായത്തമാക്കണം. അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്ത് പരിചയം സിദ്ധിച്ചവരാണ് പലപ്പോഴും റേഡിയോ വാര്‍ത്തകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ മര്‍മം കണ്ടെത്തി ചുരുങ്ങിയ വാക്കുകളില്‍ മികച്ച അവതരണത്തിന് കഴിയുമ്പോഴാണ് റേഡിയോ വാര്‍ത്തകള്‍ യാഥാര്‍ഥത്തില്‍ ഫലവത്താകുന്നത്.
വാര്‍ത്തകള്‍ക്ക് പുതിയ നിര്‍വചനങ്ങളുടെ ആധുനിക കാലത്ത് സംവേദനത്തിന്റെ അളവും അതിരും ഇത്രയേറെ മാറിയിട്ടും റേഡിയോ വാര്‍ത്തകളും ഇതര പരിപാടികളും പൂര്‍വാധികം ശക്തിയോടെ സ്വീകരിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ഭാഷയുടെ സജീവതയും ഹൃദ്യതയും വേഗവും റേഡിയോ വാര്‍ത്തകള്‍ പ്രിയതരമാക്കുന്ന ഘടകങ്ങളാവാം. നവമാധ്യമങ്ങള്‍ സമൂഹത്തെ എത്ര കീഴ്‌പ്പെടുത്തിയാലും റേഡിയോ വാര്‍ത്തകള്‍ക്ക് അതിന്റേതായ ഒരു ഇടം എക്കാലവും ഉണ്ടാകും. ആ ഇടം ആരും അപഹരിക്കില്ല.
(കോഴിക്കോട് ആകാശവാണി ന്യൂസ് എഡിറ്ററാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here