Connect with us

Kerala

പാലയില്‍ പൂക്കുമോ പുതിയൊരു 'മാണി'

Published

|

Last Updated

ബാര്‍ കോഴയില്‍ മുങ്ങികുളിച്ച് മന്ത്രിസ്ഥാനം വലിച്ചെറിയേണ്ടി വന്ന കരിങ്ങോഴക്കല്‍ മാണിക്ക് ഇത്തവണ റെക്കോര്‍ഡുകള്‍ അരക്കിട്ടുറപ്പിക്കാനുള്ള മത്സരമല്ല തന്റെ 13ാം നിയമസഭയിലേക്കുള്ള അങ്കം. പാലായില്‍ മാണിമാരുടെ മത്സരം മുറുകുമ്പോള്‍ ബാര്‍ കോഴയും റബ്ബര്‍ വിലയിടിവും കേരള കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പുകളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5299 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി എന്‍ സി പിയിലെ മാണി സി കാപ്പനെ കെ എം മാണി പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണ ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തന്നെ കൈവിടില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍.
ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രിസ്ഥാനം നഷ്ടമായി പാലായില്‍ എത്തിയ കെ എം മാണി, പാലായിലെ ജനങ്ങളിലാണ് തന്റെ വിശ്വാസമെന്നും “പാലാക്ക് പുറത്തൊരു ലോകമുണ്ടെന്നു തന്നെ ആരും പഠിപ്പിക്കേണ്ടെന്നും, താന്‍ കുറേ ലോകം കണ്ടിട്ടുണ്ടെന്നും എന്നാല്‍ പാലായാണ് തന്റെ ഏറ്റവും വലിയ ലോകമെന്നും പറഞ്ഞായിരുന്നു അന്ന് മാണിയുടെ വികാരനിര്‍ഭരമായ പ്രസംഗം. ഈ രാഷ്ട്രീയ തന്ത്രമാണ് കെ എം മാണിയെ 12 തവണ പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് അയക്കാന്‍ ഇവിടുത്തെ വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നത്. മാണിയുടെ പഴയ ശിഷ്യനും കേരള കോണ്‍ഗ്രസ് നേതാവുമായ പി സി തോമസ് പാലായില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ പലകോണുകളില്‍ ചര്‍ച്ചയായെങ്കിലും ഫലപ്രദമായി തോമസിനെ മത്സരരംഗത്ത് നിന്നും പിന്തിരിപ്പിക്കാന്‍ കെ എം മാണി സഭാ നേതൃത്വത്തെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദതന്ത്രങ്ങള്‍ ഫലം കാണുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ് മത്സരരംഗത്ത് നിന്നും പിന്‍മാറുന്നുവെന്നതിന് ന്യായമായി പി സി തോമസ് പറയുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്- ബി ജെ പി രഹസ്യധാരണയെ തുടര്‍ന്നാണ് തോമസ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയതെന്നാണ് സി പി എം ആരോപിക്കുന്നത്.
ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍ ഹരിയെയാണ് പാലായില്‍ മത്സരിപ്പിക്കാന്‍ ബി ജെ പി ആലോചിക്കുന്നത്. ബാര്‍ കോഴയില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവെച്ചതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒപ്പം ഉണ്ടായിരുന്ന പി സി ജോര്‍ജ് െകെവിട്ടതും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പുമെല്ലാം അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മാണി സി കാപ്പന്‍.
പഴയ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് പാലായോട് ചേര്‍ക്കപ്പെട്ട മേലുകാവ്, ഭരണങ്ങാനം, കടനാട് , തലപ്പലം, തിടനാട്, മൂന്നിലവ് പഞ്ചായത്തുകളില്‍ പി സി ജോര്‍ജിനുള്ള സ്വാധീനം മാണിക്ക് തിരിച്ചടിയുണ്ടാക്കുമെന്നും എല്‍ ഡി എഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കെ എം മാണിക്ക് 61,239 വോട്ടും മാണി സി കാപ്പന് 55,980 വോട്ടുമാണ് ലഭിച്ചത്. 2001ല്‍ 20,000ത്തിനുമേല്‍ കടന്ന ഭൂരിപക്ഷം ശക്തമായ പ്രചാരണത്തിലൂടെ അയ്യായിരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് ഇത്തവണയും മാണി സി കാപ്പനെ തന്നെ രംഗത്തിറക്കാന്‍ ഇടതുമുന്നണിക്ക് പ്രേരകമായത്. മുമ്പ് 1970ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് മാണിയെ എതിരാളികള്‍ക്ക് വിറപ്പിക്കാനായത്. അന്ന് കോണ്‍ഗ്രസിലെ എം എം ജേക്കബ് പരാജയപ്പെട്ടത് 364 വോട്ടിനാണ്.
പാലാ മണ്ഡലത്തിലെ പത്തില്‍ ഒമ്പത് പഞ്ചായത്തും പാലാ നഗരസഭയും ഭരിക്കുന്നത് യു ഡി എഫാണ്. മീനച്ചില്‍ പഞ്ചായത്തില്‍ ഇടതുപിന്തുണയോടെ കേരള കോണ്‍ഗ്രസ് വിമതനും ഭരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പാലായില്‍ 31,399 വോട്ടിന്റെ ലീഡുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 30,276 വോട്ട് ആയിരുന്നു യു ഡി എഫിന്റെ മുന്‍തൂക്കം.
മണ്ഡലം രൂപവത്കരിച്ച 1965 മുതല്‍ തുടര്‍ച്ചയായി പാലായില്‍നിന്ന് ജയിച്ചുവരുന്ന കെ എം മാണിയുടെ 13ാമത്തെ മത്സരത്തില്‍ റബ്ബര്‍ പാക്കേജും മണ്ഡലത്തിന്റെറ വികസനവും ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ധനവകുപ്പ് ഏറ്റവും കൂടുതല്‍ കാലം കൈകാര്യം ചെയ്തിട്ടുള്ള കെ എം മാണി പാലാക്കുള്ളത് പാലാക്കും കേരളത്തിനുള്ളത് കേരളത്തിനും എന്ന നിലപാട് മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളൂവെന്ന ആണയിടുമെങ്കിലും പാലായിലെത്തുന്നവര്‍ ഈ ഫോര്‍മുലയില്‍ സംശയം പ്രകടിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല. പാലായുടെ ഇടവഴികള്‍ പോലും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിരവധി പദ്ധതികള്‍ക്ക് ധനവകുപ്പ് ചുവപ്പുനാടയില്‍ കുരുങ്ങിയപ്പോഴും പാലായുടെ കാര്യം വരുമ്പോള്‍ നിറം പച്ചയായി. മകന്‍ ജോസ് കെ മാണി എം പിക്ക് ധനവകുപ്പ് പരിപൂര്‍ണ പിന്തുണ നല്‍കിയതോടെ കേന്ദ്ര ബാനറിലും വിവിധ പദ്ധതികള്‍ പാലായെ തേടിയെത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3000 കോടിയുടെ വികസന പദ്ധതികളുടെ കണക്കാണ് മാണി മുന്നോട്ടുവെക്കുന്നത്.
പാലാ പാരലല്‍ റോഡ്, റിംഗ് റോഡ് എന്നിങ്ങനെ ശതകോടികള്‍ ചെലവിട്ട് നഗരത്തിനെ ബന്ധപ്പെടുത്തി വലിയൊരു റോഡ് ശൃംഖലക്കും അദ്ദേഹം തുടക്കമിട്ടു. പാരലല്‍ റോഡിന്റെ മൂന്നാം ഘട്ടമായി പുലിയന്നുരിലേക്ക് നീട്ടുന്ന ജോലികള്‍ 27 കോടി ചെലവഴിച്ച നടന്നുവരികയാണ്. 31.60 കോടിയുടെ കടപ്പാട്ടൂര്‍ -12ാം മൈല്‍ റിംഗ് റോഡിന്റെ നിര്‍മാണവും നടക്കുന്നു.
കഴിഞ്ഞ തവണ സ്വന്തം കോട്ടയിലെ ഭൂരിപക്ഷം 5000 ലേക്ക് കുറഞ്ഞതോടെ നിര്‍മാണങ്ങളുടെ പെരുമഴയാണ് പിന്നെ കണ്ടത്. ആരാധനാലയങ്ങളെ ബന്ധപ്പെടുത്തി റോഡ് അടക്കം പദ്ധതികള്‍ തുടക്കമിട്ടു. ബഹുനില കെട്ടിടങ്ങളും പാലങ്ങളും റോഡുകളും മാത്രമാണ് വികസനമെങ്കില്‍ എത്ര മാര്‍ക്കുവേണമെങ്കിലും നല്‍കാം. എന്നാല്‍, സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനോ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ലെന്നാണ് മാണി സി കാപ്പന്റെ പരാതി. ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. രാമപുരം ഗവ.ആശുപത്രിയില്‍ ഡയാലിസിസ് ഉപകരങ്ങള്‍ അടക്കമുള്ളവ സജീകരിക്കാന്‍ ഇപ്പോള്‍ മാത്രമാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ഒന്നടങ്കം മാണിക്കെതിരെ ആരോപിക്കുന്നു.