Connect with us

Malappuram

ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

Published

|

Last Updated

കോട്ടക്കല്‍: ഹജ്ജ്, ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന കോട്ടക്കല്‍ ചൂനൂര്‍ പഞ്ചിളി അന്‍വര്‍ ഹുസൈന്‍ (30) ആണ് പിടിയിലായത്. 41പേരില്‍ നിന്നായി നാല് കോടിയോളം രൂപ തട്ടി എടുത്തെന്നാണ് പരാതി. കോഴിക്കോട് ഷാഡോ പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള തീര്‍ഥാടകരാണ് വഞ്ചിക്കപ്പെട്ടത്. ഒരാളില്‍ നിന്ന് 58,000 രൂപ വീതമാണ് തട്ടിയത്. ഹജ്ജ്, ഉംറ ഗ്രൂപ്പിന്റെ സബ് ഏജന്റായി പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കോട്ടക്കല്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പണം വാങ്ങിയ തീര്‍ഥാടകരോട് മംഗലാപുരത്ത് എത്താനായിരുന്നു നിര്‍ദേശം. ഇവിടെ എത്തിയവരോട് പിന്നീട് വിവിധ കാരണം കാണിച്ച് യാത്ര കരിപ്പൂരില്‍ നിന്നാണെന്ന് അറിയിച്ചു. കരിപ്പൂരില്‍ എത്തിയ തീര്‍ഥാടകര്‍ ഇയാളെ കാണാതെ വിഷമിച്ചു. പിന്നീടാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ പലരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവ ശേഷം മുങ്ങി നടന്ന ഇയാളെ കോഴിക്കോട് ഷാഡോ പോലീസ് പിടികൂടി കോട്ടക്കലിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി മുഹമ്മദ് ഹനീഫ, മോങ്ങം സ്വദേശി ഗഫൂര്‍ മൗലവി എന്നിവര്‍ പിടിയിലാകാനുണ്ടെന്ന് കോട്ടക്കല്‍ എസ് ഐ. മഞ്ജിത് ലാല്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി വിട്ട് കിട്ടാനാവശ്യപ്പെടുമെന്നും എസ് ഐ അറിയിച്ചു.