അന്താരാഷ്ട്ര കമ്മീഷന്‍ രൂപവത്കരിച്ച് മുഖം മിനുക്കാന്‍ പനാമ

Posted on: April 8, 2016 6:00 am | Last updated: April 8, 2016 at 12:46 am
SHARE

പനാമ സിറ്റി: രാജ്യത്തെ കമ്പനിയുടെ സഹായത്തോടെ സൂക്ഷിക്കപ്പെട്ട കള്ളപ്പണത്തിന്റെ പട്ടിക ചോര്‍ന്നതോടെ സമ്മര്‍ദത്തിലായ പനാമ മുഖം മിനുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധ സമിതിയെ നിയോഗിക്കുകയാണ് ഈ മധ്യ അമേരിക്കന്‍ രാഷ്ട്രം. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിക്കും. ഈ കമ്മീഷനില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുണ്ടാകുമെന്നും പനാമ പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വറേല പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങള്‍ വഴി വിട്ട് പ്രവര്‍ത്തിച്ചോ എന്ന് കമ്മീഷന്‍ വിലയിരുത്തും. വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യും. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകും കമ്മീഷനോട് ആവശ്യപ്പെടുക.
മൊസ്സാക് ഫൊന്‍സേക കമ്പനി കള്ളരേഖകള്‍ തരപ്പെടുത്തിയും രഹസ്യ നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കിയും ലോകത്താകെയുള്ള അതിസമ്പന്നര്‍ക്ക് നികുതി വെട്ടിക്കാന്‍ സൗകര്യമൊരുക്കിയതിന്റെ ലക്ഷക്കണക്കിന് രേഖകളാണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്റെ സുഹൃത്തുക്കള്‍, ബ്രിട്ടനിലെയും പാക്കിസ്ഥാനിലെയും പ്രധാനമന്ത്രിയുടെ ബന്ധുക്കള്‍, ഉക്രൈന്‍ പ്രസിഡന്റ് തുടങ്ങി ഉന്നതരാണ് പനാമാ പേപ്പേഴ്‌സില്‍ കുടുങ്ങിയത്. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിന്റെ ബന്ധുവിന്റെ നിക്ഷേപവും മൊസ്സാക് ഫൊന്‍സേക കമ്പനി കൈകാര്യം ചെയ്തിട്ടുണ്ട്.
വിവരച്ചോര്‍ച്ച പനാമയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് സര്‍ക്കാറിന്റെ ധനകാര്യ ഉപദേഷ്ടാവ് ഗിയാന്‍ കാസ്റ്റില്ലറോ പറഞ്ഞു. 83 ശതമാനവും സേവനാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ അടി തന്നെയാണ് ഇത്. കരകയറാന്‍ സമയമെടുക്കുമെന്നും കാസ്റ്റില്ലറോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here