Connect with us

International

പനാമയിലെ കള്ളപ്പണ നിക്ഷേപം: ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

Published

|

Last Updated

പാരീസ്: പനാമ കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മുന്‍ദുര്‍ ഡേവിഡ് രാജി വെച്ചു. പ്രധാനമന്ത്രിയുടെ പേര് കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഐസ്‌ലാന്റ് പാര്‍ലമെന്റിന് മുന്നില്‍ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. സര്‍ക്കാരിനെതിരെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സിഗ്മുന്‍ദുര്‍ ഡേവിഡിന്റെ ആവശ്യം പ്രസിഡന്റ് തള്ളിയിരുന്നു.
അതേ സമയം കള്ളപ്പണം വെളുപ്പിക്കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെകയുടെ 11 മില്യന്‍ രഹസ്യരേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ അന്വേഷണം ആരംഭിച്ചു. മൊസാക് ഫൊന്‍സേക എന്ന സ്ഥാപനം കള്ളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയാണ് ചെയ്തുവരുന്നത്. ഒപ്പം കള്ളപ്പണം വെളുപ്പിക്കാന്‍ രേഖകളടക്കം ഉണ്ടാക്കി നല്‍കുകയും ഇതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ലോക തലത്തില്‍ അറിയപ്പെട്ട നിരവധി നേതാക്കളും സെലിബ്രിറ്റികളും നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അടുത്ത സഹായികള്‍, ചൈനീസ് നേതാവ് സി ജിന്‍പിംഗിന്റെ അടുത്ത ബന്ധുക്കള്‍, ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മുന്‍ദുര്‍ ഡേവിഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബന്ധു, പാക്കിസ്ഥാന്‍ നേതാക്കള്‍, ഉക്രൈന്‍ പ്രസിഡന്റ്, ബാഴ്‌സിലോണ ഫുട്‌ബോള്‍ ടീം അംഗം ലയണല്‍ മെസ്സി ഉള്‍പ്പെടെ 72 രാഷ്ട്രത്തലവന്‍മാരും മറ്റു പ്രമുഖരും പുറത്തുവിട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, വ്യവസായ ഭീമന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡി എല്‍ എഫിന്റെ പ്രമോട്ടറായ കെ പി സിംഗ്, ഇഖ്ബാല്‍ മിര്‍ച്ചി തുടങ്ങിയവരടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് പനാമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ബഹാമസിലെ ബി വി ഐലെ നാല് ഷിപ്പിംഗ് കമ്പനികളുടെ ഡയറക്ടറാണ് അമിതാഭ് ബച്ചന്‍. കമ്പനികള്‍ സ്ഥാപിച്ചത് 1993ലാണ്. 5000- 50,000 യു എസ് ഡോളര്‍ ആണ് ഈ കമ്പനികളുടെ മൂലധനമായി കാണിച്ചിരിക്കുന്നത്. എന്നാല്‍, ദശലക്ഷക്കണക്കിന് ഡോളറുകളുടെ വ്യാപാരമാണ് കമ്പനി നടത്തുന്നത്. ഡി എല്‍ എഫ് പ്രൊമോട്ടറായ കെ പി സിംഗ് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡുകളില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനി 2010ല്‍ സിംഗും ഭാര്യ ഇന്ദിരയെ സഹ ഓഹരി ഉടമയാക്കി വാങ്ങിയിരുന്നു. 2012ല്‍ മകന്‍ രാജീവ് സിംഗും മകള്‍ പിയ സിംഗും രണ്ട് കമ്പനികള്‍ കൂടി ആരംഭിച്ചെന്ന് രേഖകള്‍ പറയുന്നു.

എണ്ണൂറ് പേര്‍ക്കെതിരെ ആസ്‌ത്രേലിയ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അന്വേഷണം നടത്തുമെന്ന് ഫ്രാന്‍സും നെതര്‍ലന്‍ഡും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസാക് ഫൊന്‍സെക കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതായി സ്‌പെയിനിലെ നീതിന്യായ വകുപ്പ് അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തില്‍ കമ്പനി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അതേസമയം, രാജ്യത്തിന്റെ സത്‌പേര് നശിപ്പിക്കുന്ന രീതിയിലുള്ള നടപടികളെ പ്രതിരോധിക്കുമെന്നും പനാമ വ്യക്തമാക്കി. അന്താരാഷ്ട്ര അന്വേഷണങ്ങളുമായി രാജ്യം സഹകരിക്കുമെന്നും പനാമ പ്രസിഡന്റ് ഴാന്‍ കാര്‍ലോസ് പറഞ്ഞു.

മെസ്സിയുടെ കുടുംബം ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമാക്കി ഉള്ളതാണെന്നുമാണ് മെസ്സിയുടെ കുടുംബത്തിന്റെ പ്രതികരണം.
ഒരു ജര്‍മന്‍ ദിനപത്രത്തിനാണ് രഹസ്യ രേഖകള്‍ ചോര്‍ന്നുകിട്ടിയത്. ഇതേ തുടര്‍ന്ന് ഇന്റര്‍നാഷനല്‍ കണ്‍സോര്‍ട്ടിയം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്ന സംഘം ഇത് അന്താരാഷ്ട്ര തലത്തില്‍ നൂറിലധികം വാര്‍ത്താമാധ്യമങ്ങളുമായി പങ്കുവെക്കുകയുമായിരുന്നു. വരും ആഴ്ചകളില്‍ കൂടുതല്‍ രഹസ്യ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
140 രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങള്‍ രഹസ്യ രേഖയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ 12 പേര്‍ നിലവിലെ ഭരണാധികാരികളോ മുന്‍ രാഷ്ട്രത്തലവന്‍മാരോ ആണ്.

അതേ സമയം പനാമ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് പുറത്തുവന്ന രഹസ്യ രേഖകളിലെ വിവരങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചൈന പറഞ്ഞു. രഹസ്യ രേഖകള്‍ക്ക് കവറേജ് ലഭിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെ കുടുംബാംഗങ്ങള്‍ക്കും അതുപോലെ രാജ്യത്തെ ശക്തരായ മറ്റു നേതാക്കള്‍ക്കും പനാമയില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകുരടെ ചോദ്യത്തിന്, അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റെ പ്രതികരണം. പനാമ പേപ്പറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത് രാജ്യത്തെ മാധ്യമങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. പനാമ പേപ്പര്‍ എന്ന് ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ഇതിന് നിയമപരമായ സാധുതയില്ലെന്നും അതുകൊണ്ട് പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് പ്രതികരണം. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരിക്കാന്‍ ചൈനീസ് ഇന്റര്‍നെറ്റ് ദാതാക്കള്‍ മുന്നോട്ടുവന്നിട്ടില്ല.