മലയോര മനസ്സാണ്…എവിടേക്കും ചായാം

Posted on: April 8, 2016 5:19 am | Last updated: April 8, 2016 at 12:20 am

MANDALA PARYADANAMചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും തീക്ഷ്ണവുമായ പോരാട്ടത്തിനാണ് ജില്ലയിലെ മലയോര മണ്ഡലമായ തിരുവമ്പാടി ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കര്‍ഷകരും മതന്യൂനപക്ഷങ്ങളും നിര്‍ണായകമായ മണ്ഡലം പൊതുവെ വലതുപക്ഷത്തിന്റെ ശക്തികേന്ദ്രമായാണ് എണ്ണപ്പെടുന്നത്. എന്നാല്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന 2011ലെ തിരഞ്ഞെടുപ്പും തുടര്‍ന്ന് നടന്ന പാര്‍ലിമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളും എടുത്തുനോക്കിയാല്‍ ഇരുമുന്നണിയും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത്‌പോയിട്ടുണ്ട്.
കൂടാതെ ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ മലയോര മേഖലയില്‍ ഇപ്പോഴും വിട്ടൊഴിയാത്ത ആശങ്ക, റബ്ബര്‍, നാളികേര വിലയിടവ് അടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളും തുടങ്ങി മുന്നണികളുടെ പരമ്പരാഗത വോട്ട് ബേങ്കില്‍ വിള്ളല്‍ വീഴ്ത്താല്‍ കഴിയുന്ന നിരവധി പ്രശ്‌നങ്ങളാണ് മണ്ഡലത്തിലുള്ളത്. തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സാമുദായികമായി ചേരിതിരഞ്ഞുള്ള പ്രചാരണങ്ങള്‍ അണിയറകളില്‍ നടക്കുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും മലബാര്‍ വികസന മുന്നണിയും സംയുക്തമായി ഒരു സ്ഥാനാര്‍ഥിയെയും രംഗത്തിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണിക്കും തുല്ല്യസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ അടിയൊഴുക്കുകള്‍ തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്.
സി പി എമ്മിലെ ജോര്‍ജ് എം തോമസും മുസ്‌ലിം ലീഗിലെ വി എം ഉമ്മര്‍ മാസ്റ്ററും തമ്മിലാണ് പ്രധാന മത്സരം. മത്തായി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 2007ലെ ഉപതിരഞ്ഞെടുപ്പില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 250 വോട്ടിന്റെ നേരിയ ഭൂരിഭക്ഷത്തില്‍ മണ്ഡലം ജോര്‍ജ് എം തോമസ് നിലനിര്‍ത്തുകയായിരുന്നു.
സിറ്റിംഗ് എം എല്‍ എ. സി മോയിന്‍കുട്ടിയെ പിന്‍വലിച്ച് വി എം ഉമ്മര്‍ മാസ്റ്റര്‍ക്ക് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ വലിയ വിവാദമാണുണ്ടായത്. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന് ലീഗ് സമ്മതിച്ചതാണെന്നും ഇവിടെ മലയോര കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് മലയോര വികസന സമിതി രംഗത്തെത്തി. ഇവര്‍ക്ക് താമരശ്ശേരി രൂപത പിന്തുണയും നല്‍കി. തിരുവമ്പാടി സീറ്റ് നല്‍കാമെന്ന് കാണിച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടി കൈമാറിയ കത്തും പുറത്തായി. എന്നാല്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനാകില്ലെന്ന ഉറച്ച നിലപാട് മുസ്‌ലിംലീഗ് സ്വീകരിച്ചതോടെ കോണ്‍ഗ്രസ് പിന്നാക്കം പോകുകയായിരുന്നു. മണ്ഡലത്തില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ ഇതിനകം ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. യു ഡി എഫും സഭാ നേതൃത്വവും തമ്മിലുള്ള പ്രശ്‌നം മുതലെടുക്കാന്‍ എല്‍ ഡി എഫ് പരമാവധി ശ്രമിച്ചു. സഭക്ക് അനുയോജ്യനായ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമമുണ്ടായി. ഒടുവില്‍ കുടിയേറ്റ കര്‍ഷകനായ സി പി എം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസിനെ തന്നെ മത്സരിപ്പിക്കുകയായിരുന്നു.
ഇതിനിടെ രണ്ട് ദിവസം മുമ്പാണ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയനും മലബാര്‍ വികസന മുന്നണിയും സംയുക്തമായി ഒരു സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ രംഗത്തിറക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൂടരഞ്ഞി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സൈമണ്‍ തോണക്കരയാണ് ഇവരുടെ സ്ഥാനാര്‍ഥി. താമരശ്ശേരി രൂപതയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ രൂപത നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല. കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലാണ് നിലവില്‍ മണ്ഡലത്തില്‍ യു ഡി എഫ് ഭരണുള്ളത്. കോണ്‍ഗ്രസിനും ക്രൈസ്തവ മതവിഭാഗത്തിനും നിര്‍ണായക സ്വാധീനമുള്ള ഈ പഞ്ചായത്തുകളിലാണ് മലബാര്‍ വികസന മുന്നണി സ്ഥാനാര്‍ഥിക്കും സ്വാധീനമുള്ളതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ യു ഡി എഫില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ഇന്നലെ നേരിട്ടെത്തി മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം തീരെ സ്വാധീനവുമില്ലാത്ത മണ്ഡലമാണ് തിരുവമ്പാടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3894 വോട്ടും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 6153 വോട്ടുമാണ് ലഭിച്ചത്. എന്‍ ഡി എ മുന്നണിക്കായി ഇത്തവണ ബി ഡി ജെ എസ് ജില്ലാ നേതാവ് ഗിരി പാമ്പാടാണ് മത്സരിക്കുന്നത്.