പ്രാദേശിക കര്‍ഷകരെയും ഉള്‍പ്പെടുത്തി വ്യവസായ പദ്ധതികള്‍

Posted on: April 7, 2016 6:42 pm | Last updated: April 8, 2016 at 9:11 pm

ദോഹ: ഖത്വറിലെ കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ 14 വ്യവസായ സൗകര്യ പദ്ധതികളുമായി ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്ക്. ജാഹിസ് 2 എന്ന പേരിലുള്ള പദ്ധതി പ്രകാരം ഖത്വറിലെ ഭക്ഷ്യ, പാനീയ മേഖലയില്‍ വലിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് സി ഇ ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ അറിയിച്ചു.
കര്‍ഷകര്‍ക്ക് പുറമെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ താങ്ങാകുന്നതാണ് പദ്ധതി. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ജാഹിസ് 1 പ്രകാരം കെമിക്കല്‍, പ്ലാസ്റ്റിക്, മരം, ഇലക്‌ട്രോണിക് മേഖലകള്‍ക്ക് സഹായകരമാകുന്ന 32 വ്യവസായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. നൂതനവും പ്രകൃതി സൗഹൃദവുമായ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് പൂര്‍ണമായും സജ്ജമാക്കിയ സൗകര്യങ്ങള്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ലീസിന് നല്‍കുന്ന പദ്ധതിയാണ് ജാഹിസ്. നിരവധി സംരംഭകര്‍ക്ക് ഉപകാരപ്രദമായതിനാല്‍ ജാഹിസിന്റെ ആദ്യഘട്ടം വലിയ വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ജാഹിസ് 2ഉം വലിയ വിജയമാകും. ഇതുപ്രകാരം വ്യത്യസ്ത മേഖലകള്‍ക്കായി മൊത്തം 46 വ്യവസായ സൗകര്യങ്ങളാണ് ഉണ്ടാകുക. അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകതയുമായി ചേര്‍ത്താണ് പ്രാദേശിക കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന രീതിയില്‍ ജാഹിസ്2 നെ മാറ്റുക. പ്രാദേശിക കാര്‍ഷിക മേഖലയില്‍ സ്വകാര്യ മേഖലയുടെ മൂലധനമിറക്കല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് മികവുറ്റ കാര്‍ഷിക ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുകയും ചെയ്യാം.
ചെറുകിട ഇടത്തരം സംരംഭങ്ങളെ വിശകലനം ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. നവീനവും സങ്കീര്‍ണവുമായ പദ്ധതികള്‍ക്ക് രണ്ട് സംരംഭകര്‍ അപേക്ഷിക്കുമ്പോള്‍ പ്രാദേശികമായി സ്രോതസ്സുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകന്‍ വ്യവസായം സൃഷ്ടിക്കുന്നുവെന്നതിന് തെളിവാണത്.
ഏപ്രില്‍ പകുതി മുതല്‍ സെപ്തംബര്‍ 15 വരെ സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കും. ഒമ്പത് ആഴ്ചകള്‍ കൊണ്ട് അപേക്ഷകള്‍ വിശകലനം ചെയ്യുക. ആറ് ആഴ്ച കൊണ്ട് അഭിമുഖം പൂര്‍ത്തിയാക്കും. അടുത്ത ഫെബ്രുവരിയോടെ വിജയികളെ പ്രഖ്യാപിക്കും.
2230 ചതുരശ്ര മീറ്ററില്‍ രണ്ട് ഫ്‌ളോറുകളായാണ് ഓരോ വ്യവസായ സൗകര്യവും ഉള്ളത്. ചതുരശ്ര മീറ്ററിന് മാസം അഞ്ച് ഖത്വര്‍ റിയാല്‍ വീതമാണ് വാടക ഈടാക്കുക.