Connect with us

Alappuzha

സീറ്റ് നിഷേധിക്കപ്പെട്ട ഷുക്കൂറിനെ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനും ശ്രമം

Published

|

Last Updated

ആലപ്പുഴ:നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ എ എ ഷുക്കൂറിന്റെ ഡി സി സി പ്രസിഡന്റ് സ്ഥാനം തെറിപ്പിക്കാനും നീക്കം തുടങ്ങി. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരനായ ഷുക്കൂര്‍ രമേശ് ചെന്നിത്തലയുടെ അടുത്ത വിശ്വസ്തനായാണറിയപ്പെടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഈഴവ സമുദായത്തിന്റെ സഹായം ലഭിക്കുന്നതിന് വേണ്ടി ചെന്നിത്തല, ഷുക്കൂറിനെ കൈവിട്ടതോടെയാണ് സീറ്റ് ലഭിക്കാതെ പോയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ഷുക്കൂറിനെ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവശ്യമാണ് വെള്ളാപ്പള്ളി മുന്നോട്ട് വെച്ചിട്ടുള്ളതെന്നറിയുന്നു. ഇതിന്റെ പേരില്‍ താന്‍ പ്രതിക്കൂട്ടിലാകരുതെന്ന് കരുതി, പ്രസിഡന്റ് സ്ഥാനം തന്റെ സമുദായത്തില്‍ പെട്ടവര്‍ക്ക് നല്‍കേണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയതായാണറിവ്. ഹരിപ്പാട് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഈഴവ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുന്നിതിനായി വെള്ളാപ്പള്ളിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതിരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ചെന്നിത്തലയെന്ന് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയോട് ആഭിമുഖ്യമുള്ള ക്രൈസ്തവ സഭ കാര്യമായി പിന്തുണക്കാതിരുന്നതും എ ഗ്രൂപ്പിന്റെ നിശബ്ദതയും മൂലമുണ്ടായ പോരായ്മ പരിഹരിച്ചത് എസ് എന്‍ ഡി പി യോഗമാണെന്ന് ചെന്നിത്തല വിശ്വസിക്കുന്നു. ഇപ്പോഴത്തെ ബി ഡി ജെ എസ് സംസ്ഥാന ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഹരിപ്പാട് ക്യാമ്പ് ചെയ്ത് രമേശിന് വേണ്ടി വോട്ട് തേടിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ ഇംഗിതത്തിന് വഴങ്ങി, തനിക്കെതിരെ പ്രമേയം പാസാക്കുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന ഷുക്കൂറിനെ വെട്ടിമാറ്റണമെന്ന ആവശ്യം സാധ്യമാക്കാന്‍ ചെന്നിത്തല മുന്‍കൈയെടുക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലയിലെ അമ്പലപ്പുഴ, അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ നിന്ന് ഷുക്കൂറിന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചെങ്കിലും ഒരിക്കല്‍ പോലും പേര് പരാമര്‍ശിക്കാതെ ഒതുക്കാന്‍ ചെന്നിത്തല പ്രത്യേകം ശ്രദ്ധിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് തൊട്ടുമുമ്പ് തന്നെ ഷുക്കൂറിനെ ഡി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവായ വിശ്വനാഥപിളള എന്‍ എസ് എസ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. വിശ്വനാഥപിള്ളയെ നേരത്തെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം മുഴുവന്‍ സമയ രാഷ്ട്രീയം വിട്ട് എന്‍ എസ് എസ് രജിസ്ട്രാറായി ചുമതലയേല്‍ക്കുകയായിരുന്നു.
രജിസ്ട്രാര്‍ സ്ഥാനം രാജിവെച്ചത് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാനായിരുന്നെന്നാണ് പ്രചരിച്ചിരുന്നത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ അനിഷ്ടം സമ്പാദിച്ച പി സി വിഷ്ണുനാഥിനെ കൊട്ടാരക്കരയിലേക്ക് മാറ്റി വിശ്വനാഥപിള്ളയെ ഇവിടെ സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ എന്‍ എസ് എസ് രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് വിശ്വനാഥപിള്ള രാജിവെച്ചത് അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തിക്കാന്‍ രമേശ് ചെന്നിത്തല നടത്തിയ ചരടുവലിയുടെ ഭാഗമായാണെന്ന് വ്യക്തമായിരിക്കുകയാണ്. പക്ഷെ, ഇതിന് ബലിയാടാകേണ്ടത് പതിറ്റാണ്ടുകളായി ഒപ്പം നിന്ന ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍ ആണെന്ന് മാത്രം.
തിരുത്തല്‍വാദി രാഷ്ട്രീയത്തിന് തുടക്കമിട്ട ചെന്നിത്തലക്ക് ശക്തമായ പിന്തുണ നല്‍കിയ ആളാണ് ഷുക്കൂര്‍. സംസ്ഥാനത്തെ ഏഴ് തിരുത്തല്‍വാദികളില്‍ പ്രമുഖനായിരുന്നു ഷുക്കൂര്‍. മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനൊപ്പം കൈയിലുളള സ്ഥാനവും തട്ടിമാറ്റാനുളള മുന്നൊരുക്കത്തിലാണ് അഭ്യന്തര മന്ത്രി. വെളളാപ്പളളിയെ പ്രകോപിപ്പിക്കാന്‍ ശക്തമായി ഷുക്കൂറിനോട് ആവശ്യപ്പെട്ട ചെന്നിത്തല ഇപ്പോള്‍ ഷുക്കൂര്‍ വെളളാപ്പളളിയെ പ്രകോപിച്ചത് യു ഡി എഫിന്റെ വിജയസാധ്യത കളഞ്ഞുവെന്നാണ് വ്യാഖ്യാനിക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയുമായി സന്ധി സംഭാഷണത്തിനായി ചെന്നിത്തല കോണ്‍ഗ്രസ് നേതാവിനെ ചുമതലപ്പെടുത്തിയത്. ഇതിനായി പോയത് ഷുക്കൂറിന്റെ പഴയ എതിരാളിയും വെളളാപ്പളളിയുടെ അടുത്ത ആളുമായ അഡ്വ. സി ആര്‍ ജയപ്രകാശായിരുന്നു.
വെള്ളാപ്പള്ളിയുമായി സന്ധിയുണ്ടാക്കാന്‍ മുന്‍കൈയെടുത്ത ജയപ്രകാശിന് അരൂരില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഷുക്കൂറിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് ആര്‍ക്കും രണ്ടഭിപ്രായമില്ല.

---- facebook comment plugin here -----

Latest