Connect with us

Kerala

ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. സ്റ്റേഡിയം നിര്‍മാണം മുതല്‍ ഗെയിംസിന്റെ വാട്ടര്‍ ബോട്ടില്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഗെയിംസിന്റെ ഭാഗമായുള്ള ടെന്‍ഡര്‍ നടപടികളും കരാറുകളും പരിശോധിച്ച സി എ ജി ഇതിന്റെ കണക്കുകളും പരിശോധിച്ചു. ഏറ്റെടുത്ത കരാര്‍ പ്രവര്‍ത്തനങ്ങളില്‍ ഏതൊക്കെ കരാറില്‍ വീഴ്ച വന്നുവെന്നും എത്ര രൂപ നഷ്ടമായെന്നും സി എ ജി പരിശോധിച്ചു. വിവിധ വേദികളിലേക്കായി നാന്നൂറോളം എ സികള്‍ വാടകക്ക് എടുക്കുകയും നൂറുകണക്കിന് എ സികള്‍ വാങ്ങുകയും ചെയ്തു. എന്നാല്‍, ഗെയിംസ് കഴിഞ്ഞതോടെ വാങ്ങിയ എ സികള്‍ കാണാതാകുകയായിരുന്നു. എ സികള്‍ വാങ്ങുന്നതിന് പകരം വാടകക്ക് എടുത്തിരുന്നെങ്കില്‍ കോടികള്‍ ലാഭിക്കാമായിരുന്നെന്നാണ് സി എ ജി കണ്ടെത്തല്‍. വാങ്ങിയ എ സികളില്‍ ചിലത് ദേശീയ ഗെയിംസിന് വേദിയല്ലാത്ത സ്റ്റേഡിയങ്ങളിലും ഫിറ്റ് ചെയ്തിരുന്നു.

റണ്‍ കേരള റണ്ണിന്റെ നടത്തിപ്പിലൂടെ 10 കോടി നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം വാഹനങ്ങള്‍ വാടകക്ക് എടുത്ത് ഓടിച്ചിരുന്നുവെങ്കിലും ഇവ എങ്ങോട്ടെല്ലാം ഓടി, ആരൊക്കെ ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. വാഹനങ്ങള്‍ എങ്ങോട്ടൊക്കെ ഓടുന്നുവെന്നറിയാന്‍ പ്രത്യേകം പണം മുക്കി ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയെങ്കിലും ഇതിന്റെ കാര്യക്ഷമമായ ഉപയോഗം നടന്നിട്ടില്ലെന്നും സി എ ജി കണ്ടെത്തി.
ദേശീയ ഗെയിംസില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് റിപ്പോര്‍ട്ട്. യാതൊരു ഏകോപനവുമില്ലാത്ത ദേശീയ ഗെയിംസാണ് കേരളത്തില്‍ നടന്നതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

Latest