ഉന്നതങ്ങളിലെ പൊയ്മുഖങ്ങള്‍

Posted on: April 7, 2016 6:00 am | Last updated: April 7, 2016 at 12:27 am
SHARE

SIRAJ.......സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്ന കള്ളപ്പണക്കാരുടെ പുതിയൊരു പട്ടിക പുറത്തുവന്നിരിക്കുന്നു. അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന അമിതാഭ് ബച്ചന്‍, മരുമകളും സിനിമാ നടിയുമായ ഐശ്വര്യ റായി, പ്രവാസി ഇന്ത്യന്‍ വ്യവസായി സമീര്‍ ഗെഹ്‌ലോട്ട്, ഡി എല്‍ എഫ് പ്രൊമോട്ടര്‍ കെ പി സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡല്‍ഹി ലോക്‌സത്ത പാര്‍ട്ടിയുടെ മുന്‍ നേതാവ് അനുരാഗ് കേജരിവാള്‍ തുടങ്ങിയവരും വിദേശത്തെ പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട് പട്ടികയില്‍. പാനമയിലെ നിയമ- നിക്ഷേപ ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സേകയുടെ നിര്‍ണായ രേഖകള്‍ ചോര്‍ന്നതിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. വ്യാജ അക്കൗണ്ടുകളുണ്ടാക്കി വിദേശത്ത് പണം നിക്ഷേപിക്കുന്നതിന് കള്ളപ്പണക്കാരെ സഹായിക്കുന്ന സ്ഥാപനമാണ് മൊസാക് ഫൊണ്‍സേക.
അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിന് രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സില്‍ സീ ബള്‍ക് ഷിപ്പിംഗ് കമ്പനി, ബഹാമാസില്‍ ലേഡി ഷിപ്പിംഗ് ലിമിറ്റഡ്, ട്രെഷര്‍ ഷിപ്പിംഗ് ലിമിറ്റഡ്, ട്രാംപ് ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഈ വ്യാജ കമ്പനികളില്‍ ബച്ചനും ഐശ്വര്യറായിയും കോടികള്‍ നിക്ഷേപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പനാമയില്‍ തനിക്ക് കള്ളപ്പണമുണ്ടെന്ന വാര്‍ത്ത ബച്ചന്‍ നിഷേധിച്ചിട്ടുണ്ട്. ഈ പറയുന്ന കള്ളപ്പണത്തെക്കുറിച്ചോ തനിക്ക് ഓഹരി നിക്ഷേപമുണ്ടെന്ന് പറയപ്പെടുന്ന കമ്പനിയെക്കുറിച്ചോ ഒന്നും അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഈ വിവരം പുറത്തുവിട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ ഐ സി ഐ ജെ പറയുന്നത് 70 രാജ്യങ്ങളില്‍ നിന്നുള്ള 350 പത്രപ്രവര്‍ത്തകര്‍ എട്ട് മാസത്തിലേറെ നീണ്ട ഗവേഷണങ്ങളിലൂടെയും പരിശോധനകളിലൂടെയും സ്ഥിരീകരിച്ച വിവരമാണിതെന്നാണ്. ഐശ്വര്യ റായിയും അവരുടെ മാതാപിതാക്കളും സഹോദരന്മാരും ചേര്‍ന്ന് 2005ല്‍ റജിസ്റ്റര്‍ ചെയ്ത അമിക് പാര്‍ട്ടണേഴ്‌സ് കമ്പനിയുടെ പേരിലും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഉന്നതങ്ങളില്‍ വിരാജിക്കുന്നവരുടെ പൊയ്മുഖമാണ് ഇതിലൂടെ അഴിഞ്ഞു വീഴുന്നത്.
ഇന്ത്യക്കാരുടേതായി വിവിധ സ്വിസ് ബേങ്കുകളില്‍ ഏകദേശം 14,000 കോടി രൂപ ഉണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയ കണക്ക്. എന്നാല്‍ ഇത് അപൂര്‍ണമാണെന്നും യഥാര്‍ഥ കള്ളപ്പണത്തിന്റെ ചെറിയ ഒരു അംശം മാത്രമേ ആകുന്നുള്ളൂ എന്നുമാണ് വ്യവസായികളുടെ സംഘടനയായ അസോചത്തിന്റെ അഭിപ്രായം. കള്ളപ്പണക്കാര്‍ രണ്ടു ലക്ഷം കോടി ഡോളര്‍ (120 ലക്ഷം കോടി രൂപ) വിവിധ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അസോചമിന്റെ കണക്ക്. 2013-14ല്‍ രാജ്യത്തെ മൊത്തം ദേശീയ വരുമാനം 114 ലക്ഷം കോടി രൂപയാണ്. ഇതനുസരിച്ചു ദേശീയ വരുമാനത്തിനു തത്തുല്യമാകും ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം.
വളഞ്ഞ വഴികളിലൂടെ നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ട് സമ്പാദിക്കുന്നതാണ് കറുത്ത പണം. നികുതി വെട്ടിച്ച് സ്വരൂപിക്കുന്ന ഈ സമ്പാദ്യംസുതാര്യമായ അക്കൗണ്ടുകളില്‍ രേഖപ്പെടുത്താതെ രഹസ്യമായി വിദേശ ബാങ്കുകളില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. വന്‍കിട വ്യവസായികള്‍, കമ്പനിത്തലവന്മാര്‍, സിനിമാ ലോകത്തെ വമ്പന്മാര്‍, ഓഹരി ബ്രോക്കര്‍മാര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവരുടെയൊക്കെ കൈവശം കറുത്തപണം ധാരാളമുണ്ട്. വിദേശ ബേങ്കുകളിലാണ് ഇതിന്റെ ഗണ്യമായ പങ്കും. വിവരം ബേങ്കുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പിന്മേലാണ് ഇടപാടുകളെല്ലാം. സമീപകാലത്ത് അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായി സ്വിറ്റ്‌സര്‍ലന്റ് ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയതോടെ നിക്ഷേപകര്‍ മറ്റു പല രാജ്യങ്ങളിലേക്കും പണം മാറിയിരിക്കുകയാണ്.
വിദേശ ബേങ്കുകളില്‍ കുമിഞ്ഞുകൂടിയ ഇന്ത്യക്കാരുടെ കള്ളപ്പണം കണ്ടെത്തി തിരിച്ചെത്തിക്കുമെന്ന് പ്രകടനപത്രികയില്‍ ബി ജെ പി വാഗ്ദാനം ചെയ്തിരുന്നതാണ്. കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന യു പി എ സര്‍ക്കാറിനെ പ്രതിപക്ഷത്തിരിക്കെ ബി ജെ പി നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ട് വര്‍ഷത്തോളമായിട്ടും ഇക്കാര്യത്തില്‍ ആശാവഹമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എം ബി ഷാ അധ്യക്ഷനായി 11 അംഗ അന്വേഷണ സമിതിയെ നിയമിക്കുന്നതില്‍ ഒതുങ്ങിയിരിക്കയാണ് മോദി സര്‍ക്കാറിന്റെ ഇടപെടല്‍. അല്ലെങ്കിലും ഈ കുളിമുറിയില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ നഗ്നരാണെന്ന് നേരത്തെ തന്നെ വെളിപ്പെട്ടതാണല്ലോ. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കള്ളപ്പണക്കാരില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നവരാണ്. തിരഞ്ഞെടുപ്പു വേളയില്‍ വിശേഷിച്ചും. ഓരോ പാര്‍ട്ടിയും കണക്കില്‍ കാണിക്കുന്നതിന്റെ അനേക മടങ്ങ് വരും ഈ സംഖ്യകള്‍. ഈ സാഹചര്യത്തില്‍ കള്ളപ്പണക്കാരെ തൊടാനോ അവരുടെ സമ്പാദ്യം തിരിച്ചെത്തിക്കാനോ ആരെങ്കിലും മുതിരുമെന്ന് വിശ്വസിക്കുന്നത് മൗഡ്യമാണ്. രാജ്യത്തെ കള്ളപ്പണക്കാരുടെ എണ്ണവും സമ്പാദ്യവും അടിക്കടി വര്‍ധിച്ച് ഒരു സമാന്തര സമ്പദ് വ്യവസ്ഥയായി വളരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

LEAVE A REPLY

Please enter your comment!
Please enter your name here