Connect with us

Kerala

സീറ്റിന് തുല്യമായ സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം; ജോണി നെല്ലൂര്‍ യു ഡി എഫില്‍ മടങ്ങിയെത്തും

Published

|

Last Updated

തിരുവനന്തപുരം: സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു ഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍ യു ഡി എഫിലേക്ക് മടങ്ങിയെത്തും. ജോണി നെല്ലൂരിനെ അനുനയിപ്പാക്കുനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം ഫലം കണ്ടതായാണ് സൂചന. സീറ്റിന് തുല്യമായ സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജോണി നെല്ലൂര്‍ കേരളാകോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ ജോണി നെല്ലൂരിനെ യു ഡി എഫിലേക്ക് മടക്കികൊണ്ടുവരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളല്ല മറിച്ച് യു ഡി എഫിന്റെ അവഗണന കൊണ്ടാണ് ജോണിനെല്ലൂര്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ജേക്കബ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയത്. ജോണി നെല്ലൂരിനെ മടക്കികൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് യു ഡി എഫ് ഉറപ്പു നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജോണി നെല്ലൂരുമായി സംസാരിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ല. തുടര്‍ന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ജോണിനെല്ലൂരിനോട് സംസാരിച്ചു. ഡെയ്‌സി ജേക്കബ് മുഖേനയും ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് ഡെയ്‌സി ഉറപ്പു നല്‍കി. ഇതോടെയാണ് ജോണി നെല്ലൂര്‍ നിലപാട് മയപ്പെടുത്തിയത്.
ജോണി നെല്ലൂര്‍ മുന്നണി വിട്ടുപോകുമെന്നു കരുതുന്നില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. അങ്കമാലി സീറ്റ് പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതാണ്. അതു മനഃപൂര്‍വമല്ല. ഇക്കാര്യം ആദ്യം തന്നെ പറഞ്ഞിരുന്നു. ജോണിക്കു സീറ്റിനു തുല്യമായ സ്ഥാനം യു ഡി എഫ് നല്‍കുമെന്നും തങ്കച്ചന്‍ പറഞ്ഞു. സീറ്റ് നിഷേധിച്ച അവസരത്തില്‍ ജോണി നെല്ലൂരിന് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ മികച്ച പദവി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

Latest