പനാമ രേഖകള്‍ ഞെട്ടിക്കുമ്പോള്‍

രാഷ്ട്രപതി സ്ഥാനത്തേക്ക് അമിതാഭ് ബച്ചന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘ്പരിവാര്‍ സംഘടനകളും പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകത്തെ വന്‍ നികുതി വെട്ടിപ്പുകാരുടെയും കള്ളക്കടത്തുകാരുടെയും നിരയിലേക്ക് ബച്ചനും ചെന്നുപെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണാധികാരികളുടെ വിശ്വസ്തരുടേയും സഹയാത്രികരുടേയും തനിനിറം തുറന്നുകാട്ടുന്നതാണ് പുറത്തുവന്ന പനാമ രേഖകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം വലിയ പ്രചാരണായുധമാക്കിയ നരേന്ദ്രമോദി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അതേക്കുറിച്ച് മിണ്ടിയിരുന്നില്ല. എന്തായാലും പനാമ രേഖകള്‍ ഈ നിശ്ശബ്ദതക്ക് ഭംഗം വരുത്താന്‍ നിര്‍ബന്ധിതനാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Posted on: April 8, 2016 5:43 am | Last updated: April 7, 2016 at 11:45 pm
SHARE

ലോകത്തെ വന്‍ വ്യവസായികളും സിനിമാ-ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളും നികുതി ഇല്ലാത്ത രാജ്യങ്ങളില്‍ കോടാനുകോടി രൂപ നിക്ഷേപിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന രേഖകള്‍ പുറത്തു വന്നരിക്കുകയാണ്. നിയമവിധേയമല്ലാത്തവയാണ് ഇവയില്‍ വലിയ പങ്കും. മധ്യ അമേരിക്കന്‍ രാജ്യമായ പനാമയിലുള്ള മൊസാക്ക് ഫോണ്‍സക എന്ന ഉപദേശക സ്ഥാപനത്തില്‍ 1977 – 2015 കാലത്ത് നടന്ന വന്‍ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെറും 40 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചുരാജ്യമാണ് പനാമ. നികുതിയില്ലാ രാജ്യങ്ങളില്‍ കമ്പനികള്‍ തുറക്കുന്നതിനും സമ്പത്ത് നിക്ഷേപിക്കുന്നതിനും സഹായങ്ങള്‍ നല്‍കുന്ന നിയമ- ധനകാര്യ സ്ഥാപനമാണ് പനാമയിലെ മൊസാക്ക് ഫോണ്‍സക.
35 രാജ്യങ്ങളില്‍ ഇതിന് ഓഫീസുകളുണ്ട്. ബ്രിട്ടീഷ് വെര്‍ജീന്‍ ഐലന്റ,് സീഷെല്‍സ്, പാനമ ഐല്‍ ഓഫ് മാന്‍, മൊറീഷ്യസ്, ബര്‍മുഡാ തുടങ്ങിയ നികുതി ഇല്ലാ രാജ്യങ്ങളില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യം ഈ സ്ഥാപനത്തിനുണ്ട്. നാമമാത്ര കമ്പനികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ മുന്‍ നിരയിലാണ് ഇത്. ജര്‍മന്‍ അഭിഭാഷകനായ മൊസാക്കും പാനമന്‍ അഭിഭാഷകനും എഴുത്തുകാരനുമായ റമോന്‍ഫെന്‍ ഡേക്കമോറയും ചേര്‍ന്ന് പനാമ സിറ്റി കേന്ദ്രീകരിച്ച് 1977 ല്‍ ആരംഭിച്ച സ്ഥാപനമാണ് മൊസാക്ക് ഫൊന്‍ സേക്ക. നിലവിലെ പനാമന്‍ പ്രസിഡന്റിന്റെ മാതൃസംഘടനയായ പാനമി നിസ്ത പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു ഒരു മാസം മുമ്പുവരെ ഫെന്‍സെക്ക. കഴിഞ്ഞ മാസം അഴിമതി ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.
എഡ്വേര്‍ഡ് സ്‌നോഡന്‍ ചോര്‍ത്തിയ വീക്കിലിക്‌സിനേക്കാള്‍ അനേകം മടങ്ങ് വലുതാണ് ഈ പനാമാ രേഖകള്‍. ഇതില്‍ 115 ലക്ഷം രേഖകളാണുള്ളത്. 2.14 ലക്ഷം കമ്പനികളെപ്പറ്റിയുള്ള ഈ രേഖകള്‍ 2.6 ടെറാ ബൈറ്റ് (600 ഡി വി ഡികളില്‍ കൊള്ളുന്ന വിവരം) വരും. ഒരു വര്‍ഷം മുമ്പ് ജര്‍മന്‍ പത്രമായ ബുദ്ധഡോയിച്ച് സൈടുംഗിനാണ് രേഖകള്‍ കിട്ടിയത്. ആരാണ് രേഖകള്‍ നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പ്രമുഖരായ പല ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പാനമ രേഖകളില്‍ ഉള്‍പ്പെട്ടത് ലോകത്തെ ഞെട്ടിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്റെ അടുത്ത രണ്ട് സുഹൃത്തുക്കള്‍, ചൈനീസ് പ്രസിഡന്റ് ഷിജിന്‍ വിംഗിന്റെ സഹോദരീ ഭര്‍ത്താവ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മൂന്ന് മക്കള്‍, ഐസ് ലന്റിന്റെ പ്രധാനമന്ത്രി സിഗ് മുണ്ടൂര്‍ ഡാവിഡ് കുന്‍ ലുയിക്കയുടെ ഭാര്യ, ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെകോ, അര്‍ജന്റീന പ്രസിഡന്റ് മൗറീസ്യോ മാക്രിയുടെ സഹോദരനും പിതാവും, ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പിതാവ്, മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുബാറകിന്റെ പുത്രന്‍, ഇറാഖ് മുന്‍വൈസ് പ്രസിഡന്റ് അയാദ് അലാഹി, ബേനസീറിന്റെ ബന്ധുക്കള്‍, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറര്‍, കോഫി അന്നന്റെ മകന്‍ എന്നിവരെല്ലാം ഈ നിയമവിരുദ്ധ മാര്‍ഗത്തില്‍ പണം കടത്തിയവരില്‍ ഉള്‍പ്പെടുന്നു. ഹോളിവുഡ് താരം ജാക്കിച്ചാന്‍, ഫുട്ബാള്‍ താരം ലെയണല്‍ മെസ്സി, കഴിഞ്ഞ വര്‍ഷത്തെ ഫിഫാ അഴിമതി വിവാദത്തില്‍പ്പെട്ട യുവേഫ, മുന്‍ അധ്യക്ഷന്‍ മിഷേല്‍ പ്ലറ്റിനി, ഫിഫയിലെ എത്തിക്‌സ് കമ്മിറ്റിയിലെ രണ്ടുപേര്‍ തുടങ്ങിയ പേരുകളും മൊസാക്ക് ഫെന്‍സേക്കയുടെ വ്യത്യസ്ത രേഖകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി അടക്കം 500 ഓളം ഇന്ത്യക്കാര്‍ക്ക് പാനമയില്‍ കള്ളപ്പണം നിക്ഷേപം ഉള്ളതായുള്ള രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ബച്ചന് ബഹാമസ്സിലും ഐശ്വര്യാ റായിക്ക് ബ്രിട്ടീഷ് വെര്‍ജീന്‍ ഐലന്‍ഡിലും നിക്ഷേപം ഉണ്ടെന്നാണ് രേഖകള്‍. ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗഹലൂര്‍, ഡി എ എല്‍ എഫ് പ്രോമോട്ടര്‍ കെ പി സിംഗ് തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റു രണ്ട് പ്രമുഖ ഇന്ത്യക്കാര്‍. രാഷ്ട്രീയക്കാരായ പശ്ചിമ ബംഗാളില്‍ നിന്നുള്ള ഷിഷിര്‍ ബജോറിയും ലോക്‌സാര്‍ത്താ പാര്‍ട്ടി ഡെല്‍ഹി മേധാവിയായിരുന്ന അനുരാഗ് കെജ്‌രിവാളും പട്ടികയിലുണ്ട്. ദാവൂദ് ഇബ്‌റാഹിമന്റെ സഹോദരന്‍ ഇക്ബാല്‍ മിര്‍ച്ചിയുടെ പേരും രേഖയിലുണ്ട്.
ഐശ്വര്യാ റായ്, അച്ചന്‍ കൊട്ടേഡാഡി രമണകൃഷ്ണ റോയ്, അമ്മ വൃന്ദാകൃഷ്ണ രാജ് റോയ്, സഹോദരന്‍ ആദിത്യ റോയ് എന്നിവര്‍ ഡയറക്ടര്‍മാരായ അമിത് പാര്‍ട്‌ണേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടിട്ടുള്ള രേഖകളാണ് പുറത്തായത്. പേര് പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ എ റായ് എന്നാക്കാന്‍ ഐശ്വര്യാ റായ് ആവശ്യപ്പെട്ടതായി രേഖകള്‍ കാണിക്കുന്നു. 1995 ല്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിന് രണ്ടു വര്‍ഷം മുമ്പ് ബച്ചന്‍ നാല് ഓഫ് ഷോര്‍ ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറായും നിയമിതനായിരുന്നു.
മൊസാക്ക് ഫെന്‍സേക്കയുടെ പുറത്തു വന്ന വിവരങ്ങള്‍ പ്രകാരം നികുതി വെട്ടിപ്പിന് ഏറ്റവും നല്ലയിടങ്ങളായ ബ്രിട്ടീഷ് വെര്‍ജിനാ ഐലന്‍ഡിനും ബഹാമസ്സിലുമായി 1993 ലാണ് ഈ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് ഡയറക്ടര്‍മാരാണ് സാമ്പത്തിക കോര്‍പറേറ്റ് സേവനങ്ങള്‍ നല്‍കിയിരുന്നത്. നാല് കമ്പനികള്‍ക്കും വാറണ്ട് സെക്രട്ടറീസ് ലിമിറ്റാണ് കമ്പനി സെക്രട്ടറിമാരെ നിയമിച്ചിരുന്നത്. വാറണ്ട് നോമിനീസ് ലിമിറ്റഡിനും വാറണ്ട് സര്‍വീസ് ലിമിറ്റഡിനും 500 വീതം ഷെയറുകളുണ്ട്. സ്ഥാപക ഡയറക്ടര്‍മാരായ ഉമേഷ് സഹായി, ഡേവിഡ് മിഷേല്‍പെറ്റ് എന്നിവര്‍ ചേര്‍ന്നാണ് നാല് കമ്പനികള്‍ തുടങ്ങിയത്. ഓരോ കമ്പനിയുടേയും ആദ്യബോര്‍ഡ് മീറ്റിംഗില്‍ തന്നെ ബച്ചനെ അഡീഷനല്‍ ഡയറക്ടറായി നിയമിച്ചു. 1994 ഡിസംബര്‍ 15ന് ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡ് ജിദ്ദാ ആസ്ഥാനമായ ദല്ലാഹ് അല്‍ ബാറാക ഇന്‍വെസ്റ്റമെന്റ് കമ്പനിയുമായി നിക്ഷേപ കരാറില്‍ ഒപ്പുവെച്ചു. 175 മില്യന്‍ ഡോളറിന്റെ കരാറായിരുന്നു ഇത്. ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡിന് 5000 ഡോളര്‍ മാത്രമാണ് അംഗീകൃത നിക്ഷേപമായി കാണിച്ചത്.
പനാമ പേപ്പറുകളുടെ രണ്ടാം ഭാഗം വീണ്ടും പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഐ ടി കമ്പനി പ്രമുഖന്‍ ഗൗതം സിംഗല്‍, കാര്‍ഷിക വ്യവസായി വിവേക് ജെയ്ന്‍, മുന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രഭാജ് ശുംഗ്ല, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ സുഡാനി, വിശാല്‍ ബഹദൂര്‍ ഹരീഷ് മുഹറാനി എന്നിവരും പട്ടികയിലുണ്ട്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബാംഗങ്ങള്‍ വിദേശത്ത് ധനനിക്ഷേപം നടത്തിയതില്‍ നിയമലംഘനമൊന്നുമില്ലെന്ന് പറഞ്ഞു. പനാമാ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണം.
അമേരിക്കയും സി ഐ എയുമാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിനെതിരായ ആരോപണത്തിന്റെ പിന്നിലെന്ന് റഷ്യന്‍ വക്താക്കള്‍ പറഞ്ഞു. ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്രംലിന്‍ വ്യക്തമാക്കി. പനാമ രേഖകളുടെ പ്രത്യക്ഷപ്രതിഫലനം ഐസ് ലന്റിലാണ് ഉണ്ടായത്. ഈ രേഖകളുടെ ആദ്യ രക്തസാക്ഷിയായി ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ് മുണ്ടൂര്‍ കുല്‍ ലൂയിക് സണ്‍ രാജിവെച്ചു. വിദേശത്ത് കമ്പനി രൂപവത്കരിച്ച് അതില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഇടപാട് സിഗ് മുണ്ടൂര്‍ കുല്‍ ലൂയിക് സണ്‍ നടത്തിയതായി രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ പ്രധാനമന്ത്രി പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുകയുണ്ടായി. പ്രസിഡന്റ് അത് നിരസിച്ചു. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നത്.
പനാമ രേഖകളില്‍ പരാമര്‍ശിക്കുന്ന കമ്പനികളുമായി ബന്ധമില്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നുമാണ് അമിതാഭ് ബച്ചന്റെ അവകാശവാദം. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് നികുതി വെട്ടിപ്പിനെ സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ഓസ്ട്രിയ, സ്വീഡന്‍ രാജ്യങ്ങളാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇന്ത്യയിലും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചു. 6,500 കോടി രൂപയുടെ രഹസ്യ നിക്ഷേപം സംബന്ധിച്ച വിശദവിവരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇപ്പോഴുള്ള അന്വേഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടും വളരെ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടും കോണ്‍ഗ്രസ് രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
രേഖകളില്‍ ചൈനീസ് പ്രസിഡന്റ് ഷിഇന്‍ ചിംഗിന്റേയും ഉന്നതരുടേയും പേരുകള്‍ ഉള്‍പ്പെട്ടതിനാല്‍ ആ രാജ്യത്ത് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു. പിതാവ് 30 വര്‍ഷം ബ്രിട്ടനില്‍ നികുതി വെട്ടിപ്പ് നടത്തിയിരുന്നു എന്ന വെളിപ്പെടുത്തല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. പ്രതിപക്ഷം ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുമുണ്ട്.
മാതൃ രാജ്യത്തിനു പുറത്തു നിക്ഷേപിക്കാന്‍ സമ്പത്തും സ്വാധീനവും ഉള്ളവര്‍ക്ക്’മൊസാക്ക് ഫോണ്‍സക്’എന്ന നിയമോപദേശ സ്ഥാപനം കഴിഞ്ഞ 40 വര്‍ഷങ്ങളായി ചെയ്തു കൊടുത്ത സഹായത്തിന്റെ രേഖകളാണ് പുറത്തായത്. തങ്ങളുടെ രേഖകള്‍ പരസ്യപ്പെടുത്തിയത് കുറ്റകൃത്യവും രാജ്യദ്രോഹവും പനാമക്ക് നേരെയുള്ള കടന്നാക്രമണവുമാണ് മൊസാക്ക് ഫോണ്‍സെകയുടെ സ്ഥാപകരില്‍ ഒരാളായ റമോണ്‍ ഫോണ്‍സക ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിന് ജര്‍മനിയിലും ബ്രസീലിലും അന്വേഷണം നേരിടുന്ന സ്ഥാപനമാണിത്. ഈ നടപടിയിലൂടെ ബ്രസീലിലെ ഇപ്പോഴത്തെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നു എന്നാണ് ഫോണ്‍സകക്ക് നേരെയുള്ള ആരോപണം.
കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമാണ് ഭൂരിഭാഗം പേരും പനാമ ആസ്ഥാനമായുള്ള മൊസാക്ക് ഫോണ്‍സകയെ സമീപിച്ചതെന്നാണ് കരുതപ്പെടുന്നത്. കള്ളപ്പണക്കാരും അവരുടെ സംരക്ഷകരും ലോകത്തൊട്ടാകെ ഉണ്ടെന്നാണ് പാനമ രേഖകള്‍ വിളിച്ചറിയിക്കുന്നത്. ജനാധിപത്യരാഷ്ട്രങ്ങളും രാജവാഴ്ചയിലുള്ള രാജ്യങ്ങളും മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാജ്യങ്ങളും വികസിത രാഷ്ട്രങ്ങളും അവിസകസിത രാഷ്ട്രങ്ങളുമെല്ലാം ഇതില്‍പ്പെടും. സര്‍ക്കാറുകള്‍ പലതും ഈ നികുതി വെട്ടിപ്പുകാര്‍ക്കും കള്ളപ്പണക്കാര്‍ക്കും ഒത്താശ ചെയ്യുന്നു എന്നു മാത്രമല്ല, പല ഭരണാധികാരികളും നേരിട്ട് ഇതില്‍ പങ്കാളികളുമാകുന്നു. വളരെ ഗൗരവമായി കാണേണ്ട ഒരു വസ്തുതയാണിത്.
പനാമ രേഖകള്‍ ലോകരാഷ്ട്രീയ രംഗത്തു തന്നെ വലിയ ചലനം സൃഷ്ടിക്കും. ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രസിഡന്റ് ഡേവിഡ് ഗണ്‍ ലൗഗ് സണ്‍ മാത്രമാണ് ഇതിനകം രാജിവച്ചിട്ടുള്ളത്. മറ്റ് പല രാജ്യങ്ങളിലും ആരോപണവിധേയരായവര്‍ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ലോകരാഷ്ട്രീയ രംഗത്ത് തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ രേഖകള്‍ സഹായകരമാകും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കള്ളപ്പണത്തെപ്പറ്റിയുള്ള ചര്‍ച്ച കുറേക്കാലമായി ഇവിടെ വിപുലമായി നടന്നുവരികയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അക്കാര്യം വലിയ പ്രചരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റുകയും ചെയ്തിരുന്നു. തങ്ങള്‍ അധികാരത്തിലേറിയാല്‍ 100 ദിനങ്ങള്‍ക്കുള്ളില്‍ കളളപ്പണം മുഴുവന്‍ രാജ്യത്ത് തിരികെ കൊണ്ടുവരുമെന്നും 15 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും അവരുടെ ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അദ്ദേഹം മിണ്ടുന്നില്ല. എന്തായാലും പനാമ രേഖകള്‍ ഈ നിശ്ശബ്ദതക്ക് ഭംഗം വരുത്താന്‍ നിര്‍ബന്ധിതനാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം 50,000 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
രാഷ്ട്രപതി സ്ഥാനത്തേക്ക് അമിതാഭ് ബച്ചന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘ്പരിവാറും പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോകത്തെ വന്‍ നികുതി വെട്ടിപ്പുകാരുടേയും കള്ളക്കടത്തുകാരുടെയും നിരയിലേക്ക് ബച്ചനും ചെന്നുപെട്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണാധികാരികളുടെ വിശ്വസ്തരുടേയും സഹയാത്രികരുടേയും തനിനിറം തുറന്നുകാട്ടുന്നതാണ് പുറത്തുവന്ന പനാമ രേഖകള്‍. രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തി വിദേശങ്ങളിലെത്തിക്കുകയും വളരെ നഗ്നമായി നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കാന്‍ ഈ വൈകിയ വേളയിലെങ്കിലും ഭരണാധികാരികള്‍ തയ്യാറാകണം.

LEAVE A REPLY

Please enter your comment!
Please enter your name here