Connect with us

Kannur

കസ്തൂരിരംഗനും വിലയിടിവും മലയോര മേഖലയിലെ പ്രധാന ചര്‍ച്ച

Published

|

Last Updated

കണ്ണൂര്‍ :കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് ഇത്തവണ മലയോര മേഖലയില്‍ നിന്നുയരുന്ന പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം. റബ്ബര്‍ വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ കര്‍ഷക്കാര്‍ക്കായി പ്രഖ്യാപിച്ച ധനസഹായം വിതരണം ഇഴയുകയാണ്. പദ്ധതി പ്രഖ്യാപിച്ച ശേഷം കര്‍ഷകര്‍ക്ക് ലഭിച്ചത് നവംബര്‍ പകുതി വരെയുള്ള ഫണ്ട് മാത്രമാണ്.
റബ്ബര്‍ വിലയിടിവും ഉത്പാദനക്കുറവും മൂലം നിത്യചെലവിന് പണമില്ലാതെ ദുരിതം പേറുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായവും കൂടി വൈകുന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. നവംബര്‍ മുതല്‍ അഞ്ച് മാസത്തെ സഹായം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.
വില സ്ഥിരതാ പദ്ധതി പ്രകാരമുള്ള ധനസഹായം 2015 ജൂലൈ മുതലാണ് കര്‍ഷകര്‍ക്ക് ബേങ്ക് അക്കൗണ്ട് മുഖേന ലഭിച്ചു തുടങ്ങിയത്. എന്നാല്‍, നാല് മാസത്തെ വിതരണത്തിന് ശേഷം ധനസഹായം നിലക്കുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. നവംബര്‍ മാസത്തിന് ശേഷമുള്ള സഹായത്തിന് ബില്ലുകള്‍ നല്‍കി കാത്തിരിക്കുകയാണ് ആയിരക്കണക്കിന് കര്‍ഷകര്‍. നവംബര്‍ രണ്ടാം ഗഡുവും, ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ടില്ല. പദ്ധതി ആനുകൂല്യം എത്തിയോ എന്നറിയാന്‍ ബേങ്കുകളില്‍ കയറിയിറങ്ങുകയാണ് കര്‍ഷകര്‍. വിലയിടിവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിന് റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ മുഖേന പദ്ധതിയുടെ ആനുകൂല്യത്തിനായി ആയിരക്കണക്കിന് കര്‍ഷകര്‍ നാളിതുവരെയായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരു ഭാഗം കര്‍ഷകര്‍ക്ക് സഹായമൊന്നും ലഭിച്ചിട്ടുമില്ല.
2013ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിലെ ബംഗളൂരുവില്‍ നിന്നുള്ള പഠനസംഘം കൊട്ടിയൂര്‍ പൊട്ടന്‍തോട്ടില്‍ എത്തിയതോടെയാണ് ജനങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്. കേന്ദ്ര വനം ഉദ്യോഗസ്ഥരെ തടഞ്ഞ ആളുകള്‍ അവരുടെ വാഹനം കത്തിച്ചതോടെ ചുങ്കക്കുന്ന്, കൊട്ടിയൂര്‍, കേളകം പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകള്‍ കൊട്ടിയൂരിലേക്ക് പ്രവഹിക്കുകയും പോലീസ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ വ്യാപകമായി കത്തിക്കുകയും ചെയ്യുകയായിരുന്നു.
പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും അന്ന് അക്രമത്തിനിരയായി. സംഭവം രണ്ട് ദിവസം തുടര്‍ന്നതോടെ എസ് പിയും കലക്ടറും സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയെങ്കിലും 1000 ത്തിലധികം പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. എന്നാല്‍ അന്ന് സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കില്ലെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും 120 ലധികം പേര്‍ക്കതിരെ കോടതിയില്‍ നിന്ന് സമന്‍സ് വന്നതോടെ കര്‍ഷകര്‍ വീണ്ടും ആശങ്കയിലായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.
മലയോര കര്‍ഷകരുടെയും ആദിവാസി സമൂഹത്തിന്റേയും ഒരു വിലയിരുത്തല്‍ കൂടിയാകും മലയോര മേഖലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങള്‍. കാര്‍ഷികോത്പന്നങ്ങളുടെ വില തകര്‍ച്ചയും കര്‍ഷകന്റെ ദുരിതവും ഒരു പോലെ ചര്‍ച്ച വിഷയമാകുമെന്നുറപ്പ്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, പേരാവൂര്‍, ഇരിട്ടി മേഖലകളില്‍ ഇടത്തരം റബ്ബര്‍ കര്‍ഷകരാണ് കൂടുതലായുള്ളത്.
240 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് ഇന്നത്തെ വില നിലവാരമനുസരിച്ച് 100 രൂപയില്‍ താഴെയാണ്. ടാപ്പിംഗ്, ഷീറ്റാക്കല്‍, പുകപ്പുര, വിറക് ഇത്തരം ചെലവുകള്‍ കഴിഞ്ഞാല്‍ കര്‍ഷകന്റെ അടുപ്പില്‍ തീപുകയില്ല. തേങ്ങക്കും മറ്റ് കാര്‍ഷിക വിളകള്‍ക്കും വിലയില്ലാതായതോടെ മലയോരത്ത് കര്‍ഷകര്‍ നട്ടംതിരിയുന്നതിനിടെയാണ് നിയമസഭാ”തിരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ എസ് എന്‍ ഡി പി വോട്ടുകളും ഇത്തവണ നിര്‍ണായകമാവും. മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും എസ് എന്‍ ഡി പി ശാഖകള്‍ക്ക് ശക്തമായ വേരോട്ടമാണുള്ളതെന്നതാണ് ഈയൊരു വിലയിരുത്തലിനാധാരം.
അയ്യംകുന്ന്, ആറളം, പായം, കേളകം, ഇരിട്ടി, കണിച്ചാര്‍, കൊട്ടിയൂര്‍ പഞ്ചായത്തുകളാണ് എസ് എന്‍ ഡി പിയുടെ വോട്ട് ബേങ്കുകള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ആകെയുള്ള 1,45,437 വോട്ടില്‍ 1,16,318 വോട്ടാണ് പോള്‍ ചെയ്തത്. 56,151 വോട്ട് നേടി യു ഡി എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ് നിയമസഭയിലെത്തി. എതിര്‍ സ്ഥാനാര്‍ഥി എല്‍ ഡി എഫിന്റെ കെ കെ ശൈലജ 52,711 വോട്ടാണ് സ്വന്തമാക്കിയത്.
ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന പി കെ വേലായുധന്‍ 4055 വോട്ടും നേടി. വടക്കേ വയനാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെയാണ് പേരാവൂര്‍ മണ്ഡലത്തിന്റെ ഭാഗമായത്. ഇത്തവണ വിജയം ആര്‍ക്കായാലും എസ് എന്‍ ഡി പി വോട്ടുകള്‍ വിധിനിര്‍ണയത്തില്‍ അത്ഭുതം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ തവണ പേരാവൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന സി പി എമ്മിലെ കെ കെ ശൈലജ ഇത്തവണ കൂത്തുപറമ്പിലാണ് ജനവിധി തേടുന്നത്.