ഇടഞ്ഞ ആന പാപ്പാന്മാരെ കുത്തിക്കൊന്നു

Posted on: April 8, 2016 9:17 am | Last updated: April 8, 2016 at 9:18 am
SHARE

elepahantകറുകച്ചാല്‍ (കോട്ടയം): തടിപിടിക്കുന്നതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തികൊന്നു. കറുകച്ചാല്‍ തൊമ്മച്ചേരി സുഭാഷ് സ്‌കൂളിനു സമീപം തടിപിടിക്കാനെത്തിയ ചാന്നാനിക്കാട് സ്വദേശി ശശിയുടെ രാജന്‍ എന്ന ആനയാണ് പാപ്പാന്മാരെ കുത്തിക്കൊലപ്പെടുത്തിയത്. ഒന്നാം പാപ്പാന്‍ ശാന്തിപുരം സന്തോഷ് ഭവനില്‍ ഗോപിനാഥന്‍ നായര്‍ (64), രണ്ടാം പാപ്പാന്‍ ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ മണിയപ്പന്റെ മകന്‍ അഖില്‍ (26) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

elephant attack
ഗോപിനാഥന്‍ നായര്‍,അഖില്‍

ഇടഞ്ഞ ആന ഒന്നാം പാപ്പാനെ കുത്തിവീഴ്ത്തിയ ശേഷം ഓടുകയായിരുന്നു. ആനയെ തളയ്ക്കാന്‍ പിന്നാലെ ഓടിയ രണ്ടാം പാപ്പാനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയെങ്കിലും കുത്തുകൊള്ളാതെ ആദ്യം രക്ഷപ്പെട്ടു. തുടര്‍ന്ന് തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി നെഞ്ചില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഖിലിനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറുകച്ചാല്‍- കോട്ടയം റോഡിലും കറുകച്ചാല്‍ – ചങ്ങനാശ്ശേരി റോഡിലും വാഹനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആനയുടെ പിന്നാലെ ഓടിയെത്തിയ ആള്‍ക്കൂട്ടം ആനയെ വീണ്ടും പ്രകോപിതനാക്കി. കോട്ടയം എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടര്‍ സാബുവും സംഘവും എത്തി മയക്കുവെടി വെച്ചു. തുടര്‍ന്ന് മോഹനദാസ് കുറുപ്പിന്റെ നേതൃത്വത്തില്‍ എത്തിയ പാപ്പാന്മാര്‍ ആനയെ തളയ്ക്കുകയായിരുന്നു.
ഗോപിനാഥന്റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും. രത്‌നമ്മയാണ് ഗോപിനാഥന്റെ ഭാര്യ. മക്കള്‍: സിനി, സന്തോഷ്. മരുമകന്‍: അനില്‍ കുമാര്‍. അഖിലിന്റെ സംസ്‌കാരം പിന്നീട്. സജിനിയാണ് അഖിലിന്റെ മാതാവ്. സഹോദരങ്ങള്‍: അരുണ്‍ (ദുബൈ) കിരണ്‍ (അബൂദബി).