സൗജന്യ അരി വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

Posted on: April 6, 2016 6:33 pm | Last updated: April 7, 2016 at 11:48 am
SHARE

sack-of-rice2സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച സൗജന്യ അരി വിതരണത്തിന് ഒടുവില്‍ ഉപാധികളോടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കരുതെന്നും കൊടുക്കുന്ന അരിയുടെ അളവ് വര്‍ധിപ്പിക്കരുതെന്നും കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. പദ്ധതിക്ക് സര്‍ക്കാര്‍ തലത്തില്‍ പ്രചരണം നല്‍കാനോ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനോ പാടില്ല. തുടങ്ങിയ ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നല്‍കാന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്.
ഇപ്പോള്‍ ഒരു രൂപക്ക് അരി ലഭിക്കുന്ന എല്ലാ ബി പി എല്‍ കുടുംബങ്ങള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യമായി അരി നല്‍കുമെന്നായിരുന്നു ഇത്തവണ ബജറ്റിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുമ്പു തന്നെ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇതിന്റെ തുടര്‍നടപടികള്‍ തടഞ്ഞതോടെ സൗജന്യ അരിവിതരണം ഈ മാസം ആദ്യം ആരംഭിക്കാനായില്ല.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ അടക്കമുള്ള രേഖകള്‍ സഹിതം പിന്നീട് വിശദീകരണവും നല്‍കി. കമ്മീഷനില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കമ്മീഷനില്‍ നിന്ന് അനുകൂലതീരുമാനമുണ്ടായി.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയായതിനാല്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ കമ്മീഷന് കത്തയച്ചിരുന്നു. എ എ വൈ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരിയും സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി.
ഇതില്‍ കഴിഞ്ഞ 21ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും കമ്മീഷന്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രിസഭ പരാതിയും നല്‍കിയിരുന്നു. കമ്മീഷന്റെ ആവശ്യപ്രകാരം സൗജന്യ അരിവിതരണ പദ്ധതിയുടെ വിശദ വിവരങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, നാല് ദിവസമായിട്ടും കമ്മീഷന്‍ മറുപടി നല്‍കാന്‍ കൂട്ടാക്കിയില്ല. കമ്മീഷനില്‍നിന്നും അനുകൂല തീരുമാനം ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സര്‍ക്കാറിന് എ ജിയുടെ നിയമോപദേശം കിട്ടിയിരുന്നു.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച രണ്ട് രൂപക്ക് അരി നല്‍കുന്ന പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് പദ്ധതി നടപ്പാക്കിയത്. ഇക്കാര്യവും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചിരുന്നു.
ജില്ലകളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ നിരീക്ഷണവും ഇക്കാര്യത്തില്‍ ഉണ്ടാകും.