പത്മശ്രീ പുരസ്‌കാരം നേടിയത് സ്വാധീനം ചെലുത്തിയെന്ന് ആക്ഷേപം

Posted on: April 8, 2016 9:10 pm | Last updated: April 9, 2016 at 2:55 pm
SHARE

CK Padmanabhanദോഹ: പ്രവാസി വ്യവസായി ഡോ. സുന്ദര്‍ മേനോന്‍ ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം നേടിയത് സ്വാധീനം ചെലുത്തിയാണെന്ന് ഖത്വറില്‍ പ്രവാസിയായ സി കെ പത്‌നാഭന്‍. ക്രിമിനല്‍ കേസുകളുള്ള ഒരാള്‍ക്ക് പത്ശ്രീ നല്‍കിയതിനെതിരേ കോടതിയില്‍ റിട്ട് ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പത്മശ്രീക്ക് വേണ്ടി സുന്ദര്‍ മേനോന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത് ഗോവയില്‍ നിന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗോവയില്‍ സുന്ദര്‍ മേനോന്‍ സാമൂഹിക പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്നിരിക്കേ ഇത് സംശയാസ്പദമാണ്. അവാര്‍ഡിന് തിരഞ്ഞെടുക്കുന്ന വ്യക്തിയെക്കുറിച്ച് നടത്തേണ്ട അന്വേഷണം സുന്ദര്‍ മേനോന്റെ കാര്യത്തില്‍ നടന്നിട്ടില്ല. ഒരു വ്യവസായിയെ വഞ്ചിച്ചതായി 2015ല്‍ സുന്ദര്‍മേനോനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റു ചില കേസുകളും അദ്ദേഹത്തിനെതിരേ ഉണ്ടെന്നും പത്‌നമാഭന്‍ ആരോപിച്ചു.
2011ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സുന്ദര്‍ മേനോനെ ശിപാര്‍ശ ചെയ്തിരുന്നുവല്ലോ എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതേക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു മറുപടി. സുന്ദര്‍ മേനോന്റെ സാമൂഹിക സേവനത്തെക്കുറിച്ച് ആക്ഷേപമില്ല. പത്മശ്രീ നല്‍കും മുമ്പ് ഐ ബിയും റോയുമൊക്കെ അന്വേഷിച്ചിട്ടില്ലെന്ന് താങ്കള്‍ക്കെങ്ങനെ പറയാനാവും എന്ന ചോദ്യത്തിന് അന്വേഷിച്ചിട്ടുണ്ടെങ്കില്‍ എങ്ങനെ പത്മശ്രീ നല്‍കുമെന്ന മറു ചോദ്യമായിരുന്നു മറുപടി.
എന്നാല്‍, തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് സണ്‍ഗ്രൂപ്പ് എം ഡി സുന്ദര്‍മേനോന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുറ്റകരമായ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.