ഇലക്‌ട്രോണിക്‌സ് വിപണനമേളക്ക് കുതിപ്പായി ജൈറ്റക്‌സ്

Posted on: April 6, 2016 10:29 pm | Last updated: April 6, 2016 at 10:29 pm

jetexലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഐ ടി-ഇലക്‌ട്രോണിക്‌സ് പ്രേമികളുടെ മനസ്സ് നിറച്ച് ജൈറ്റക്‌സ് ഷോപ്പറിന്റെ മറ്റൊരു എഡിഷന്‍ കൂടി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ പര്യവസാനിച്ചു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഐ ടി, ഇലക്‌ട്രോണിക്‌സ് വിപണന മേളക്കാണ് മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ സാക്ഷ്യം വഹിച്ചത്. ആശ്ചര്യകരമായ വാഗ്ദാനങ്ങളോടെ നിരവധി കമ്പനികള്‍ എത്തിയപ്പോള്‍ വിസ്മയിപ്പിക്കുന്ന ഓഫറുകളില്‍ ആകൃഷ്ടരായി വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തി. ഇലക്‌ട്രോണിക്-ഐ ടി വിപണന രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ജൈറ്റക്‌സ് ഷോപ്പര്‍ 2016ന്റെ സ്പ്രിംഗ് എഡിഷന്‍ നടത്തിയത്.
നിരവധി പുതിയ ഉത്പന്നങ്ങളാണ് മേളയില്‍ അവതരിപ്പിച്ചത്. അതിശയകരമായ ഓഫറുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് നാല് ദിവസംകൊണ്ട് നടന്നത്. ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കുമായിരുന്നു ആവശ്യക്കാരേറെ. ഐ ഫോണുകളും ക്യാമറകളും വന്‍തോതില്‍ വില്‍പന നടത്തി.
ജൈറ്റക്‌സില്‍ പങ്കാളികളായ കമ്പനികളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ഹൈടെക് വ്യാപാരമേളയുടെ വളര്‍ച്ചക്ക് അനിവാര്യമായ ഒരു പ്ലാറ്റ്‌ഫോമാണ് ജൈറ്റക്‌സെന്നും 32 ശതമാനത്തിന്റെ വില്‍പനാ വളര്‍ച്ച ഇതുവഴി ലഭിച്ചെന്നും പ്രതീക്ഷിച്ച തുകയേക്കാള്‍ 15 ശതമാനം കൂടുതല്‍ ലാഭം നേടിയെന്നും ഇ-മാക്‌സ് സി ഇ ഒ നീലേഷ് ഭട്‌നഗര്‍ പറഞ്ഞു. അതിശയകരമായ ആധിപത്യമാണ് ജൈറ്റക്‌സിലൂടെ കൈവരിച്ചതെന്നും നാല് ദിവസംകൊണ്ട് 40 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും ഒ ബി ഐ മൊബൈല്‍സ് മാനേജിംഗ് ഡയറക്ടര്‍ അമിത് രൂപ് ചന്ദനി പറഞ്ഞു.
ജൈറ്റക്‌സില്‍ എത്തിയ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പ്രതികരണം വളരെ സന്തോഷമുളവാക്കുന്നതാണെന്നും വില്‍പനയില്‍ 30 ശതമാനം നേട്ടം കൊയ്‌തെന്നും ജൈറ്റക്‌സിന്റെ അടുത്ത എഡിഷനായി കാത്തിരിക്കുകയാണെന്നും ജാക്കി ഇലക്‌ട്രോണിക്‌സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മഹേഷ് ചോത്രാണി പറഞ്ഞു.
മേളയിലെത്തിയ സന്ദര്‍ശകരെല്ലാം പുതിയൊരു അനുഭവം നുകര്‍ന്നാണ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഗേറ്റ് കടന്നത്. ജൈറ്റക്‌സില്‍ ആദ്യമായാണ് സന്ദര്‍ശനം നടത്തുന്നത്, ഐ ഫോണ്‍ 6 വാങ്ങാനാണ് വന്നതെന്നും ഇവിടെ വന്നപ്പോള്‍ അതിശയകരമായ വിലക്കുറവ് കണ്ട് പുതിയൊരു ടാബ്‌ലെറ്റും വാങ്ങിയെന്ന് ദുബൈയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍ സൈമണ്‍ ബ്രാറ്റന്‍ പറഞ്ഞു. ആദ്യമായി ജൈറ്റക്‌സിനെത്തിയ തനിക്ക് അതിശയകരമായ ബണ്ടില്‍ ഓഫറാണ് കാണാന്‍ കഴിഞ്ഞതെന്നും സാംസംഗ് 4കെ ടി വി അടക്കം നിരവധി സാധനങ്ങള്‍ വാങ്ങിയെന്നും ഒക്‌ടോബറില്‍ വരാനിരിക്കുന്ന ജൈറ്റക്‌സിനായി കാത്തിരിക്കുകയാണെന്നും ഒമാന്‍ സ്വദേശി ഖാലിദ് ഇബ്‌റാഹീം പറഞ്ഞു. വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ വിലപേശി വാങ്ങാന്‍ കഴിഞ്ഞെന്നും ജൈറ്റക്‌സിന്റെ അടുത്ത എഡിഷനില്‍ തീര്‍ച്ചയായും വരുമെന്നും ഇമാറാത്തി വിസാം ഖല്‍ദൂന്‍ പറഞ്ഞു.
35,000 വ്യത്യസ്ത ഉത്പന്നങ്ങളാണ് ജൈറ്റക്‌സിലുണ്ടായിരുന്നത്. ടിക്കറ്റിനോടൊപ്പം നല്‍കുന്ന കൂപ്പണ്‍ പൂരിപ്പിച്ചിടുന്ന സന്ദര്‍ശകര്‍ക്കായി ‘വിസിറ്റ്&വിന്‍’ എന്ന ക്യാപ്ഷനോടെ ദിവസവും 50,000 ദിര്‍ഹമിന്റെ ക്യാഷ് പ്രൈസും നല്‍കി. എല്ലാ ദിവസവും ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ ‘ക്രേസി മിനിറ്റ്’ എന്ന പേരില്‍ ഗംഭീര ഓഫറുകളാണ് നല്‍കിയത്. ഭക്ഷണ പ്രേമികള്‍ക്കായി സ്മാര്‍ട് ഷെഫ് സീസണ്‍-1 എന്ന മത്സരവും ഒരുക്കിയിരുന്നു.
സന്ദര്‍ശകരിലെ ഭാഗ്യശാലികളിലൊരാള്‍ക്ക് അവസാന ദിവസം മിസ്തുബുഷി പജീറോ കാര്‍ നല്‍കി. കൂടാതെ മേള നടന്ന നാല് ദിവസങ്ങളിലായി 40 സാംസംഗ് ഗ്യാലക്‌സി എ 5 സ്മാര്‍ട്‌ഫോണുകള്‍ സമ്മാനമായി നല്‍കി.
സന്ദര്‍ശനം നടത്തുന്ന വിദ്യാര്‍ഥികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലു പേര്‍ക്ക് ദുബൈ അമിറ്റി യൂണിവേഴ്‌സിറ്റി 30,000 ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് നല്‍കി. ഡാന്‍സ് ആന്റ് വിന്‍ പരിപാടിയിലൂടെ സന്ദര്‍ശകരിലെ മികച്ച മൂന്ന് ഡാന്‍സര്‍മാരെ തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്തിന് 10,000, രണ്ടാം സ്ഥാനത്തിന് 5,000, മൂന്നാം സ്ഥാനത്തിന് 3,000 ദിര്‍ഹത്തിന്റെ ഇ-മാക്‌സിന്റെ വൗച്ചര്‍ സമ്മാനമായി നല്‍കി.
ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളില്‍ ഓഡിയോ ആന്റ് വീഡിയോ പ്രൊഡക്ട്റ്റ്, ഓഡിയോ ആക്‌സസറീസ്, ഓട്ടോമൊബൈല്‍ ഇലക്‌ട്രോണിക്‌സ്, ഹോം എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റംസ്, അക്വാസ്റ്റിക് എക്യുപ്‌മെന്റ് ആന്റ് സിസ്റ്റംസ് എന്നിവയാണ് വില്‍പനക്കുണ്ടായിരുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഘടകങ്ങള്‍, കീ ബോര്‍ഡ്, മൗസ്, പ്രിന്റര്‍ തുടങ്ങിയവയും, കാല്‍കുലേറ്റര്‍, മെമ്മറി ബാങ്ക്, കമ്പ്യൂട്ടര്‍ ഫര്‍ണിച്ചര്‍, ഡാറ്റ സ്റ്റോറേജ് മീഡിയ, ഡെസ്‌ക്‌ടോപ്പുകള്‍, ഡിജിറ്റല്‍ ഇമാജിംഗ്, ഡിജിറ്റല്‍ റസീവര്‍, ഡിജിറ്റല്‍ ടെക്‌നോളജി പ്രൊഡക്ട്‌സ്, പഠനത്തിനും പരിശീലനത്തിനുമായുള്ള ഇലക്‌ട്രോണിക് മീഡിയ, ഫൈബര്‍ ഒപ്റ്റിക്‌സ്, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റംസ്, ലാപ്‌ടോപ്പ്, ലോജിസ്റ്റിക്‌സ്, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ആക്‌സസറീസ്, നാവിഗേഷന്‍ സിസ്റ്റംസ്, നോട്ട്ബുക്, ഓണ്‍ലൈന്‍ റിസോഴ്‌സസ്, പാം ടോപ്‌സ്, പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ്, പോക്കറ്റ് പി സി തുടങ്ങിയവയാണ് വില്‍പനക്കുണ്ടായിരുന്നത്.
ജീവിതശൈലീ ഉത്പന്നങ്ങളില്‍ ക്യാമറ, ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍, ക്ലോക്കുകളും വാച്ചുകളും, ഡെന്റല്‍ കെയര്‍, ഇലക്‌ട്രോണിക് ഫാഷന്‍ ആക്‌സസറീസ്, സൗന്ദര്യവും ഭംഗിയും കൂട്ടുന്നതിനുപയോഗിക്കുന്ന വസ്തുക്കള്‍, ആരോഗ്യം നിലനിര്‍ത്തുന്നതിനായുള്ള ഉപകരണങ്ങള്‍, പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്കായുള്ള ഉപകരണങ്ങള്‍, വയര്‍ലസ് ഡിവൈസസ് എന്നിവയായിരുന്നു ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നത്.
ഗെയിമിംഗ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് പ്രേമികള്‍ക്കായി ആനിമേഷന്‍ ഡി വി ഡി, വി സി ഡി, എം പി3, ഇലക്‌ട്രോണിക് ഗെയിംസ്, മീഡിയ സൗണ്ട് കാര്‍ഡ്, വീഡിയോ ഗെയിംസ്, മൊബൈല്‍ ഗെയിംസ്, സിനിമകള്‍ തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്.
ഓഫീസുകളിലേക്കാവശ്യമായ ഇലക്‌ട്രോണിക് ഉത്പന്നങ്ങളില്‍ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍, സി സി ടി വി സുരക്ഷാ ക്യാമറകള്‍, ഫോട്ടോകോപ്പി മെഷീന്‍, പ്രിന്റര്‍, സ്‌കാനര്‍, വയര്‍ലസ് തുടങ്ങിയവയായിരുന്നു. വീട്ടുപകരണങ്ങളുടെ പവലിയനില്‍ എ സി, അടുക്കള ഉപകരണങ്ങള്‍, ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൈക്രോവോവന്‍, വെന്റിലേഷന്‍ സിസ്റ്റംസ് തുടങ്ങിയവയാണൊരുക്കിയിരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2013ല്‍ 1,23,720 പേര്‍ ജൈറ്റക്‌സില്‍ സന്ദര്‍ശനം നടത്തി. അന്ന് 9.3കോടി ദിര്‍ഹമിന്റെ വില്‍പനയാണ് നടന്നത്. 2014ആയപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 1,26,425 ആയി. വില്‍പന 10.1 കോടി ദിര്‍ഹമായി. 2015ല്‍ 1,35,210 പേരും സന്ദര്‍ശനം നടത്തി, 15 കോടി ദിര്‍ഹമിന്റെ വില്‍പനയും നടന്നു.
ജൈറ്റക്‌സിന്റെ വിവിധ മേഖലകളിലെ ഒഫീഷ്യല്‍ പാര്‍ടണര്‍മാരായി മിത്‌സ്ബുഷി മോട്ടോര്‍സ്, സിറ്റി 1016 റേഡിയോ, എമിറേറ്റ്‌സ് 24/7, അല്‍ ബയാന്‍, ഇമാറാത് അല്‍ യൗം, ദുബൈ ലൈഫ് ടി വി, ഷോപ്പിംഗ് ഇന്‍ഫര്‍മേഷന്‍ഡോട്ട് കോം, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റിംഗ്, ഐ ടി പി കസ്റ്റമര്‍ പബ്ലിഷിംഗ്, ആല്‍ഫ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്, ഫെഡ്എക്‌സ് എക്‌സ്പ്രസ് എന്നിവരാണ് പങ്കാളികളായത്.