ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രമാകാന്‍ ഖത്വര്‍

Posted on: April 7, 2016 6:32 pm | Last updated: April 7, 2016 at 6:32 pm
SHARE

HalalLogoദോഹ: ഇസ്‌ലാമിക ലോകത്തിന്റെ കേന്ദ്രീകൃത ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയുടെ ആസ്ഥാനം ഖത്വറില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയുടെ പ്രധാന റഗുലേറ്ററി ബോഡിയുടെ ആസ്ഥാനമായിരിക്കും ഖത്വറില്‍ സ്ഥാപിക്കുക.
ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ചേബംര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍ (ഐ സി സി ഐ എ) ആണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പാന്‍ ഇസ്‌ലാമിക് അതോറിറ്റിയുടെ ആസ്ഥാനം ഖത്വറില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 57 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സി (ഒ ഐ സി)ന്റെ സംഘടനയാണ് ഐ സി സി ഐ എ.
ഇതോടെ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഖത്വര്‍ ചേംബര്‍. വിദേശ വ്യാപാരത്തോതും ഭക്ഷ്യസംസ്‌കരണവും വര്‍ധിപ്പിക്കുകയും ഇസ്‌ലാമിക് സമ്പദ്‌വ്യവസ്ഥയുടെ ആഗോള ഹബ് ആയി ഖത്വര്‍ മാറുകയും ചെയ്യും. ഏകീകൃത ആഗോള ഹലാല്‍ റഗുലേറ്ററി ബോഡിയുടെ രൂപവത്കരണത്തിനും ഇത് കാരണമാകും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലെ വാണിജ്യ ഇടപാടുകള്‍ ഉയരുകയും ചെയ്യും. തൊഴിലില്ലായ്മ നിരക്ക് കുറക്കാനും കയറ്റുമതി മെച്ചപ്പെടുത്താനും സാധിക്കും.
ഹലാല്‍ സംസ്‌കാരവും ആദര്‍ശവും സംരക്ഷിക്കാനും ഹലാല്‍ വാണിജ്യം വികസിപ്പിക്കാനുമുള്ള ഖത്വര്‍ ചേംബറിന്റെ പദ്ധതിയാണ് ഐ സി സി ഐ എയുടെ അംഗീകാരം ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.