പെരുകുന്ന കുടുംബ ശൈഥില്യങ്ങള്‍

Posted on: April 8, 2016 6:00 am | Last updated: April 7, 2016 at 11:46 pm
SHARE

SIRAJ.......സംസ്ഥാനത്ത് കുടുംബ കേസുകളും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി ഹൈക്കോടതി അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,96,000 വിവാഹമോചനക്കേസുകളാണ് രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2005ല്‍ വിവാഹമോചനക്കേസുകളുടെ എണ്ണം 8,456 മാത്രമായിരുന്നു. 2007 ആയപ്പോഴേക്കും 9,937 ആയി ഉയര്‍ന്നു. 2009ല്‍ 24,815 കേസുകളും 2011ല്‍ 44,982 കേസുകളും രജിസ്റ്റര്‍ ചെയ്തു. രണ്ട് വര്‍ഷം കൊണ്ട് ഇരട്ടിയോളം കേസുകളുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ത്യയിലാകെ 23.43 ലക്ഷം വിവാഹമോചനക്കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ എട്ട് ശതമാനമാവും കേരളത്തിലാണ്.
ബന്ധം ഒഴിയാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നവരിലധികവും യുവതീയുവാക്കളും ഉന്നത വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ളവരുമാണ്. കേരളത്തിലെ വിവാഹമോചനക്കേസുകളിലെ ജില്ല തിരിച്ചുള്ള കണക്കുകളും ഇത് സാധൂകരിക്കുന്നുണ്ട്. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും കുടുതലുള്ള തെക്കന്‍ ജില്ലകളെ അപേക്ഷിച്ചു വടക്കന്‍ ജില്ലകളില്‍ വിവാഹമോചന കേസുകളുടെ എണ്ണം കുറവാണ്. സ്ത്രീകള്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ചതും ജോലി സ്ഥലത്തും പുറത്തും അന്യപുരുഷനും സ്ത്രീക്കും പരസ്പരം ഇടപഴകാനും സല്ലപിക്കാനുമുള്ള അവസരങ്ങള്‍ കൂടിവന്നതുമാണ് ഇതിന്റെ പ്രധാന കാരങ്ങളിലൊന്നായി സാമൂഹിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. വിവാഹേതര ബന്ധങ്ങളുടെ വര്‍ധനവിന് ഇത് വഴിവെച്ചു. സൗഹൃദ ബന്ധങ്ങളെന്ന പേരില്‍ വഴിവിട്ട ബന്ധങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിശിഷ്യാ നഗര പ്രദേശങ്ങളില്‍. കാമുകന്റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലുന്നതിന് ക്വട്ടേഷന്‍ നല്‍കുന്നതും കാമുകിയോടൊപ്പം ജീവിക്കാന്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുന്നതും പുതുമയുള്ള വാര്‍ത്തയല്ലാതായിരിക്കുകയാണല്ലോ.
സോഷ്യല്‍ മീഡിയയുടെ വ്യാപനമാണ് മറ്റൊരു കാരണം. ജോലി കഴിഞ്ഞു വീടണഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ഏറെ സമയവും സ്മാര്‍ട്ട് ഫോണുകളിലാണ് സമയം ചെലവഴിക്കുന്നത്. കുടുംബ വിഷയങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചയ്യാനോ സന്ദേഹങ്ങള്‍ പരിഹരിക്കാനോ ഉള്ള സമയം ഇല്ലാതായി. ഒമാനില്‍ വിവാഹമോചനക്കേസുകള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണത്തെക്കുറിച്ചു മസ്‌കത്തിലെ ഖാബൂസ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ സോഷ്യല്‍ മീഡിയയാണ് പ്രധാനവില്ലനായി കണ്ടത്. അരികിലാണെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍ ദമ്പതികള്‍ക്കിടയില്‍ അകലം സൃഷ്ടിക്കുന്നു. രാത്രി കാലങ്ങളില്‍ പോലും ഭര്യാഭര്‍ത്താക്കന്മാര്‍ ഇന്റര്‍നെറ്റിന് അടിമപ്പെട്ടിരിക്കുകയാണെന്ന് പഠനം കണ്ടെത്തി. ഭര്‍ത്താവറിയാതെ ഭാര്യക്കും ഭാര്യയറിയാതെ ഭര്‍ത്താവിനും കാമുകീ കമുകന്മാരുമായി ആശയവിനിമയം നടത്താന്‍ ഇത് അവസരമേകുന്നു. ഒരു മിസ്ഡ് കോള്‍ പ്രണയത്തിന്റെ എടുത്തുചാട്ടത്തില്‍ സ്വന്തം മക്കളെ വഴിയാധാരമാക്കി സ്ത്രീകള്‍ ഒളിച്ചോടുന്ന അനുഭവങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ദുരന്തങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നു.
മദ്യപാനത്തിനുമുണ്ട് ബന്ധശൈഥില്യങ്ങളുടെ പെരുപ്പത്തില്‍ വലിയൊരു പങ്ക്. 2014ല്‍ സംസ്ഥാനത്തെ കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 36,000 എണ്ണവും മദ്യപാനത്തെത്തുടര്‍ന്നായിരുന്നു. കേരളത്തിലെ ഭൂരിഭാഗം കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലാണെന്നും വര്‍ധിച്ചുവരുന്ന മദ്യപാനശീലമാണിതിന് മുഖ്യകാരണമെന്നുമാണ് ഒരു ചടങ്ങില്‍ ഹൈക്കോടതി ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി ചൂണ്ടിക്കാട്ടിയത്. പങ്കാളിയുടെ മദ്യപാനം കുടുംബാന്തരീക്ഷത്തെയും സാമ്പത്തിക ഘടനയെയും തകര്‍ക്കുകയും ഒടുവില്‍ വിവാഹമോചനത്തില്‍ കലാശിക്കുകയുമാണ്. മദ്യപാനത്തിന്റെ കെടുതികളായ രോഗങ്ങളും വിവാഹമോചനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു. പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. ഇ എം ഹോച്ചിന്റെ അഭിപ്രായത്തില്‍ മദ്യപാനശീലം മൂലം മനോരോഗികളായിത്തീരുന്നവരുടെ എണ്ണം ഇന്ത്യയിലും കേരളത്തിലും വര്‍ധിച്ചുവരികയാണ്. 100 മദ്യപരില്‍ 18 പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ബാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
അണുകുടുംബ പശ്ചാത്തലം, മാതാപിതാക്കളുടെ പിടിവാശി, കുടുംബജീവിതത്തെക്കുറിച്ച് സിനിമകളും സീരിയലുകളും മറ്റും നല്‍കുന്ന വികലമായ സന്ദേശങ്ങള്‍, വര്‍ധിച്ചു വരുന്ന ഉപഭോഗ സംസ്‌കാരം തുടങ്ങി മറ്റനേകം കാരണങ്ങളുമുണ്ട് ദാമ്പത്യത്തകര്‍ച്ചക്ക്. ഇതൊരു വലിയ സാമൂഹിക പ്രശ്‌നമായി മാറുകയാണ്. ദമ്പതികള്‍ തമ്മിലുള്ള വഴക്കും വേര്‍പിരിയലും കുഞ്ഞുങ്ങളുടെ ഭാവിയില്‍ ഇരുള്‍വീഴ്ത്തുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുതിര്‍ന്നവര്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ കണ്ടുവളരുന്ന കുട്ടികളിലാണ് കുറ്റവാസനകള്‍ കൂടുതലായി കണ്ടുവരുന്നത്. ബന്ധങ്ങള്‍ പൊട്ടിച്ചെറിയാനും വഴിപിരിയാനും എളുപ്പമാണ്. അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പരിഹരിക്കുക ദുഷ്‌കരവും. പങ്കാളികള്‍ കൂടിയിരുന്ന് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടക്കിടെ അല്‍പ്പസമയം നീക്കിവെക്കുകയും പ്രശ്‌നങ്ങള്‍ ഉടലെടുത്താന്‍ വഷളാകുന്നതിന് മുമ്പേ അത് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ കുടുംബ ശൈഥില്യം ഒഴിവാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here