Connect with us

National

കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം:ഒമ്പത് സംസ്ഥാനങ്ങള്‍ വരള്‍ച്ചാ ബാധിതം

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. വരള്‍ച്ച നേരിടുന്നതില്‍ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്നും സംസ്ഥാനങ്ങള്‍ വരള്‍ച്ച മൂലം പൊറുതി മുട്ടുമ്പോള്‍ ഇത്തരത്തില്‍ കണ്ണടച്ചിരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

വരള്‍ച്ച ബാധിത മേഖലകള്‍ക്ക് അവശ്യ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീ കോടതിയുടെ വിമര്‍ശം. ഹരജിയില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും.
മഹാരാഷ്ട്ര ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളില്‍ വരള്‍ച്ചാ ബാധിത മേഖലകളുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ തന്നെയുണ്ടാക്കിയ നിയമം കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. തൊഴിലുറപ്പ് പദ്ധതിക്കായി പണം നീക്കിവെക്കുന്നതിലും ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക ഫണ്ട് വേണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ യാതൊരു മറുപടിയും സര്‍ക്കാര്‍ നല്‍കിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7,983 കോടി രൂപ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ വരള്‍ച്ച നേരിടുകയാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ട് പതിറ്റാണ്ടായി കടുത്ത ജലക്ഷാമം നേരിടുന്ന മഹാരാഷ്ര്ടയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 3,228 കര്‍ഷകരാണ് ജീവനൊടുക്കിയതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം