പനാമ ലിസ്റ്റ്: നിക്ഷേപങ്ങളുടെ നിയമ സാധുത പരിശോധിക്കുമെന്ന് രഘുറാം രാജന്‍

Posted on: April 6, 2016 9:03 am | Last updated: April 6, 2016 at 9:03 am

raghuram rajanന്യൂഡല്‍ഹി: വിവിധ ഏജന്‍സികളുടെ സംയുക്താന്വേഷണത്തിലൂടെ പനാമ ലിസ്റ്റിലൂടെ പുറത്ത് വന്ന വിദേശ നിക്ഷേപങ്ങളുടെ നിയമ സാധുത പരിശോധിക്കുമെന്ന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. താര പ്രമുഖരും ബിസിനസ് വ്യവസായ പ്രമുഖരുമായ 500ാളം ഇന്ത്യാക്കാരുടെ പേരുകളാണ് പനാമ ലിസ്റ്റിലുണ്ടായിരുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ഏജന്‍സികളുടെ സംയുക്താന്വേഷണ സംഘത്തില്‍ റിസര്‍വ് ബേങ്കും ഭാഗമാണ്.

തങ്ങളും അന്വേഷണത്തിന്റെ ഭാഗമാണെന്നും, നിയപരമായി തന്നെ വിദേശത്ത് നിക്ഷേപം നടത്താമെന്ന കാര്യം ശ്രദ്ധിക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു. എല്‍ ആര്‍ എസ് സ്‌കീം വഴി വിദേശങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപിക്കാം. ഏതാണ് നിയമവിധേയമെന്നും ഏതാണ് നിയമവിരുദ്ധമെന്നും അറിയാനിരിക്കുന്നതേയുള്ളൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി ബി ഡി ടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്), ആര്‍ ബി ഐ, എഫ് ഐ യു (ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്) എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് സംയുക്ത അന്വേഷണ സംഘം.
പനാമയിലെ നിയമ സ്ഥാപനമായ മൊസാക് ഫൊന്‍സെകയില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളിലാണ്, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, തുടങ്ങിയ താരങ്ങളുടെയും വ്യവസായ പ്രമുഖരുടേയും വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്.