ചൂട് പിടിച്ച ചിന്തകള്‍

സൂര്യനില്‍ നിന്നു ഭൂമിയിലേക്കെത്തുന്ന ചൂടിനെ ക്രമീകരിക്കാന്‍ അന്തരീക്ഷവായുവിലും ഭൗമോപരിതലത്തിലും സ്രഷ്ടാവ് തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. മലകളും കാടുകളും പച്ചപ്പുകളുമെല്ലാം ഇതിന്റെ ഭാഗമാണ്. 'ഭൂമി മനുഷ്യരെയും കൊണ്ട് ചരിഞ്ഞുപോകാതിരിക്കാന്‍ വേണ്ടി അതില്‍ നാം ഉറച്ച പര്‍വതങ്ങളെ സ്ഥാപിച്ചു. അവര്‍ നിശ്ചിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ വേണ്ടി അതില്‍ വിശാലമായ പല വഴികളും നാം ഏര്‍പ്പെടുത്തുകയും ചെയ്തു' എന്നാണ് ഖുര്‍ആന്‍ പാഠം. സുഖകരമായ കാലാവസ്ഥ കാത്തുസൂക്ഷിച്ചിരുന്നത് ഈ മലകളും അതിനെ വലയം ചെയ്ത കാടുകളും വൃക്ഷങ്ങളുമായിരുന്നു. സ്രഷ്ടാവ് ഒരുക്കിവെച്ച ഈ രക്ഷാകവചങ്ങളെ നാം തന്നെ തകര്‍ക്കു കയായിരുന്നു.
Posted on: April 8, 2016 6:00 am | Last updated: April 7, 2016 at 11:42 pm

ചൂടിനെ സംബന്ധിച്ച ചൂട് പിടിച്ച ചര്‍ച്ചകളാണെവിടെയും. ഈ ചര്‍ച്ചകള്‍ നമ്മുടെ ചിന്തക്കും ചൂട് പകരുന്നതായാല്‍ ചില തിരിച്ചറിവുകള്‍ക്ക് അത് കാരണമായിത്തീരും. ഭൂമിയിലേക്ക് തീ തുപ്പിക്കൊണ്ടിരിക്കുന്ന സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രവും നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രവുമാണ്. 109 ഭൂമികള്‍ നിരത്തി വെക്കാന്‍ മാത്രമുള്ള വ്യാസമുണ്ട് ഈ ഭീമാകാരന്. താപം കൊണ്ട് തിളച്ചുമറിയുകയാണ് സൂര്യന്‍. 1,50,00,000 ഡിഗ്രി സെല്‍ഷ്യസാണത്രേ സൂര്യന്റെ താപനില. ഇതേ ചൂടുള്ള ഒരു മുട്ടുസൂചി ഭൂമിയില്‍ വന്നുപതിക്കുകയാണെങ്കില്‍ അതിന്റെ ചുറ്റുമുള്ള 100 കിലോമീറ്റര്‍ സ്ഥലം കത്തിച്ചാമ്പലാകുമെന്നാണ് അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞനായ ജോര്‍ജ് ഗാമോവിന്റെ നിഗമനം.(സൗരയൂഥം, ബിമന്‍ബസു). എന്നാല്‍, ഈ ‘ചൂടന്‍’ നക്ഷത്രത്തിന്റെ അഭാവത്തില്‍ ഭൂമിക്കും ഭൂവാസികള്‍ക്കും നിലനില്‍പ്പില്ല. ഈ വഴിക്കൊന്ന് ചിന്തിക്കുമ്പോഴാണ് ചിന്തക്ക് ചൂട് പിടിക്കുന്നത്. ജീവന് ആവശ്യമായ ഊര്‍ജം പകരുന്നത് സൂര്യനാണ്. അതിന്റെ ചൂട് താഴാനോ കൂടാനോ പാടില്ല. സൂര്യതാപം 13 ശതമാനം കുറഞ്ഞാല്‍ ഒരു മൈല്‍ കനത്തില്‍ മഞ്ഞിന്റെ പുതപ്പ് ഭൂമിക്ക് മുകളില്‍ രൂപപ്പെടുമത്രേ. ചൂട് 30 ശതമാനം ഉയരുകയാണെങ്കില്‍ ഇവിടെയുള്ള സര്‍വജീവികളും നശിച്ചുപോകും.
സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് പ്രകാശമെത്തിച്ചേരാന്‍ ഏകദേശം എട്ട് മിനുട്ടും 20 സെക്കന്‍ഡും വേണം. എന്നാല്‍, ശരവേഗത്തില്‍ ഇറങ്ങിവരുന്ന ഈ തീപന്തത്തെ താങ്ങാന്‍ ഭൂവാസികള്‍ക്ക് കഴിയില്ല. അന്തരീക്ഷവായുവാണതിനെ ക്രമീകരിച്ച് നമുക്ക് താങ്ങാവുന്ന പരുവത്തിലാക്കിത്തരുന്നത്. ഏകദേശം 600 നാഴികയിലേറെ ഭൂമിക്ക് ചുറ്റും വിന്യസിക്കപ്പെട്ട ഒരു പ്രതിഭാസമാണ് അന്തരീക്ഷവായു. അനേക സേവനങ്ങള്‍ ചെയ്യുന്ന ഒരു രക്ഷാകവചമാണത്.
600 നാഴിക മുകളില്‍ നിന്നു അമ്പു പരുവത്തില്‍ അന്തരീക്ഷ വായുവിനെ കീറിമുറിച്ച് പ്രകാശരശ്മികള്‍ ഊര്‍ന്നിറങ്ങുമ്പോള്‍ വായു അതിനെ ഛിന്നഭിന്നമാക്കി ശക്തി ക്ഷയിപ്പിക്കുന്നതുകൊണ്ടാണ് ഭൂമിക്ക് അതിനെ താങ്ങാന്‍ കഴിയുന്നതും ഇവിടെ പച്ചപ്പും ജീവജാലങ്ങളും നിലനില്‍ക്കുന്നതും. സൂര്യപ്രകാശത്തിന്റെ സഹായം കൊണ്ടാണ് സസ്യങ്ങള്‍ക്ക് അന്നജം ഉണ്ടാക്കാന്‍ കഴിയുന്നത്. പക്ഷേ, സസ്യങ്ങള്‍ക്കാവശ്യമായ രശ്മികള്‍ മാത്രമല്ല, ജന്തുജാലങ്ങളെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ ശേഷിയുള്ള മാരക രശ്മികളും- അള്‍ട്രാ വയലറ്റ്- കൂടി സൂര്യന്‍ ഭൂമിയിലേക്ക് എയ്തുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, ഇതിലെ അപകടകാരികളെ തടുത്തു നിര്‍ത്തി അനുഗുണമായതിനെ മാത്രം ഭൂമിയിലേക്ക് കടത്തിവിടാന്‍ അത്ഭുതകരമായ സംവിധാനമാണ് അന്തരീക്ഷവായുവില്‍ ഒരുക്കിവെച്ചത്. കൃത്യമായി പറഞ്ഞാല്‍ ഭൂമിക്ക് മുകളില്‍ 10 മൈല്‍ മുതല്‍ 50 മൈല്‍ വരെയുള്ള സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ഒരു അരിപ്പയാണ് ഓസോണ്‍ പാളികള്‍. ഇവയാണ് ഈ സംരക്ഷണ കവചം തീര്‍ക്കുന്നത്.
ഈ അത്ഭുതകരമായ സംവിധാനം ആകസ്മികമായി സംഭവിച്ചതാണോ? ഇത് യാന്ത്രികമായി നിലനില്‍ക്കുന്നതാണോ? വിശാലമായ ശൂന്യാകാശത്തേക്ക് തെന്നിമാറാന്‍ അനുവദിക്കാതെ ആരാണിതിനെ ഭൂമിക്ക് ചുറ്റും തളച്ചിട്ടത്? ഇതിന് പിന്നില്‍ തികഞ്ഞ ആസൂത്രണം നമുക്ക് ദര്‍ശിക്കാനാകുന്നില്ലേ? എങ്കില്‍ ആസൂത്രധാരന്‍ ആരാണ്? ഇവിടെയാണ് നമുക്ക് ദിശാബോധം നല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ശ്രദ്ധേയമാകുന്നത്. ‘ആകാശത്തെ നാം സുരക്ഷിതമായ തട്ടുകളാക്കി. എന്നാല്‍, അവരാകട്ടെ, അതിലെ ദൃഷ്ടാന്തങ്ങളില്‍ നിന്നും തിരിഞ്ഞുകളയുകയാണ്.’ (ഖുര്‍ആന്‍21/32)
സൂര്യനില്‍ നിന്നു ഭൂമിയിലേക്കെത്തുന്ന ചൂടിനെ ക്രമീകരിക്കാന്‍ അന്തരീക്ഷവായുവിലും ഭൗമോപരിതലത്തിലും സ്രഷ്ടാവ് തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. മലകളും കാടുകളും പച്ചപ്പുകളുമെല്ലാം ഇതിന്റെ ഭാഗമാണ്. ‘ഭൂമി മനുഷ്യരെയും കൊണ്ട് ചരിഞ്ഞുപോകാതിരിക്കാന്‍ വേണ്ടി അതില്‍ നാം ഉറച്ച പര്‍വതങ്ങളെ സ്ഥാപിച്ചു. അവര്‍ നിശ്ചിത ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ വേണ്ടി അതില്‍ വിശാലമായ പല വഴികളും നാം ഏര്‍പ്പെടുത്തുകയും ചെയ്തു'(ഖുര്‍ആന്‍ 21/31) ഒരു ഭാഗത്ത് കടലിന് എത്ര ആഴമുണ്ടോ അതിനു സമതുലിതമായി എതിര്‍ദിശയില്‍ മലകളുണ്ടാകും.
ഇതിനു പുറമെ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ ലഭ്യമാക്കുന്നത് ഉയര്‍ന്ന പര്‍വതങ്ങളാണ്. മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് മലയോരങ്ങളിലാകാന്‍ ഇതാണ് കാരണം. ഭൂമിയുടെ ചൂടകറ്റി തണുപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന നദികളുടെ ഉത്ഭവവും പര്‍വതങ്ങളില്‍ നിന്നാണ്. കേരളത്തിന്റെ സുഖകരമായ കാലാവസ്ഥ കാത്തുസൂക്ഷിച്ചിരുന്നത് ഈ മലകളും അതിനെ വലയം ചെയ്ത കാടുകളും വൃക്ഷങ്ങളുമായിരുന്നു. സ്രഷ്ടാവ് ഒരുക്കിവെച്ച ഈ രക്ഷാകവചങ്ങളെ നാം തന്നെ തകര്‍ക്കുകയായിരുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണി; ചൂട് കൂടുന്നു എന്ന് പറഞ്ഞ് ചൂടാകേണ്ടതില്ല.
ജലദൗര്‍ലഭ്യം തടയാനും ചൂട് കുറയ്ക്കാനും മരങ്ങള്‍ വെച്ചുപടിപ്പിക്കലും അവശേഷിക്കുന്ന ചതുപ്പ് സ്ഥലങ്ങളെയെങ്കിലും ഭൂ മാഫിയകളുടെ കൈകളില്‍ നിന്നു രക്ഷിക്കലും മാത്രമേ വഴിയുള്ളൂ. ചൂട് കുറയ്ക്കാന്‍ വീടുകളും ഓഫീസുകളും എയര്‍ കണ്ടീഷന്‍ ആക്കുന്നത് മുട്ടുശാന്തി മാത്രമേ ആകുന്നുള്ളൂ. 3, 50,000ല്‍ പരം സസ്യജാതികള്‍ ഉള്‍പ്പെടുന്നതാണ് ഭൂമിയിലെ സസ്യസമ്പത്ത്. വന്‍മരങ്ങളായ പൈന്‍, ആല്‍ മുതല്‍ പായല്‍ വരെ ഇതില്‍ പെടുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജനും നമ്മുടെ ഭക്ഷണത്തിന്റെ 80 ശതമാനവും സസ്യങ്ങളിലൂടെയാണ് ലഭിക്കുന്നത്. നാം കഴിക്കുന്ന മാംസ മത്സ്യാദി ആഹാരങ്ങളും മറ്റൊരു രീതിയില്‍ സസ്യങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
ഭൂമിയെ നനച്ചു ചൂട് കുറക്കുന്നതില്‍ മരങ്ങളുടെ പങ്ക് വലുതാണ്. കാടുകളില്‍ മഴ പെയ്യുമ്പോള്‍ വളരെ ശക്തി കുറഞ്ഞാണ് അത് മണ്ണില്‍ പതിക്കുന്നത്. ഇലകളില്‍ തട്ടി മരത്തിലൂടെ ഒഴുകിയിറങ്ങി ചെറിയ തുള്ളികളായാണ് നിലംപതിക്കുന്നത്. ഇത് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായിക്കുന്നു. വനത്തില്‍ പതിക്കുന്ന മഴയുടെ 60 ശതമാനവും മണ്ണിലെത്തുമ്പോള്‍ തരിശുഭൂമിയില്‍ പെയ്യുന്നതിന്റെ ഏഴ് ശതമാനം മാത്രമേ ഭൂമിയിലേക്ക് ഇറങ്ങുകയുള്ളൂ. ഭൂമിയെ ഈവിധം പച്ച വിരിച്ച് വിന്യസിച്ചത് എത്ര ആസൂത്രിതമാണ്! ‘ഭൂമിയെ നാം വിരിക്കുകയും പര്‍വതങ്ങളെ അതില്‍ സ്ഥാപിക്കുകയും നിശ്ചിത ക്രമത്തില്‍ എല്ലാ വസ്തുക്കളെയും നാമതില്‍ മുളപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കും നിങ്ങള്‍ ഭക്ഷണം കൊടുക്കാത്ത ഇതര ജീവികള്‍ക്കും അതില്‍ ഉപജീവന വിഭവങ്ങള്‍ നാം ഉണ്ടാക്കുകയും ചെയ്തു’ (15/19-20) എന്ന ഖുര്‍ആന്‍ ആശയം എത്ര ശ്രദ്ധേയമാണ്.
ഓരോ മണിക്കൂറിലും ഒന്നര ഏക്കര്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. മരത്തടികള്‍ വഹിച്ച് നിരത്തിലൂടെ നിരങ്ങിനീങ്ങുന്ന ലോറികള്‍ ശ്രദ്ധിച്ചാല്‍ ഇത് ബോധ്യമാകും. തെറ്റായ വികസന രീതികളും ടൂറിസത്തിന്റെ പേരിലുള്ള വനം കൈയേറ്റവുമൊക്കെയാണ് കേരളത്തിന്റെ വനനശീകരണത്തിന് കാരണം. വനത്തില്‍ വെള്ളവും ഭക്ഷണവും കിട്ടാതാകുമ്പോള്‍ വന്യജീവികള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ വരെ ഇന്ന് കേരളം അഭിമുഖീകരിക്കുകയാണ്.
ഒരു കാലത്ത് രാജസ്ഥാനിലെ മരുഭൂമിയിലൂടെ ദാഹജലത്തിന് വേണ്ടി കുടവുമേന്തി നീങ്ങുന്ന തരുണികളുടെ ചിത്രം നോക്കി അത്ഭുതപ്പെട്ടിരുന്ന കേരളീയര്‍ക്കും ദാഹജലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നിത്യാനുഭവമാകുകയാണ്. കേരളത്തിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെങ്കില്‍ ജീവികള്‍ ദാഹിച്ചു മരിക്കാതിരിക്കണമെങ്കില്‍ കുന്നും കാടും ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാനും നദികള്‍ക്കു നേരെയുള്ള കൈയേറ്റങ്ങള്‍ തടയാനും എല്ലാ മനുഷ്യ സ്‌നേഹികളും ഒന്നിക്കേണ്ടിയിരിക്കുന്നു.
ഈ സമയത്ത് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ആചരിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്‍ തീര്‍ച്ചയായും ഒരു ഉണര്‍ത്തുപാട്ടാകും. ജലസംരക്ഷണ ബോധവത്കരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, ശുദ്ധജലവിതരണം, കിണര്‍ നിര്‍മാണം തുടങ്ങിയ പദ്ധതികളോടെ നടത്തുന്ന ക്യാമ്പയിന്‍ ‘ജലം അമൂല്യമാണ്, കുടിക്കുക പാഴാക്കരുത്’ എന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.