Connect with us

National

ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണോ? : ബോംബേ ഹൈക്കോടതി

Published

|

Last Updated

നാഗ്പൂര്‍: സര്‍ക്കാറിന്റെ എയ്ഡ്‌സ് ബോധവത്കരണ പരിപാടിയില്‍ ഹിന്ദു സൂക്തങ്ങള്‍ ഉരുവിടാനുള്ള നാഗ്പൂര്‍ നഗരസഭയുടെ പരിപാടിക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണോയെന്ന് കോടതി ചോദിച്ചു.
സര്‍ക്കാര്‍ പരിപാടിയില്‍ ഹനുമാന്‍ കീര്‍ത്തനം ആലപിക്കാനുള്ള നീക്കത്തിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരഗണിക്കവേയാണ് ഹൈക്കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ബി ജെ പി ഭരിക്കുന്ന നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന എയിഡ്‌സ് ബോധവത്കരണ പരിപാടിയില്‍ ഹനുമാന്‍ ചാലിസ നടത്താനുള്ള നീക്കത്തിനെതിരായാണ് പൊതു താത്പര്യ ഹരജി നല്‍കിയത്.
കസ്തൂര്‍ചന്ദ് പാര്‍ക് ഗ്രൗണ്ടില്‍ ഇന്നാണ് പരിപാടി നിശ്ചയിച്ചത്. പോഡരേശ്വര്‍ രാമ ക്ഷേത്ര ട്രസ്റ്റുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ഹനുമാന്‍ കീര്‍ത്തനാലാപനം നടത്താനായിരുന്നു നീക്കം. ഒന്നര ലക്ഷം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്ത്‌കൊണ്ട് ഹനുമാന്‍ ചാലിസ മാത്രം നടത്തുന്നുവെന്ന് ഹൈക്കോടതി ബഞ്ച് ചോദിച്ചു. ഖുര്‍ആന്‍ പാരായണവും ബൈബിള്‍ വായനയും നടത്താമല്ലോ. ഹനുമാന്‍ കീര്‍ത്തനം ആകാമെങ്കില്‍ മറ്റ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥങ്ങളും പാരായണം ചെയ്യാം. എയിഡ്‌സിനുള്ള ഒരേയൊരു പരിഹാരം ഹനുമാന്‍ കീര്‍ത്തനമാണെന്നാണോ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികാരികള്‍ പറയാന്‍ ശ്രമിക്കുന്നത്?- ഹരജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായിയും സ്വപ്‌നാ ജോഷിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചോദിച്ചു. എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ ഒരു വിഭാഗത്തിന്റെ മാത്രം കീര്‍ത്തനാലാപനം അംഗീകരിക്കാനാകില്ലെന്ന് ബഞ്ച് വ്യക്തമാക്കി.
എയിഡ്‌സ് ബോധവത്കരണ പരിപാടി കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം പ്രത്യേക പരിപാടിയായി ഹനുമാന്‍ ചാലിസ നടത്താമെന്ന് കോടതി വ്യക്തമാക്കി. ഇതിനുള്ള ചെലവ് പൂര്‍ണമായി ക്ഷേത്രം ട്രസ്റ്റ് നടത്തണം. ഇരു പരിപാടിയിലും ഉപയോഗിക്കുന്ന ബാനറുകള്‍ വ്യത്യസ്തമായിരിക്കണം. സംഘാടകരുടെ പേരും വേറെ വേറെ തന്നെ നല്‍കണം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എയിഡ്‌സ് ബോധവത്കരണ പരിപാടിക്ക് മാത്രമായി പ്രചാരണം നടത്തണമെന്നും ബഞ്ച് നിഷ്‌കര്‍ഷിച്ചു.
ഈ പ്രചാരണത്തില്‍ ഹനുമാന്‍ ചാലിസ സൂചിപ്പിക്കാനേ പാടില്ല. മതപരമായ ചടങ്ങുകള്‍ക്ക് ബഞ്ച് എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവ ഏറ്റെടുത്ത് നടത്തുന്നതിലാണ് പ്രശ്‌നമെന്നും കോടതി വ്യക്തമാക്കി. മുന്‍ കോര്‍പറേഷന്‍ ഭരണസമിതി അംഗം ജനാര്‍ദനന്‍ മൂണ്‍ ആണ് പൊതു താത്പര്യ ഹരജി നല്‍കിയത്.
കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശമേറ്റതോടെ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഹനുമാന്‍ ചാലിസയുമായി മുന്നോട്ട് പോകില്ലെന്ന് പരിപാടിയുടെ കണ്‍വീനറും ബി ജെ പി നേതാവുമായ ദയാശങ്കര്‍ തിവാരിയും വ്യക്തമാക്കി. രണ്ട് കൂട്ടരും സത്യവാങ്മൂലം നല്‍കിയതോടെ പൊതു താത്പര്യ ഹരജി ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കി.

Latest