തോമസ് ഐസക് @ ഫേസ്ബുക്ക്

Posted on: April 8, 2016 12:18 am | Last updated: April 8, 2016 at 12:18 am

thomas isacആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേറിട്ട മാര്‍ഗവുമായി രംഗത്തെത്തി ശ്രദ്ധേയനായ ആലപ്പുഴ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ടി എം തോമസ് ഐസക്ക് തന്റെ നവമാധ്യമ ഇടപെടലുകള്‍ പുസ്തക രൂപത്തിലാക്കി വോട്ടര്‍മാരിലെത്തിക്കാനുള്ള തിരക്കിലാണ്. ഫേസ്ബുക്കില്‍ താന്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട് ഒട്ടേറെ പേര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ പുരോഗമനപരമായ ഒട്ടേറെ ആശയങ്ങള്‍ പങ്കുവെക്കാനും സന്ദേശങ്ങള്‍ കൈമാറാനും നവമാധ്യമ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഡോ ഐസക്ക് അവകാശപ്പെടുന്നു.
സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ക്ക് പുറമെ, വികസനപരവും ജീവകാരുണ്യപരവുമായ ഒട്ടേറെ വിഷയങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇടം നേടുകയും ഇതിനെല്ലാം ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ ഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍മല ഭവനം നിര്‍മല നഗരം, ജൈവ കൃഷി പ്രചാരണം, തീരദേശത്തെ കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കിയ പ്രതിഭാതീരം പരിപാടി തുടങ്ങി സമൂഹത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുത്തവ പത്ത് ഭാഗങ്ങളായി തിരിച്ചാണ് പുസ്തക രൂപത്തിലാക്കിയിട്ടുള്ളത്. ഫേസ്ബുക്ക് ഡയറിയിലെ ഓരോ പോസ്റ്റിനുമൊപ്പം കൊടുത്തിരിക്കുന്ന ക്യു ആര്‍ കോഡ് സ്മാര്‍ട്ട് ഫോണില്‍ സ്‌കാന്‍ ചെയ്താല്‍ അതാത് ഫേസ്ബുക്ക് പോസ്റ്റ് തുറന്ന് കിട്ടുകയും ചെയ്യും. ക്യു ആര്‍ കോഡ് രേഖപ്പെടുത്തി പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് തോമസ് ഐസക്കിന്റെ ഫേസ് ബുക്ക് ഡയറി.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 175 രൂപ വിലയുള്ള പുസ്തകം പത്തിന് വൈകുന്നേരം നാലിന് നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്യും. പ്രൊഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തും. രവി ഡി സി പുസ്തകം പരിചയപ്പെടുത്തും. പുസ്തകത്തിന്റെ റോയല്‍റ്റി തുക പാതിരപ്പള്ളിയിലെ സ്‌നേഹജാലകം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് സംഭാവനയായി നല്‍കാനാണ് തീരുമാനമെന്ന് ഡോ തോമസ് ഐസക്ക് പറഞ്ഞു. ഫേസ്ബുക്കിലെ തന്റെ വിവിധ പോസ്റ്റുകളിലൂടെ പരിചിതരായവരുടെ കൂട്ടായ്മയും ഇതോടൊപ്പം നടക്കും. പത്തിന് തന്നെ രാവിലെ ആലപ്പുഴ മണ്ഡലത്തിലെ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ശുചീകരിക്കാനുള്ള പദ്ധതിയും തോമസ് ഐസക്ക് തയ്യാറാക്കിയിട്ടുണ്ട്.മുഴുവന്‍ കേന്ദ്രങ്ങളിലും രാവിലെ എട്ട് മുതല്‍ അതാത് പ്രദേശത്തെ ജനങ്ങള്‍ സംഘടിച്ച് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ശുചീകരിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
നേരത്തെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചതും വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയായിരുന്നു. ഫേസ്ബുക്ക് ഡയറി ഉള്‍പ്പെടെയുള്ള തന്റെ 20 പുസ്തകങ്ങള്‍ മണ്ഡലത്തിലെ ഓരോ വീടുകളിലുമെത്തിച്ച് വില്‍പ്പന നടത്താനായി പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെന്നും ഒരു മാസം കൊണ്ട് പരമാവധി പുസ്തകങ്ങള്‍ വില്‍പ്പന നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടനെ വ്യത്യസ്ത പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച ഡോ. തോമസ് ഐസക്ക് നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുളള പ്രത്യേക സംഘത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കുന്ന ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനുകള്‍ തത്സമയം ലോകമെമ്പാടും യൂ ട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളത്.