Connect with us

Kerala

വിജിലന്‍സ് ആസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ തീരുമാനങ്ങള്‍ : ജേക്കബ് തോമസ്

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ക്ഷന്‍ ബ്യൂറോ ആസ്ഥാനത്ത് അന്വേഷണ തീരുമാനങ്ങള്‍ക്ക് പകരം കൈക്കൊള്ളുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണെന്ന് ഡി ജി പി ജേക്കബ് തോമസ്. ആര്‍ ടി ഐ കേരള ഫെഡറേഷനും അസോസിയേഷന്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്‍ഡ് റിസര്‍ച്ചും സംയുക്തമായി “സദ്ഭരണവും വിവരാവകാശ നിയമവും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇടപെടല്‍ വെളിവാക്കുന്ന ചോദ്യങ്ങള്‍ വിവരാവകാശമായി ഉന്നയിക്കപ്പെട്ടപ്പോള്‍ വിവരാവകാശനിയമം തന്നെ പൊളിച്ചെഴുതപ്പെട്ടു. സമസ്ത മേഖലയിലും അഴിമതി നടമാടുമ്പോള്‍ നാട് വികസനത്തിലേക്ക് പോകുന്നെന്ന് കരുതാനാകില്ല. വികസനത്തിന്റെ പേരില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാര്‍ വ്യവസ്ഥിതികളെ ജീര്‍ണതയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. “കരാര്‍” വികസനത്തെയാണ് അധികാരികള്‍ വികസനമെന്ന് ഉദ്‌ഘോഷിക്കുന്നത്. റോഡുകളും പാലങ്ങളും നിര്‍മിക്കാന്‍ കോടികളുടെ കരാര്‍ നല്‍കി വികസനം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്നവരുടെ ലക്ഷ്യം കമ്മീഷന്‍ ഇനത്തില്‍ തടയുന്ന പണമാണ്.

വികസനത്തെ കുറിച്ച് വാചാലരാകുന്നവര്‍ വ്യക്തിത്വവികസനത്തെ കുറിച്ചോ വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിലെ നേട്ടങ്ങളെകുറിച്ചോ സംസാരിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതല്ലാതെ അവസാനിക്കുന്നില്ല. പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഫോര്‍ ലീഗല്‍ അസിസ്റ്റന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റ് അഡ്വ. പി ടി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ആര്‍ ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു, കെ എന്‍ കെ നമ്പൂതിരി, അഡ്വ. എ ജയകുമാര്‍, പത്മന്‍ കോഴൂര്‍, വി ശ്രീകുമാര്‍ സംസാരിച്ചു.

Latest