ഒരു മിണ്ടാപ്പൂച്ചയും ചില രാഷ്ട്രീയ നാടകങ്ങളും

ഉമ്മന്‍ ചാണ്ടിയാരാ മോന്‍? തുടര്‍ച്ചയായി ജയിക്കുന്നതൊരു കുറ്റമാണോ? തുടര്‍ച്ചയായിട്ട് പോയിട്ട് ഒറ്റ പ്രാവശ്യം പോലും ജയിക്കാന്‍ കഴിയാത്ത എത്രയെത്ര ഉത്തരേന്ത്യന്‍ സിംഹങ്ങളാണ് എ ഐ സി സി ഓഫീസിലെ ഉപ്പും ചോറും തിന്ന് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്? കിംഗ്ആയില്ലെങ്കിലും കിംഗ്‌മേക്കര്‍ ആണെന്ന സങ്കല്‍പ്പത്തില്‍ സുഖശയനം നടത്തുന്ന ഈ വടക്കേന്ത്യന്‍ സിംഹങ്ങള്‍ ഈ കേരളപ്പുലിക്കു മുമ്പില്‍ അടിയറവു പറഞ്ഞു. ഒടുവില്‍ സോണിയക്കും മകനും മുമ്പില്‍ ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും ഹാജരാക്കി. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ചില പേരുകളൊക്കെ മകന്‍ വെട്ടിമാറ്റി ചില ചെറുപ്പക്കാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തു. വേല വേലപ്പനോട് വേണ്ട മോനെ, നീ നിന്റെ അമ്മയുടെ നോമിനിയായ വെറും ഒരു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണെങ്കില്‍ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതും 45 വര്‍ഷം തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്നും എം എല്‍ എയായ പുതുപ്പള്ളിക്കാരുടെ കുഞ്ഞുകുഞ്ഞ്.
Posted on: April 7, 2016 6:00 am | Last updated: April 7, 2016 at 12:21 am
SHARE

അധികാരത്തിന്റെ ഇടനാഴികളില്‍ അതിക്രമിച്ചു കടന്ന ഒരു പാവം മിണ്ടാപ്പൂച്ച ഒറ്റയടിക്ക് എത്ര പാല്‍ പാത്രങ്ങളാണ് തല്ലിയുടച്ചത്. അതിന്റെ ദുര്‍ഗന്ധം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപിച്ചിരിക്കുന്നു. മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ഉച്ഛിഷ്ടം എന്ന നിലയില്‍ പുറന്തള്ളുന്ന വല്ല മീന്‍ തലയോ എല്ലിന്‍ കഷണങ്ങളോ മാത്രം തിന്നു ദേഹം തടിപ്പിക്കുന്നു എന്നു ജനം ധരിച്ചുവെച്ചിരുന്ന ഈ സുന്ദരിപ്പൂച്ച ക്ലിഫ് ഹൗസിലെ വളര്‍ത്തുന്ന പൂച്ചയാണെന്നാണ് പാവം സെക്യൂരിറ്റി ജീവനക്കാര്‍ കരുതിയിരുന്നത്. അതല്ലേ ആ പൂച്ചയെ പുറത്താക്കാന്‍ ബ്ലാക്ക് ക്യാറ്റസ് എന്ന മുന്തിയ ഇനം പൂച്ചകളുടെ സേവനം ഒന്നും ആരും ആവശ്യപ്പെടാതിരുന്നത്. പലനാള്‍ കക്കുന്ന പൂച്ച എത്ര കേമിയായാലും ഒരുനാള്‍ പിടിക്കപ്പെടും. ജീവന്‍ അപകടപ്പെടും എന്നു വന്നപ്പോള്‍ പാവം മിണ്ടാപ്പൂച്ച 25 പേജുള്ള ഒരാത്മകഥ ജയിലില്‍ കിടന്നെഴുതി; കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടപ്പെട്ടവരെ ഏല്‍പ്പിച്ചു.
ആത്മകഥകള്‍ക്ക് നല്ല ഡിമാന്റുള്ള കാലമാണ്. എതെങ്കിലും ഒരു നല്ല പ്രസാധകന്റെ കൈയില്‍ അകപ്പെട്ടാല്‍ പൊടിപ്പും തൊങ്ങലും ചില അനുബന്ധ പഠനങ്ങളും ഒക്കെ ചേര്‍ത്ത ഒന്നാന്തരം ഒരു പുസ്തകമായി വികസിപ്പിച്ച് വായനക്കാരുടെ കൈയില്‍ എത്തിക്കുമായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മാത്രമല്ല കേന്ദ്ര അക്കാദമിയുടെ പോലും അവാര്‍ഡിന് തീര്‍ച്ചയായും ആ കൃതി പരിഗണിക്കപ്പെടുമായിരുന്നു. പറഞ്ഞിട്ടെന്ത്! കത്ത് കൊടുത്തുവിട്ടത് എത്രമേല്‍ വിശ്വസ്ഥന്‍ വശമായിട്ടും പ്രയോജനമുണ്ടായില്ല. അതെത്തേണ്ടിടത്ത് എത്തിയില്ല. കണച്ചികുളങ്ങര ജയിലില്‍ നിന്നും പുറപ്പെട്ട ഈ ലെറ്റര്‍ ബോംബിന്റെ യാത്ര തത്്‌സമയം തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രത്തിന്റെ കണ്ണില്‍ പെട്ടു. രായ്ക്കുരായ്മാനം 25 പേജുള്ള കത്ത് അപ്രതക്ഷ്യമാകുകയും പകരം മൂന്ന് പേജുള്ള ഒരു കത്ത് കോടതിയില്‍ എത്തുകയും ചെയ്തു. പ്രതിഫലമായി എല്ലാ കേസുകളിലും പണം നഷ്ടപ്പെട്ടവര്‍ക്കു പണം നല്‍കി ഒതുക്കി തീര്‍ത്തു കൊള്ളാമെന്നും പൂച്ചയെ സര്‍വ സ്വതന്ത്രയാക്കി പഴയപടി സൗരോര്‍ജ കച്ചവടത്തിന് പുറത്തുവിട്ടുകൊള്ളാമെന്നുള്ള ഉറപ്പു നല്‍കി. കുറേ പണമൊക്കെ തട്ടിപ്പില്‍ കുടുങ്ങിയ ചില ഭാഗ്യവാന്മാര്‍ക്ക് എത്തിച്ചുകൊടുത്തു. കൊടുത്തുകൊടുത്തു വന്നപ്പോഴാണ് മനസ്സിലായത് ഇതങ്ങനെ നികത്താവുന്ന ഒരു കിണറല്ലെന്ന്. കടലില്‍ കായം കലക്കിയതുകൊണ്ട് എന്തു പ്രയോജനം? ഇതിനകം പല തവണ മൊഴിമാറ്റം നടത്തിച്ച് പ്രതിയുടെ വിശ്വസനീയത നഷ്ടപ്പെടുത്തി. ഇതിനകം പെന്‍ഷന്‍ പറ്റി പണിയൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ഒരു ജഡ്ജിയെ പ്രതിപക്ഷത്തിന്റെ മുറവിളി മാനിച്ച് അന്വേഷണ കമ്മീഷനായി നിയമിച്ചു. കമ്മീഷന്‍ സിറ്റിംഗ് തുടര്‍ന്നു. ഖജനാവിലെ ലക്ഷങ്ങള്‍ തുലഞ്ഞു. നാടു ഭരിക്കുന്ന മുഖ്യമന്ത്രി കമ്മീഷനു മുന്നില്‍ ഹാജരായി 14 മണിക്കൂര്‍ നീണ്ട മൊഴിനല്‍കി. മൊഴിയുടെ സാരം ഇത്രമാത്രം. ഈ പൂച്ച തന്നോടൊപ്പം നില്‍ക്കുന്ന ഫോട്ടോകളൊക്കെ മാധ്യമങ്ങളില്‍ വന്നു എന്നത് ശരിതന്നെ. പക്ഷേ, താനീ പൂച്ചയെ അറിയില്ല. ഇതു തന്റെ വളര്‍ത്തു പൂച്ചയാണെന്നുള്ള ആരോപണം പച്ചക്കള്ളമാണ്. ഈ മൊഴി വിശ്വസിച്ചു തന്നെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചാല്‍ ഭരണ തുടര്‍ച്ചയുണ്ടാകും. അങ്ങനെ സംഭവിച്ചാല്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന എന്തു വരവും നല്‍കി അനുഗ്രഹിച്ചുകൊളളാം. സരിതയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു കമ്മീഷനു തോന്നി. കമ്മീഷനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സരിതക്കും. അപ്പോഴാണ് ഒരു പഴയ 25 പേജ് ലിഖിതത്തിന്റെ കാര്യം ഓര്‍മ വന്നത്. കമ്മീഷനു കൈമാറാന്‍ കരുതിവെച്ചിരുന്ന കത്ത് ഏഷ്യാനെറ്റിനു നല്‍കി. അതും തക്ക സമയത്ത്.
ഇങ്ങനെ ഒരു കത്തുണ്ടെന്നും അതു വായിച്ചിട്ടുണ്ടെന്നും അതിലെ പല വാക്കുകളും ഉച്ചരിക്കാനോ അച്ചടിക്കാനോ കൊള്ളാത്തതാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ ആര്‍ ബാലകൃഷ്ണ പിള്ളയും പി സി ജോര്‍ജും ഒക്കെ പറയുന്നത് കേട്ടു. ഈ കത്തുയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ ചാണ്ടിയില്‍ നിന്നു ചിലതൊക്കെ നേടാം എന്നു കരുതി, കടുത്ത വിലപേശലുകള്‍ തന്നെ ആര്‍ ബാലകൃഷ്ണപ്പിള്ളയും പി സി ജോര്‍ജും നടത്തി. ഇപ്പം ശരിയാക്കാം, ഇപ്പം ശരിയാക്കാം എന്ന കുതിരവട്ടം പപ്പുവിന്റെ ശൈലിയില്‍ സംസാരിച്ചതല്ലാതെ മുഖ്യമന്ത്രി ആര്‍ക്കും ഒന്നും ശരിയാക്കി കൊടുത്തില്ല. അവര്‍ അവരുടെ കാര്യം ശരിയാക്കാനുള്ള വഴി സ്വയം കണ്ടുപിടിച്ചു. പിള്ള മകന്‍ നടികര്‍ തിലകം ഗണേശകുമാറിനു കൊട്ടാരക്കരയില്‍ ഇടതു പക്ഷത്തെ മണിയടിച്ചു സീറ്റ് തരമാക്കി എടുത്തു. പി സി ജോര്‍ജിനു മുന്നില്‍ തുറക്കപ്പെടുമെന്നു പ്രതീക്ഷിച്ച ഇടതുപക്ഷ ശ്രീകോവില്‍ തുറന്നു കൊടുത്തില്ലെന്നതു മാത്രമല്ല ഈ പരിസരത്തൊന്നും കണ്ടുപോകരുതെന്നു താക്കീതും നല്‍കി.
ആകെക്കൂടി യു ഡി എഫിനു നല്ല കാലമാണ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ഒത്തുതീര്‍പ്പായി. പഴയ ഐയും എയും ഒരുമിച്ച് അയ്യേ (I A) കോണ്‍ഗ്രസ്് എന്നൊരു കോണ്‍ഗ്രസ് സജീവമായി കെ പി സി സി പ്രസിഡന്റ് ഡല്‍ഹിയിലെ സോണിയയിലും മകനിലും അളവറ്റു വിശ്വസിച്ചുകൊണ്ട് പാളയത്തില്‍ പട തുടങ്ങി. മൂന്നു മന്ത്രിമാരും രണ്ട് എം എല്‍ എമാരും എങ്കിലും മാറിനിന്നേ പറ്റൂ എന്നു ശഠിച്ചു. മന്ത്രിമാര്‍ കളങ്കിതരാണെന്നും വീണ്ടും ഒരു ജനവിധി തേടാന്‍ യോഗ്യരല്ലെന്നുമായിരുന്നു സുധീരന്റെ കണ്ടെത്തല്‍. അപ്പോഴാണ് പണ്ട് വയലാര്‍ രവിയും എ കെ ആന്റണിയും മുതല്‍ എം എം ഹസ്സന്‍ വരെയുള്ള കോണ്‍ഗ്രസുകാര്‍ ആവശ്യാനുസരണം ഉപയോഗിച്ചു മുഷിഞ്ഞ ഒരാദര്‍ശകുപ്പായം കെ പി സി സി ഓഫീസിലെ ഏതോ ഒരലമാരയില്‍ നിന്നും അദ്ദേഹം കണ്ടെത്തുന്നത്. അതെടുത്ത് വിശ്വാസ്ത അനുയായി ടി എന്‍ പ്രതാപനെ അണിയിച്ചു. പ്രതാപന്റെ പ്രസ്താവന വന്നു; മത്സരിക്കാനില്ല. തന്നിലും പ്രായം കുറഞ്ഞ യുവാക്കള്‍ക്കു വേണ്ടി താന്‍ മാറിനില്‍ക്കുന്നു. പ്രതാപന്റെ മാതൃക പിന്തുടര്‍ന്ന് കാല്‍ നൂറ്റാണ്ടും അര നൂറ്റാണ്ടും ഒക്കെ തുടര്‍ച്ചയായി ജനസേവനം നടത്തി ക്ഷീണിച്ചു മടുത്ത ചിലരൊക്കെ തിരഞ്ഞെടുപ്പു രംഗത്തു നിന്നും മാറിനില്‍ക്കുമെന്നു സുധീരന്‍ അങ്ങു കണക്കുക്കൂട്ടി. ഒടുവില്‍ മോരുണ്ടെങ്കില്‍ അല്‍പം ചോറുണ്ടു കളയാം എന്നു പറഞ്ഞ ആ നാടന്‍ കാരണവരുടെ അവസ്ഥയിലായി പ്രതാപന്‍. ഒടുവില്‍ മോരില്ലെങ്കിലും ചോറല്‍പം വിളമ്പിക്കോളൂ എന്നു പ്രതാപനു പറയേണ്ടി വന്നു. പോരാഞ്ഞിട്ട്, പ്രതാപന്‍ മത്സരിച്ചേ തീരൂ എന്ന സോണിയയുടെയും മകന്റെയും നിര്‍ബന്ധവും വന്നു ചേര്‍ന്നു. ഒടുവിലിതാ കേള്‍ക്കുന്നു അങ്ങനെ ഒരു നിര്‍ബന്ധവും ഉണ്ടായിട്ടില്ലത്രെ. പ്രതാപനിപ്പോഴും പെരുവഴി ശരണം.
ഉമ്മന്‍ചാണ്ടിയാരാ മോന്‍? തുടര്‍ച്ചയായി ജയിക്കുന്നതൊരു കുറ്റമാണോ? തുടര്‍ച്ചയായിട്ട് പോയിട്ട് ഒറ്റ പ്രാവശ്യം പോലും ജയിക്കാന്‍ കഴിയാത്ത എത്രയെത്ര ഉത്തരേന്ത്യന്‍ സിംഹങ്ങളാണ് എ ഐ സി സി ഓഫീസിലെ ഉപ്പും ചോറും തിന്ന് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്? കിങ് ആയില്ലെങ്കിലും കിങ്‌മേക്കര്‍ ആണെന്ന സങ്കല്‍പത്തില്‍ സുഖശയനം നടത്തുന്ന ഈ വടക്കേന്ത്യന്‍ സിംഹങ്ങള്‍ ഈ കേരളപ്പുലിക്കു മുമ്പില്‍ അടിയറവു പറഞ്ഞു. ഒടുവില്‍ സോണിയക്കും മകനും മുമ്പില്‍ ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും ഹാജരാക്കി. ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ചില പേരുകളൊക്കെ മകന്‍ വെട്ടിമാറ്റി ചില ചെറുപ്പക്കാരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തു. വേല വേലപ്പനോട് വേണ്ട മോനെ, നീ നിന്റെ അമ്മയുടെ നോമിനിയായ വെറും ഒരു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണെങ്കില്‍ ഞാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അതും 45 വര്‍ഷം തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു ഗിന്നസ് ബുക്കില്‍ പേരുചേര്‍ക്കപ്പെട്ട പുതുപ്പള്ളിക്കാരുടെ കുഞ്ഞുകുഞ്ഞ്. എന്റെ മണ്ഡലത്തിലെ സകല പഴയ പള്ളികളും പൊളിച്ച് പുതുപ്പള്ളികളാക്കി നാടിന്റെ വികസനം എന്ന ഒരേ ഒരു ലക്ഷ്യത്തോടെ ജീവിക്കുന്നവന്‍. ഊണും ഉറക്കവും ഉപേക്ഷിച്ച് 18 മണിക്കൂറും ജോലി ചെയ്യുന്നവന്‍. അങ്ങനെയെങ്കില്‍ -നീ വെട്ടിമാറ്റിയ പേരുകളോടൊപ്പം ധൈര്യമുണ്ടെങ്കില്‍ വെട്ടെടാ എന്റെ പേരും എന്നാക്രോശിച്ചുകൊണ്ട് ആറു ദിവസത്തെ ഡല്‍ഹി വാസം മതിയാക്കി നേരെ കേരളത്തിലേക്കു വിമാനം കയറി. രാഹുല്‍ ഗാന്ധി ഞെട്ടിപ്പോയി. ഇവനിട്ട് ഒരു പണി കൊടുത്തിട്ടു തന്നെ എന്നു തീരുമാനിച്ചു. ഉമ്മന്‍ ചാണ്ടി എഴുതിക്കൊടുത്ത പേരുകളില്‍ ഒന്ന് മാത്രം വിട്ടു സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു.തിരഞ്ഞെടുപ്പു കഴിയുവോളം സുധീരനു ഇനി കാര്യമായ പണികളൊന്നുമില്ല. സ്വസ്ഥം ഗ്രഹഭരണം. താന്‍ കളങ്കിതപ്പട്ടം നല്‍കി ആക്ഷേപ വിധേയരാക്കിയവര്‍ക്കു വേണ്ടി അദ്ദേഹം ഇനിയെങ്ങനെ തിരഞ്ഞെടുപ്പു പ്രചരണം നടത്തും? ഏതായാലും രണ്ടുപേരും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുമ്പോഴേക്കും പഴയ ആ കത്ത് ചാനലുകളില്‍ ഫഌഷ് ചെയ്തു തുടങ്ങി. ഇതിന്റെ പിന്നില്‍ ആരായിരിക്കാം? ഒടുവില്‍ തന്നോടു പിണങ്ങിപ്പോയ ആ ഗണേശകുമാരനായിരിക്കുമോ? ആര്‍ക്കറിയാം!
ഇങ്ങനെ പോയാല്‍ ഈ നാട്ടില്‍ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തും? രാഷ്ട്രീയക്കാരും മനുഷ്യരല്ലേ? അവര്‍ക്കും അമ്മ പെങ്ങന്മാരും ഭാര്യയും മക്കളും കൊച്ചു മക്കളുമൊക്കെയില്ലേ? തങ്ങളുടെ ഭര്‍ത്താവും അച്ഛനും മുത്തച്ഛനുമൊക്കെ ഇത്തരം വൃത്തിക്കെട്ടവന്മാരാണോ എന്നവരില്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഒരു സ്ത്രീക്കു എന്തും വിളിച്ചു പറയാമെന്നോ, ഏതു മാന്യന്മാരെയും ആക്ഷേപിക്കാമെന്നോ? അവര്‍ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കാനെങ്കിലും അവര്‍ക്കെതിരെ മനപൂര്‍വമായ അപവാദപ്രചരണത്തിനു കേസെടുത്ത് അവരെ ജയിയിലടക്കാന്‍ ഈ രാജ്യത്ത് നിയമമില്ലെന്നു വരുമോ? സരിതയുടെ കത്തില്‍ പേരുചേര്‍ക്കപ്പെട്ട മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ഒക്കെ അടുത്ത ബന്ധുക്കള്‍ ഈ ചോദ്യമാണ് ചോദിക്കുന്നത്.
സരിതയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒരു സിനിമയുടെ തിരക്കഥയില്‍ ചേര്‍ത്താല്‍ പോലും അസ്വഭാവികത ആരോപിക്കപ്പെടാം. നമ്മുടെ മന്ത്രിമാരുടെ സ്വകാര്യ സ്റ്റാഫിനാകെ അപമാനമാണ് പറഞ്ഞ കാര്യങ്ങള്‍. ഉന്നത നേതാക്കന്മാര്‍ക്കു പെണ്ണുങ്ങളെ കൂട്ടിക്കൊടുക്കുക എന്ന ജോലിമാത്രമാണിവന്മാര്‍ക്കുള്ളതെന്നല്ലേ ആ സ്ത്രീ ചാനലിന്റെ മൈക്കിനു മുന്നില്‍ നിന്നു പറഞ്ഞത്. കഷ്ടം. നമ്മുടെ നാടിങ്ങനെയൊക്കെയായിപ്പോയല്ലോ. ഭക്ഷണദാരിദ്ര്യം, വസ്ത്രദാരിദ്ര്യം -പാര്‍പ്പിട ദാരിദ്ര്യം ഇതൊക്കെ നമ്മള്‍ ഒരളവുവരെ പരിഹരിച്ചിരിക്കുന്നു. ഇനി ബാക്കിനില്‍ക്കുന്ന ഒരേയൊരു ദാരിദ്ര്യം ലൈംഗിക ദാരിദ്ര്യം മാത്രമാണെന്ന് സമൂഹിക ശാസ്ത്ര സര്‍വേകള്‍ പണ്ടേ പറഞ്ഞുവെച്ചതാണ്.
അധികാരവും രതിയും പണവും ബന്ധപ്പെട്ടു കിടക്കുന്നു വെന്നതാണ് മനഃശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. അമര്‍ത്തപ്പെട്ട രതിയുടെ ബഹിര്‍ഗമനമാണ് എല്ലാ സ്വേച്ഛാധിപതികളുടെയും പതനത്തിനു വഴിയൊരുക്കിയത്. സ്ത്രീകളെ മാത്രമല്ല അധികാരത്തെയും ബലാത്സംഗത്തിലൂടെ പ്രാപിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവര്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. നോര്‍മല്‍ സെക്‌സിന്റെ അഭാവം നമ്മുടെ രാഷ്ട്രീയക്കാരുടെ മനസ്സിളക്കുന്നുണ്ടാകും. സ്വഭാവികമായും രതിസാധ്യമല്ലാതെ വരുമ്പോള്‍ വഴിതെറ്റിയ രതിയിലേക്കു ആ സ്ത്രീകള്‍ വഴുതി പോകുന്നു. ജനങ്ങള്‍ ആദരിച്ചിരുന്ന പല രാഷ്ട്രീയ നേതാക്കളെയും സെക്ഷ്വല്‍ പെര്‍വേട്ടുകളാണെന്നു പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വോട്ടാര്‍ക്കു ചെയ്യണമെന്നാലോചിച്ച് തല പുണ്ണാക്കുന്നവര്‍ ഒരു കാര്യം തീരുമാനിക്കുക. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കള്‍ക്കു ജീവിതത്തില്‍ മതിയായ വിശ്രമം കിട്ടുന്നുണ്ടെന്നുറപ്പുവരുത്തുക. അവരെക്കൊണ്ട് അധികം ജോലി ചെയ്യിക്കാതിരിക്കുക. ഇത്രയേറെ ആധുനിക സൗകര്യങ്ങള്‍ ഉള്ള കാലത്ത് ഒരു എം എല്‍ എയും എം പിയും മന്ത്രിയും ഇങ്ങനെ ജനങ്ങളെ സേവിക്കാന്‍ വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കേണ്ടതില്ല. റോഡ് വെട്ടാനും കുളം കുഴിക്കാനും പാലം പണിയാനുമൊന്നും ഈ ജനപ്രതിനിധികളുടെ ആവശ്യമില്ല. അതിനായി നിയോഗിക്കപ്പെട്ട ഖജനാവില്‍ നിന്ന് കൂറ്റന്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന ഉദ്യോഗസ്ഥര്‍ അത്തരം ജോലി ചെയ്യട്ടെ. അവരതു ചെയ്യുന്നുണ്ടോ എന്നു വേണമെങ്കില്‍ ജനപ്രതിനിധികള്‍ പരിശോധിക്കട്ടെ. അത്തരം കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ വീട്ടില്‍ പറഞ്ഞുവിട്ടു വേറെയാളെ ആസ്ഥാനത്തു നിയമിക്കാന്‍ ജനനേതാക്കള്‍ക്കു കഴിയണം.
വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുകയല്ല ജനപ്രതിനിധികളുടെ ജോലി. അതിനു പരിശീലനം നേടിയ വിദഗ്ധരെ നമ്മുടെ സര്‍വകലാശാലകള്‍ വേണ്ടതിലേറെ പുറത്തു വിടുന്നുണ്ട്. ആ ജോലി അവര്‍ ചെയ്യട്ടെ. ജനപ്രതിനിധികള്‍ രാജ്യത്തിന്റെ ക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണത്തില്‍ വ്യാപൃതരാകേണ്ടതാണ്. നിയമസഭയും പാര്‍ലിമെന്റും ഒക്കെ കേവലം ഒച്ചപ്പാടുകളുണ്ടാക്കി ശ്രദ്ധപിടിച്ചു പറ്റാനുള്ള ചന്ത സ്ഥലങ്ങളല്ല. മറിച്ചു നിയമനിര്‍മാണ കേന്ദ്രങ്ങളാണ്. തങ്ങളുടെ ഒരു ജനപ്രതിനിധിയുടെ പേരു കൊത്തിവെച്ച എത്ര മാര്‍ബിള്‍ ഫലകങ്ങള്‍ മണ്ഡലത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടെന്ന് എണ്ണി നോക്കിയാകരുത് അവര്‍ക്ക് വോട്ടു ചെയ്യേണ്ടത്. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ അവര്‍ക്കെത്ര മാത്രം പ്രാവിണ്യമുണ്ടെന്ന് പരിശോധിച്ചിട്ടായിരിക്കണം. അവരുടെ തിരഞ്ഞെടുപ്പു ചിഹ്നം എന്തും ആയിക്കോട്ടെ തീര്‍ച്ചയായും പ്രായം ഒരു ഘടകമാണ്.
(കെ സി വര്‍ഗീസ്- 9446268581)

LEAVE A REPLY

Please enter your comment!
Please enter your name here