Connect with us

National

പനാമ രേഖകളില്‍ ഒരു മലയാളി കൂടി

Published

|

Last Updated

ന്യൂഡല്‍ഹി: പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപിച്ചവരുടെ ലിസ്റ്റില്‍ ഒരു മലയാളി കൂടീ. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരുവിവരങ്ങളാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട  പനാമ പേപ്പേഴ്‌സ് നാലില്‍ ഉള്ളത്.

ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന്‍ കള്ളപ്പണ നിക്ഷേപം നടത്തിയത്. 2007 ഓഗസ്റ്റ് 17 മുതല്‍ ഹോങ്കോങ് ആസ്ഥാനമായ ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്റ്ററാണ് ദിനേശ് എന്ന മൊസാക് ഫൊന്‍സെക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേര്‍ന്ന് നടത്തുന്ന കമ്പനിയില്‍ 25000 ഓഹരികളാണ് ഇയാളുടെ പേരിലുളളത്.

ചെറുകിട കൊപ്ര വ്യാപാരിയുടെ മകനായ ദിനേശ് ബിരുദ പഠനത്തിനുശേഷം മുംബൈയിലെ ഒട്ടനവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 2008ലാണ് ഇയാള്‍ ഹോങ്കോങ്ങിലേക്ക് പോയത്. അതേസമയം റാന്നിയില്‍ രണ്ട് കുട്ടികളോടൊപ്പം ചെറിയ വീട്ടില്‍ താമസിക്കുന്ന ദിനേശിന്റെ ഭാര്യ ജയശ്രീ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. ദിനേശ് പരമേശ്വരനെ കൂടാതെ ഡല്‍ഹി ബിസിനസുകാരന്‍ വിനയ് കൃഷ്ണന്‍ ചൗധരിയുടെ ഉടമസ്ഥതയിലുള്ള ട്രിംബ്ലേഷ് “എന്‍” സാവാസ്, ചെന്നൈ ചൂളമൂട് സ്വദേശി ചിന്നമരുതു ഷണ്‍മുഖ സുന്ദരപാണ്ഡ്യന്‍, ന്യൂഡല്‍ഹി സ്വദേശി ഉദയ് പ്രതാപ് സിങ് എന്നിവര്‍ക്കും കള്ളപ്പണ നിക്ഷേപമുള്ളതായി രേഖകള്‍ പറയുന്നു.

ലണ്ടനില്‍ താമസിക്കുന്ന സില്‍വിയ ഫേ ഭാട്ടിയ, ഭര്‍ത്താവ് അലോക് ഭാട്ടിയ, മുംബൈ സ്വദേശികളായ നിഷ് ഭുട്ടാനി, ജോണി മംഗ്ലാനി, മുംബൈ ആസ്ഥാനമായ ജയന്തിലാല്‍ താക്കര്‍ എന്ന സ്ഥാപനത്തിന്റെ പങ്കാളിയായ ദിലിപ് ജെ. താക്കര്‍, കൊല്‍ക്കത്ത സ്വദേശികളായ സുശീല ദേവി ചോപ്ര, ഗൗരവ് കുമാര്‍ ചോപ്ര, പ്രേരണ ചോപ്ര എന്നിവരും വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് “പാനമ പേപേഴ്‌സ്4″ല്‍ വെളിപ്പെടുത്തുന്നു.

നേരത്തെ തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേര് പനാമ പേപ്പേഴ്‌സ് മൂന്നില്‍ ഉണ്ടായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ഫ്യൂച്ചര്‍ ബുക്‌സ് എന്ന കമ്പനിയിലാണ് ഇദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത്.

Latest