Connect with us

Kannur

കണ്ണൂരില്‍ നിലനില്‍പ്പിനായി കടന്നപ്പള്ളിയും പാച്ചേനിയും

Published

|

Last Updated

ചെങ്കോട്ട എന്നു പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ജില്ലയില്‍ ഇടതിന് എന്നും ബാലികേറാമലയായ മണ്ഡലമാണ് ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലം. ഈ മണ്ഡലം പിടിക്കാന്‍ എല്‍ ഡി എഫ് പതിനെട്ടടവും പയറ്റിയെങ്കിലും ഇതുവരെ ലക്ഷ്യം കണ്ടില്ല. ഇത്തവണ ഇവിടെ അതിശക്തമായ മത്സരം നടക്കുമെന്നുറപ്പാണ്. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കുന്ന കടന്നപ്പള്ളി രാമചന്ദ്രനെ കണ്ണൂര്‍ പിടിച്ചെടുക്കാന്‍ ഇടതുപക്ഷം കളത്തിലിറക്കുമ്പോള്‍ കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ആദര്‍ശ യുവത്വമെന്നറിയപ്പടുന്ന സതീശന്‍ പാച്ചേനിയെ പോരിനിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് യു ഡി എഫ്. 2009 ലെ മണ്ഡലം പുനര്‍ നിര്‍ണയത്തില്‍ ഘടനയില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചുവെങ്കിലും അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിടെ യു ഡി എഫിന് തന്നെയായിരുന്നു വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ചില രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ണൂരിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് തിരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്ന് കണ്ടറിയണം.

കണ്ണൂര്‍ കോര്‍പറേഷന്റെ ഭാഗമായ പഴയ കണ്ണൂര്‍ നഗരസഭയും എടക്കാട്, ചേലോറ, എളയാവൂര്‍ പഞ്ചായത്തുകളും നിലവില്‍ പഞ്ചായത്തായി തന്നെ നിലനില്‍ക്കുന്ന മുണ്ടേരി പഞ്ചായത്തുമാണ് മണ്ഡലത്തില്‍ വരുന്നത്. പഴയ നഗരസഭയില്‍ യു ഡി എഫിന് മൃഗീയ ഭൂരിപക്ഷമാണുണ്ടായിരുന്നത്. എടക്കാട് പഞ്ചായത്തിലും യു ഡി എഫ് ഭരണമായിരുന്നു. ചേലോറ, എളയാവൂര്‍, മുണ്ടേരി എന്നിവിടങ്ങളില്‍ എല്‍ ഡി എഫിനാണ് മുന്‍തൂക്കം. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനയ്യായിരത്തിലധികം വോട്ടുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 1,59751 വോട്ടുകളുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 143181 വോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ പുതിയ വോട്ടര്‍മാര്‍ മണ്ഡലത്തിലെ വിധി നിര്‍ണയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.

KANNURതിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിച്ച് ചാവേര്‍ സ്ഥാനാര്‍ഥിയാകാനായിരുന്നു സതീശന്‍ പാച്ചേനിയുടെ ഇതുവരെയുള്ള നിയോഗം. എന്നാല്‍ ഇക്കുറി പതിവ് വേഷമഴിച്ചുവച്ചു മത്സരത്തിനൊരുങ്ങുകയാണ് നാല്‍പ്പത്തിയെട്ടുകാരനായ പാച്ചേനി.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂരില്‍ വോട്ട് തേടിയിറങ്ങുമ്പോള്‍ സതീശന് വേറൊരു വേഷപ്പകര്‍ച്ച കൂടിയുണ്ട്. വര്‍ഷങ്ങളായി അണിഞ്ഞുവന്ന എ ഗ്രൂപ്പ് കുപ്പായം അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ഐ ഗ്രൂപ്പ് ക്യാമ്പിലാണ് ഇനി പാച്ചേനിയുടെ വാസം. രാഷ്ട്രീയആത്മഹത്യക്ക് തയാറല്ലാത്തതുകൊണ്ടാണ് ഗ്രൂപ്പ് മാറ്റമെന്നാണ് സതീശന്റെ വിശദീകരണം.
പാച്ചേനിക്ക് സന്തോഷിക്കാന്‍ വകയുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ്‌വിലയിരുത്തല്‍. ഇത്തവണ കെ സുധാകരന്‍ മത്സരിക്കാന്‍ തീരുമാനിച്ച മണ്ഡലമായിരുന്നു കണ്ണൂര്‍. എന്നാല്‍ സി പി എമ്മില്‍ നിന്ന് തന്നെ കൈപിടിച്ചുകൊണ്ടുവന്ന സുധാകരന് വേണ്ടി മാറിക്കൊടുക്കാന്‍ അബ്ദുല്ലക്കുട്ടി തയാറായില്ല. അതോടെ സുധാകരന്‍ ജില്ല വിട്ട് ഉദുമയിലേക്കുപോയി. സതീശനെ ഗ്രൂപ്പ് മാറ്റിക്കൊണ്ടുവന്നു. എതിര്‍ഗ്രൂപ്പില്‍നിന്നു പ്രമുഖനായ നേതാവിനെ കൊണ്ടുവന്നതിനുപുറമെ അബ്ദുല്ലക്കുട്ടിയെ കണ്ണൂരില്‍നിന്ന് മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഈ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം.
മണ്ഡലത്തില്‍ അബ്ദുല്ലക്കുട്ടിക്ക് കഴിഞ്ഞ തവണ നല്ല സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ ആശങ്ക കൂട്ടുകയും ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും പരമ്പരാഗതമായി ഉറച്ചവോട്ടുകളുള്ള കണ്ണൂരില്‍ ഭയപ്പാടിന്റെ കാര്യം തെല്ലുമില്ലെന്നാണു യു ഡി എഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തഴക്കവും പഴക്കവുമുള്ള എഴുപത്തിയൊന്നുകാരനായ കടന്നപ്പള്ളി ആറാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇക്കുറി ചര്‍ച്ചയൊന്നും കൂടാതെതന്നെ കണ്ണൂര്‍ നല്‍കാമെന്ന് എല്‍ ഡി എഫ് പറഞ്ഞിട്ടും വേണ്ടെന്ന നിലപാടായിരുന്നു കടന്നപ്പള്ളിക്ക്. ഒടുവില്‍ മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ കടന്നപ്പള്ളി മത്സരിക്കാന്‍ തയാറാകുകയായിരുന്നു. എന്നാല്‍ ഇക്കുറി അട്ടിമറി നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ എല്‍ ഡി എഫ് സമനിലയില്‍ തളച്ചു. ഇതിന്റെ ആത്മവിശ്വാസത്തില്‍ എല്‍ ഡി എഫ് ഇക്കുറി ഇവിടെ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളും മറ്റും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ ജയം ഇത്തവണ കടന്നപ്പള്ളിയെത്തേടിയെത്തുമെന്നു തന്നെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച വിശ്വാസം. മാത്രമല്ല ലീഗില്‍ ഒരു വിഭാഗത്തിന് സതീശനോടുള്ള അകല്‍ച്ചയും കടന്നപ്പള്ളിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് എല്‍ ഡി എഫ് കണക്കുകൂട്ടുന്നു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ബി ജെ പി 4,563 വോട്ടും 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6,829 വോട്ടും നേടി. കണ്ണൂക്കര താണ സ്വദേശിയായ കെ ജി ബാബുവാണ് ബി ജെ പി സ്ഥാനാര്‍ഥി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. പയ്യാമ്പലം തീയ്യ സമുദായ ശ്മശാന കമ്മിറ്റി സെക്രട്ടറിയും നിരവധി ക്ഷേത്രകമ്മിറ്റികളുടെ ഭാരവാഹിയുമാണ്.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest