Connect with us

Kerala

സി കെ ജാനു എന്‍ ഡി എ സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു എന്‍ ഡി എയിലേക്ക്. സി കെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഊരു മുന്നണിയുടെ പ്രതിനിധിയായാണ് മത്സരിക്കുക. ജാനുവിനെ മത്സരരംഗത്തിറക്കാന്‍ ബി ജെ പി ദിവസങ്ങളായി ശ്രമിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായാണ് പട്ടികവര്‍ഗ സംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയിലെ സീറ്റ് ഒഴിച്ചിട്ടത്.
നേരത്തേ, തിരഞ്ഞെടുപ്പില്‍ സി കെ ജാനു ബി ജെ പിയുമായി സഹകരിക്കുമെന്ന് വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സി കെ ജാനു നിഷേധിച്ചിരുന്നു. ഒരുപാര്‍ട്ടിയുടേയും സ്ഥാനാര്‍ഥിയാകില്ലെന്നാണ് സി കെ ജാനു അന്ന് പ്രതികരിച്ചത്. ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നുവന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്നും ജാനു പറഞ്ഞിരുന്നു.
പൊതുസ്വീകാര്യത ലഭിക്കുന്നതിനായി അകന്നുനില്‍ക്കുന്ന ജനവിഭാഗങ്ങളില്‍പ്പെട്ടവരെ മത്സരരംഗത്തിറക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്രമഹാസഭയെ സമീപിച്ചത്. ജാനുവിനെ രംഗത്തിറക്കി ശക്തമായ ത്രികോണ മല്‍സരത്തിന്റെ പ്രതീതി സൃഷ്ടിക്കാനാവുമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍.
എന്നാല്‍, ബി ജെ പിയോടൊപ്പം ചേര്‍ന്ന് സി കെ ജാനു മത്സരിക്കുന്നതിനോട് ഗോത്ര മഹാസഭയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ബി ജെ പി മുന്നണി സ്ഥാനാര്‍ഥിയായി സി കെ ജാനു മത്സരിച്ചാല്‍ പിന്തുണക്കില്ലെന്ന് എം ഗീതാനന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകനും അരിപ്പ സമരനായകനുമായ ശ്രീരാമന്‍ കൊയ്യോനും ബി ജെ പിയുടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്‍ ഡി എയുടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഘടകകക്ഷികളുമായുള്ള തര്‍ക്കം കാരണമാണ് വൈകുന്നത്. ഇന്നോ നാളെയോ പട്ടിക പ്രഖ്യാപിക്കാനാവുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 30 സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. പത്തുസീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് പിസി തോമസ് വിഭാഗത്തിനും എല്‍ജെപിക്കുമായി നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ബി ജെ പി ശ്രമം. 20 സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍തന്നെ മത്സരിക്കും.

Latest