സീറ്റ് വിഭജനത്തില്‍ അതൃപ്തി; മാണി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല

Posted on: April 6, 2016 2:57 pm | Last updated: April 7, 2016 at 9:29 am

k m maniതിരുവനന്തപുരം: സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎംമാണി യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. സീറ്റ് വിഭജനം ഫോണിലൂടെ പൂര്‍ത്തിയാക്കിയതിലും ഒരു സീറ്റെങ്കിലും കൂടുതല്‍ വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിലും പാര്‍ട്ടിക്കു പ്രതിഷേധമുണ്ട്. ഇതേ തുടര്‍ന്നാണ് കെ.എം.മാണി ഇന്ന് നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്് . പൂഞ്ഞാര്‍ സീറ്റ് വിഷയത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പാര്‍ട്ടിക്കെതിരേ പരസ്യമായി രംഗത്ത് വന്നതിലും കേരള കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

കേരള കോണ്‍ഗ്രസിന്റെ പിടിവാശി കൊണ്ടാണ് പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസിനു ലഭിക്കാതിരുന്നതെന്നും ലഭിച്ചിരുന്നെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാകുമായിരുന്നുവെന്നും കല്ലാനി പറഞ്ഞിരുന്നു. പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും കല്ലാനി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കല്ലാനിയുടെ പ്രതികരണം ശരിയായില്ലെന്നും ഇക്കാര്യം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും യുഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പ്രതികരിച്ചിരുന്നു.