ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത്; കയ്പമംഗലം കോണ്‍ഗ്രസ് ഏറ്റെടുക്കും

Posted on: April 8, 2016 5:26 am | Last updated: April 8, 2016 at 12:28 am
SHARE

shanimol-usman_650_050714045927തിരുവനന്തപുരം: ഹൈക്കമാന്‍ഡ് അംഗീകരിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടാതെ പോയ മുതിര്‍ന്ന വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കും. ഒറ്റപ്പാലത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി ശാന്താ ജയറാമിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ഷാനിമോളെ പരിഗണിക്കുന്നത്. ഷാനിമോള്‍ ഉസ്മാനുമായി കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തി. ഇതിനിടെ ആര്‍ എസ് പിക്ക് നല്‍കിയ കയ്പമംഗലം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ ധാരണയായി. പകരം മലബാറില്‍ കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്ന മൂന്ന് സീറ്റുകളിലൊന്ന് ആര്‍ എസ് പിക്ക് നല്‍കും. കെ എസ് യു ജില്ലാ പ്രസിഡന്റ് കൂടിയായ ശോഭാ സുബിന്‍ കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍ സി പി എമ്മിലെ കെ എസ് സലീഖക്കെതിരെ 13,493 വോട്ടിന് ദയനീയമായി പരാജയപ്പെട്ട ശാന്ത ജയറാമിനെയാണ് കോണ്‍ഗ്രസ് ഇത്തവണ ഒറ്റപ്പാലത്ത് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, പ്രാദേശികതലത്തിലെ എതിര്‍പ്പിനെ തുടര്‍ന്ന് ഒറ്റപ്പാലത്ത് പ്രചാരണ രംഗത്തിറങ്ങാന്‍ ശാന്ത ജയറാമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ട ശാന്ത ജയറാമിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതാക്കള്‍.
ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മാറ്റുന്നതാണ് ഉചിതമെന്ന് പാലക്കാട് ഡി സി സി. കെ പി സി സിക്ക് റിപ്പോര്‍ട്ടും നല്‍കി. തുടര്‍ന്നാണ് ഷാനിമോള്‍ ഉസ്മാനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്. ഷാനിമോളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംസാരിച്ചു. സ്ഥാനാര്‍ഥിയാകാന്‍ ഷാനിമോള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായും കെ പി സി സി അധ്യക്ഷന്‍ ആശയവിനിമയം നടത്തി. ഒറ്റപ്പാലത്ത് മത്സരിക്കുന്നതിന് ഷാനിമോള്‍ക്ക് സമ്മതമാണെങ്കില്‍ എതിര്‍പ്പില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ അമ്പലപ്പുഴ സീറ്റില്‍ ഷാനിമോളെ പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം അമ്പലപ്പുഴ സീറ്റ് ജെ ഡി യുവിന് നല്‍കാന്‍ തീരുമാനിച്ചതോടെ ഷാനിമോള്‍ പട്ടികയില്‍ നിന്ന് പുറത്താകുകയായിരുന്നു.
ടി എന്‍ പ്രതാപന്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചിരുന്ന കയ്പമംഗലം സീറ്റ് വിവാദമായതോടെ ആര്‍ എസ് പിക്ക് നല്‍കുകയായിരുന്നു. ഇതിനിടെയാണ് കയ്പമംഗലം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here