യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് : വിസ്‌കോന്‍സിനില്‍ ക്രൂസും സാന്‍ഡേഴ്‌സും

Posted on: April 7, 2016 9:57 am | Last updated: April 7, 2016 at 9:57 am
SHARE

SANDERS CRUZവാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളെ കണ്ടെത്താനായി പ്രൈമറികളില്‍ നടക്കുന്ന വോട്ടെടുപ്പില്‍ വിസ്‌കോന്‍സിനില്‍ പ്രമുഖര്‍ക്ക് കാലിടറി. റിപ്പബ്ലിക്കന്‍ ചേരിയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പിന്തള്ളി ടെഡ് ക്രൂസ് ആണ് വിജയം വരിച്ചത്. ഡെമോക്രാറ്റിക്പക്ഷത്ത് ഹിലാരി ക്ലിന്റന്റെ പ്രധാന എതിരാളി ബെര്‍ണി സാന്‍ഡേഴ്‌സിനാണ് വിജയം. വിസ്‌കോന്‍സിനില്‍ ക്രൂസ് നേടിയ ഇരട്ടയക്ക വിജയം ട്രംപിന്റെ മുന്നേറ്റം തടയുന്നതിന് ക്രൂസിന് ശക്തി പകരുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ക്രൂസിന്റെ ഡെലിഗേറ്റ് പിന്തുണ 481 ആയി. ട്രംപിന് ഇപ്പോള്‍ 737 ഡെലിഗേറ്റ് പിന്തുണയുണ്ട്.

നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ 1237 ഡെലിഗേറ്റ് പിന്തുണയാണ് വേണ്ടത്. ജൂലൈയില്‍ ക്ലവേലാന്‍ഡ് പ്രൈമറിയോടെയാണ് ഈ പ്രക്രിയ പൂര്‍ത്തിയാകുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഐക്യപ്പെടുത്തുകയാണ് താന്‍ ചെയ്യുന്നതെന്ന് ക്രൂസ് പറഞ്ഞു. എന്നാല്‍ തന്റെ എതിരാളി എല്ലാ അര്‍ഥത്തിലും ശിഥിലീകരണമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിസികോന്‍സിനില്‍ വിജയം ഉറപ്പിച്ച് സാന്‍ഡേഴ്‌സണ്‍ ഡെമോക്രാറ്റിക് ചേരിയില്‍ ഹിലാരി ക്ലിന്റനെ അപേക്ഷിച്ച് 263 ഡെലിഗേറ്റ് പിന്തുണക്കണക്കില്‍ പിന്നിലാണ്. ഹിലാരിയും ട്രംപും തമ്മിലുള്ള മത്സരം തന്നെയാണ് പ്രമുഖ സര്‍വേകളെല്ലാം പ്രവചിക്കുന്നത്. കടുത്ത മുസ്‌ലിം വിരോധിയും ഇസ്‌റാഈല്‍ പക്ഷപാതിയുമായ ട്രംപിന്റെ സ്ഥാനാര്‍ഥിത്വം അമേരിക്കയുടെ പ്രതിച്ഛായക്ക് തന്നെ കളങ്കമേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍.