ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു;ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

Posted on: April 6, 2016 12:07 pm | Last updated: April 6, 2016 at 1:14 pm

SHOBHANA GEORGEകോട്ടയം: മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. തനിക്ക് യാതൊരു അംഗീകാരവുമില്ലാത്ത പാര്‍ട്ടിയില്‍ തുടരാനില്ലെന്ന് വ്യക്തമാക്കിയാണ് അവര്‍ പാര്‍ട്ടിവിട്ടത്. താന്‍ ചെങ്ങന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ശോഭന പറഞ്ഞു. പാര്‍ട്ടി വിടുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെയും അറിയിച്ചെന്ന് ശോഭന മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരില്‍ പ്രചാരണം തുടങ്ങിയ ശോഭന ജോര്‍ജ് കെട്ടിവയ്ക്കാനുള്ള പണം മണ്ഡലത്തിലെ സ്ത്രീകളില്‍ നിന്നാണ് ശേഖരിക്കുന്നത്. ചെങ്ങന്നൂര്‍ വികസന മുന്നണിയെന്ന പ്ലാറ്റ്‌ഫോമിലാണ് വോട്ട് തേടുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് സ്വതന്ത്രയായി മല്‍സരിക്കാന്‍ ശോഭന ജോര്‍ജ് നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി ഇടപെട്ട് അത് പിന്‍വലിപ്പിക്കുകയായിരുന്നു. അതിനാല്‍ ഇത്തവണ പാര്‍ട്ടി ചെങ്ങന്നൂരില്‍ അവസരം നല്‍കുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാല്‍ ഇക്കുറിയും കടുത്ത അവഗണനയാണ് ലഭിച്ചതെന്നും അതിനാലാണ് കോണ്‍ഗ്രസിനെ ഉപേക്ഷിച്ചെന്നും ശോഭന ജോര്‍ജ് വ്യക്തമാക്കി.