‘അസാമിനുള്ള പദ്ധതി കേന്ദ്രം തടഞ്ഞുവെക്കുന്നു’

Posted on: April 7, 2016 5:38 am | Last updated: April 7, 2016 at 12:40 am
SHARE

ഗുവാഹതി: അസാമിലെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി അസാദ്. അസാമിന് വേണ്ടി യു പി എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല വികസന പദ്ധതികളും നരേന്ദ്ര മോദി തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് മുന്‍ കേന്ദ്ര മന്ത്രികൂടിയായ ഗുലാം നബി ഉന്നയിച്ചത്. അസാമിനോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം ഇവിടുത്തെ വികസനത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അസാമിലെത്തിയ അദ്ദേഹം ബിലാസിപാറയിലെ തിരഞ്ഞെടുപ്പ് ജാഥയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂമിശാസ്ത്രപരമായി എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് അസാം. അതിനാല്‍ സ്ഥിര നിക്ഷേപങ്ങള്‍ ഇവിടെ കുറവാണ്. അതിനാല്‍ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ പ്രത്യേകമായ പദ്ധതികള്‍ അസാമിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലി ലഭിച്ചിരുന്ന നിക്ഷേപ പദ്ധതികള്‍ എന്‍ ഇ ഐ ഐ പി പി എന്ന പദ്ധതിയുടെ കീഴില്‍ സര്‍ക്കാര്‍ ആരംഭിച്ചതാണ്. എന്നാല്‍ ‘മോദിജി’ അതെല്ലാം തടഞ്ഞുവെച്ചു. നാട്ടില്‍ വികസനം വരുന്നതും ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നതും മോശപ്പെട്ട കാര്യമാണോ. അസാം വിരുദ്ധ, ജനവിരുദ്ധ, വടക്കുകിഴക്കന്‍വിരുദ്ധ സര്‍ക്കാറാണ് ബി ജെ പി സര്‍ക്കാര്‍. അദ്ദേഹം ആരോപിച്ചു.
മോദി സര്‍ക്കാറിന്റെ ‘മേക് ഇന്‍ ഇന്ത്യ’ മാതൃകയില്‍ ‘മേക് ഇന്‍ അസാം’ പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി രണ്ട് ദിവസം മുമ്പ് രംഗത്തെത്തിയിരുന്നു. അസാമില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ രാഹുല്‍ നിരവധി വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കോണ്‍ഗ്രസിന് അധികാരം നല്‍കിയാല്‍ അസാമില്‍ പത്ത് ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കുമെന്നും പാവപ്പെട്ടവരുടെ ക്ഷേമവും സാമൂഹിക വികസനവുമാണ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.