Connect with us

Gulf

ഖത്വര്‍ ഗതാഗത അതോറിറ്റിയുമായി സഹകരിക്കാന്‍ പോളിഷ് കമ്പനികള്‍

Published

|

Last Updated

ദോഹ: ഖത്വര്‍ ഗതാഗത അതോറിറ്റിയുമായി സഹകരിക്കാനും സഹായവും ഉത്പന്നങ്ങളും നല്‍കാനും സന്നദ്ധത പ്രകടിപ്പിച്ച് പോളണ്ടിലെ ബസ്, ട്രെയിന്‍ നിര്‍മാണ കമ്പനികള്‍. ഖത്വറിന്റെ ഗതാഗത മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും 2022 ലോകകപ്പിന്റെ മുന്നോടിയായുള്ള ഗതാഗത മേഖലയുടെ വികസനത്തിന് പ്രധാന പങ്ക് വഹിക്കാനും തയ്യാറാണെന്ന് സോളാറിസ് ബസ് ആന്‍ഡ് കോച്ച് നിര്‍മാണ കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് വൈസ് ഡയറക്ടര്‍ മതിയൂസ് ഫിഗാസെവ്‌സ്‌കി ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു.
ബസ്, ട്രാം, ഇലക്ട്രിക് ട്രോളി ബസ് തുടങ്ങിയവയുടെ നിര്‍മാണത്തിലാണ് സോളാറിസ് ശ്രദ്ധകേന്ദ്രീകരിച്ചത്. ബസിന്റെ ഡിസൈന്‍ ഇടപാടുകാര്‍ തിരഞ്ഞെടുക്കാം. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ബസില്‍ പ്രത്യേക ഇടം, പൊടിശല്യത്തില്‍ നിന്ന് മുക്തി നല്‍കുന്ന സംവിധാനം തുടങ്ങിയവ പ്രത്യേകതയാണ്. യു എ ഇക്ക് സോളാറിസ് നിരവധി ബസുകള്‍ നല്‍കിയിട്ടുണ്ട്. ദുബൈയില്‍ സോളാറിസ് അല്‍ ഗുറൈര്‍ എന്ന പേരില്‍ കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുമായി യു എ ഇ അഞ്ച് വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ബസുകള്‍ ഉപയോഗിക്കുന്ന സമയവും സര്‍വീസ് ചെയ്യുന്ന സമയവുമായി താരതമ്യം ചെയ്യുമ്പോഴുള്ള സാങ്കേതിക ലഭ്യത 98 ശതമാനമാണ്. മിഡില്‍ ഈസ്റ്റിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇത് മികച്ച ഫലമാണ്.
ട്രെയിന്‍, ലൈറ്റ് റെയില്‍ വെഹിക്കിള്‍ നിര്‍മാണ കമ്പനിയായ പെസയും ഖത്വറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മെട്രോ നിര്‍മാണ സൗകര്യവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നും അധികൃതര്‍ പറഞ്ഞു.

Latest