തളിപ്പറമ്പില്‍ ‘യൂത്തന്മാര്‍’; ഇരിക്കൂറില്‍ സ്വതന്ത്രന്‍

Posted on: April 7, 2016 5:44 am | Last updated: April 7, 2016 at 12:44 am
SHARE

കണ്ണൂര്‍ : സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ യു ഡി എഫില്‍ ഏറക്കുറെ അവസാനിച്ചെങ്കിലും വിമതശല്യം ഇക്കുറി യു ഡി എഫിന് ചില മണ്ഡലങ്ങളിലെങ്കിലും വിനയായേക്കും. കണ്ണൂരില്‍ യു ഡി എഫിന്റെ ഉറച്ച കോട്ടയായ ഇരിക്കൂറിലും എല്‍ ഡി എഫിനെതിരെ നല്ല മത്സരം കാഴ്ചവെക്കാന്‍ സാധിക്കുന്ന തളിപ്പറമ്പിലുമായിരിക്കും യു ഡി എഫിന് ഇക്കുറി വിമത സ്ഥാനാര്‍ഥികളുണ്ടാകുക. കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയ തളിപ്പറമ്പ് സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സില്‍ നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്. തളിപ്പറമ്പില്‍ നമ്പ്യാര്‍ മഹാസഭാ നേതാവ് രാജേഷ്‌നമ്പ്യാരെ സ്ഥാനാര്‍ഥിയാക്കിയതാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
കേരളാകോണ്‍ഗ്രസിന് നിരവധി നേതാക്കളുള്ള മണ്ഡലത്തില്‍ പാര്‍ട്ടിയുമായോ യു ഡി എഫുമായോ ഒരു തരത്തിലും ബന്ധമില്ലാത്തയാളെ സ്ഥാനാര്‍ഥികളാക്കിയെന്ന വിമര്‍ശമാണ് യു ഡി എഫില്‍ ഉയര്‍ന്നിട്ടുള്ളത്. സ്ഥാനാര്‍ഥിയെ മാറ്റാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സംസ്ഥാന ഭാരവാഹിയായ റിജില്‍മാക്കുറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ സി ഗണേശനും വി രാഹുലും സ്ഥാനാര്‍ഥിയാകാനുള്ള സന്നദ്ധത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തളിപ്പറമ്പിലും പരിസരത്തും രാജേഷ് നമ്പ്യാര്‍ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിഷേധം കെ പി സി സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയുമുള്‍പ്പടെ അറിയിച്ചിട്ടുണ്ടെന്നും റിജില്‍മാക്കുറ്റി പറഞ്ഞു. തളിപ്പറമ്പില്‍ യു ഡി എഫിന്റെത് പേയ്‌മെന്റ് സീറ്റാണെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും കേരളാകോണ്‍ഗ്രസിനെക്കാളും സ്വാധീനമുണ്ടെങ്കിലും കഴിഞ്ഞ രണ്ടു തിരഞ്ഞടുപ്പുകളിലായി കേരളാകോണ്‍ഗ്രസിനാണ് തളിപ്പറമ്പ് വിട്ടു നല്‍കിയിരിക്കുന്നത്. സി പി എമ്മിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന മണ്ഡലത്തില്‍ യു ഡി എഫിന് ജയിക്കാനായില്ലെങ്കിലും നല്ല മത്സരം കാഴ്ചവെക്കാനാകുമെന്ന് കരുതുന്നുണ്ട്. 2011ല്‍ 27861 വോട്ടിന്റെ ഭീരിപക്ഷത്തിലാണ് ഇടതുപക്ഷത്തുനിന്ന് ജെയിംസ്മാത്യു ജയിച്ചു കയറിയത്.
അതേസമയം, കെ സി ജോസഫ് മത്സരിക്കുന്നതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച കെ ആര്‍ അബ്ദുല്‍ഖാദറാണ് ഇരിക്കൂറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. 35 വര്‍ഷമായി ഇരിക്കൂറില്‍ നിന്ന് തുടര്‍ച്ചയായി മത്സരിക്കുന്നത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്നും സ്വന്തമായി വീടോ വാടകവീടോ മണ്ഡലത്തിലോ ജില്ലയിലോ മന്ത്രിക്കില്ലന്നും അബ്ദുല്‍ഖാദര്‍ ആരോപിക്കുന്നു. ഇരിക്കൂറിലെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ പി സി സിയും കേന്ദ്രകമ്മിറ്റിയും തയ്യാറായില്ലെങ്കില്‍ മണ്ഡലത്തിലെ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുമെന്നും കെ ആര്‍ അബ്ദുല്‍ഖാദര്‍ പറയുന്നു.
കെ സി ജോസഫ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നത് അംഗീകരിക്കില്ലെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ ഇരിക്കൂര്‍ സിദ്ദിഖ് നഗറില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. അതിനിടെ ജില്ലയില്‍ യു ഡി എഫ് നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ അടിയന്തിര യു ഡി എഫ് യോഗം ഡി സി സി ചേരുന്നുണ്ട്.