Connect with us

Gulf

സേവനത്തിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്‌കാരം: സുന്ദര്‍മേനോന്‍

Published

|

Last Updated

സുന്ദര്‍മേനോന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ദോഹ: സാമൂഹിക രംഗത്തു ചെയ്തുവന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് പത്മശ്രീ പുരസ്‌കാരത്തെ കാണുന്നതെന്ന് സണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ സുന്ദര്‍മേനോന്‍. രാഷ്ട്രപതിയില്‍നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ശേഷം ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
നൂറോളം സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്നിവയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് സണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കേന്ദ്രീകരിച്ചത്. 17 ഏക്കര്‍ സ്ഥലത്ത് ശാന്തി ഗ്രാമം എന്ന പേരില്‍ ഒരു സ്വയം പര്യാപ്ത ഗ്രാമം തന്നെ അട്ടപ്പാടിയില്‍ സൃഷ്ടിച്ചു. സ്വയം തൊഴില്‍ സംരഭങ്ങള്‍, നാപ്കിന്‍ നിര്‍മാണ യൂനിറ്റ്, പാള കൊണ്ടുള്ള ഉത്പന്ന നിര്‍മാണ യൂനിറ്റ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 35ഓളം ജീവനക്കാര്‍ അടങ്ങിയ ഫിസിയോ തെറാപ്പി യൂനിറ്റ് തുടങ്ങിയവയൊക്കെ ശാന്തി ഗ്രാമത്തില്‍ ഉണ്ട്. അതിന്റെ ഗുഡ് വില്‍ അംബാസഡറും ശാന്തി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ചീഫ് പാട്രണുമാണ് താനെന്ന് സുന്ദര്‍ മേനോന്‍ പറഞ്ഞു.
നാട്ടിലാണ് കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍. പ്രവാസികളുമായി ബന്ധപ്പെട്ടുള്ള സേവനങ്ങളും നടത്തുന്നു. ഇനിയും സദ്ധമാകും. പബ്ലിസിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കാറില്ല. ഖത്വറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ സ്ഥാപകാംഗമായിരുന്നു. കേരളവര്‍മ കോളജുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കഴിഞ്ഞ 28ന് രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത് ജീവിതത്തിലെ അഭിമാന മൂഹൂര്‍ത്തമായിരുന്നു.
എന്തു നല്ല കാര്യങ്ങളെയും വിമര്‍ശിക്കാന്‍ ആളുകളുണ്ടാകും എന്ന രീതിയില്‍ മാത്രമേ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരാതികളെ കാണുന്നുള്ളൂ. ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാം. കോടതിക്കു മുന്നിലിരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ പറയുന്നില്ല. സീനിയര്‍ ആയ ആളുകള്‍ ഇത്തരം മോശം പ്രവര്‍ത്തനങ്ങളിലേക്കു വരുന്നതു നല്ലതാണോ എന്നു ചിന്തിക്കണം.
പരാതിയിലൊന്നും അടിസ്ഥാനമില്ല. പുരസ്‌കാരത്തിനു പരിണിക്കപ്പെടുന്നുവന്ന വാര്‍ത്ത വന്നതോടെ കെട്ടിച്ചമച്ചുണ്ടാക്കിയതാണത്. 80 വയസ്സായ പിതാവിനെയും ഉള്‍പ്പെടുത്തി. ഉന്നതതലത്തിലുള്ള രാഷ്ട്രീയ ഒത്താശ കേസിനു പിന്നിലുണ്ട്. പോലീസിനു നിര്‍ദേശം കൊടുക്കാന്‍ അധികാരമുള്ള മന്ത്രി ഒപ്പിട്ടാണ് കേസിന്റെ ഫയല്‍ നീങ്ങിയത്. യു എ ഇ ഗവണ്‍മെന്റിനെ വരെ മോശമായി ചിത്രീകരിക്കുന്ന ദേശവിരുദ്ധത പരാതിയിലുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പത്മ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്. തന്നെപ്പറ്റിയും ഐ ബി ലെവലില്‍ അന്വേഷിച്ചിരുന്നു.
രാഷ്ട്രപതി സമ്മാനിച്ച അവാര്‍ഡ് രാഷ്ട്രപതിക്കാണ് തിരിച്ചെടുക്കാന്‍ അവകാശം എന്നാണ് മനസ്സിലാക്കുന്നത്. താനും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ തനിക്കിതിരെ ഖത്വറിലുള്ള ചിലര്‍ അപവാദ പ്രചാരണം നടത്തുന്നുണ്ട്. ഇപ്പോഴുള്ള കേസില്‍ വിധി വന്നാല്‍ ഇത്തരക്കാര്‍ക്കതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest