Connect with us

National

മധ്യ ഇന്ത്യയില്‍ കനത്ത ചൂട്; ആറ് ഡിഗ്രി വരെ താപനിലയില്‍ വര്‍ധന

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മധ്യ മേഖലകളില്‍ കനത്ത ചൂട് തുടരുന്നു. ഈ വേനലില്‍ ദീര്‍ഘ കാലം നീളുന്ന കടുത്ത ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളെ ശരി വെക്കുന്ന രീതിയിലാണ് പല പ്രദേശങ്ങളിലെയും കാലാവസ്ഥ.
കൂറഞ്ഞ താപനിലയിലും കൂടിയ താപനിലയിലും സാധാരണ താപ നിലയിലേക്കാള്‍ അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ വര്‍ധനവാണ് പശ്ചിമ ഉത്തര്‍ പ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്. കുറഞ്ഞ താപനിലയില്‍ സാധാരണത്തേതിനേക്കാള്‍ അഞ്ച് ഡിഗ്രിയോളമാണ് ഇവിടങ്ങളില്‍ വര്‍ധിച്ചിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ഈ മേഖലയിലെ 17 നഗരങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ഏപ്രില്‍ ആദ്യ വാരം 40 ഡിഗ്രിക്ക് മുകളില്‍ സാധാരണ താപനില ഉയരാറില്ല. ഈ മേഖലയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 41നും 44നും ഇടയിലാണെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അകോളയിലും ആഡ്രപ്രദേശിലെ അനന്ത്പുറിലും റെക്കോര്‍ഡ് ചൂടായ 44 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. നിസാമാബാദ്, ചന്ദ്രാപൂര്‍, ചിഹിന്‍ദ്വര എന്നിവടങ്ങളില്‍ യഥാക്രമം 43.4, 43.2, 43.2 താപനില രേഖപ്പെടുത്തി.
താരതമ്യേന നല്ല കാലാവസ്ഥ തുടര്‍ന്നിരുന്ന ഒഡീഷയിലും ചൂട് വര്‍ധിച്ചു. പടിഞ്ഞാറന്‍ ഒഡീഷയിലെ ഭവാനിപട്ടണ നഗരത്തില്‍ റെക്കോര്‍ഡ് താപനിലയായ 43.2 ഡിഗ്രി രേഖപ്പെടുത്തി. സംസ്ഥാനത്തെ മറ്റ് എട്ട് പ്രദേശങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നാണ് പ്രദേശത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്. ഝാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പല പ്രദേശങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.

Latest